കാളിദാസിന്റെ വിവാഹം ഉടനെയില്ല! മാളവികയുടേത് എപ്പോൾ?, വെളിപ്പെടുത്തി അമ്മ പാർവ്വതി ജയറാം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ജയറാമിന്റേത്. ഭാര്യ പാർവ്വതിയും മക്കളായ കാളിദാസും മാളവികയുമെല്ലാം പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ ജയറാമിന്റെ കുടുംബം വലുതാവുകയാണ്. അധികം വൈകാതെ തന്നെ രണ്ടുപേർ കൂടി ജയറാമിന്റെ കുടുംബത്തിലേക്ക് എത്തും. രണ്ടു മക്കളും വിവാഹിതരാകാൻ ഒരുങ്ങുകയാണ്.
കഴിഞ്ഞ ആഴ്ചയാണ് മകൻ കാളിദാസിന്റെയും കാമുകി തരിണിയുടെയുടെ വിവാഹനിശ്ചയം ആഢംബരമായി നടന്നത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് ആരാധകർ ഇക്കാര്യം അറിഞ്ഞത്. പിന്നാലെ ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസും സന്തോഷവാർത്ത അറിയിച്ചിരുന്നു. കുറച്ചു നാൾ മുൻപാണ് താൻ പ്രണയത്തിലാണെന്ന കാര്യം കാളിദാസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ആദ്യം തരിണിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു പ്രണയത്തിലാണെന്ന സൂചന നൽകിയ നടൻ, പിന്നീട് വാലന്റൈൻസ് ദിനത്തിലുമൊക്കെയായി തരിണിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രണയത്തിലാണെന്ന് അറിയിക്കുകയായിരുന്നു. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് കാളിദാസിന്റെ ഭാവി വധു തരിണി കലിംഗരായര്‍. ചെന്നൈയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അതേ സമയം വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം അടുത്ത വർഷത്തേക്കെ ഉണ്ടാവുകയുള്ളുവെന്ന് കാളിദാസ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ കാളിദാസിന്റെ വിവാഹത്തിന് മുൻപ് മകൾ മാളവികയുടെ വിവാഹമുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാർവ്വതി ജയറാം. നടി കാര്‍ത്തിക നായരുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാർവ്വതി ഇക്കാര്യം പറഞ്ഞത്. ഷൂട്ടിംഗ് തിരക്കിലായിരുന്നതിനാല്‍ ജയറാം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. ഇത് പറഞ്ഞതിന് ശേഷം കാളിദാസിന്റെ കല്യാണം ഉടനെ ഉണ്ടാകുമോ എന്ന് ഒരു മാധ്യമപ്രവർത്തകൻ പാർവ്വതിയോട് ചോദിച്ചു, തുടർന്നാണ് കാളിദാസിന്റേത് ഉടനെയില്ല, മോളുടേത് കാണുമെന്നായിരുന്നു പാര്‍വതി പറഞ്ഞത്.
അടുത്തിടെയാണ് താനും പ്രണയത്തിലാണെന്ന സൂചന മാളവിക നൽകിയത്. ഭാവിവരന്റെ മുഖം കാണിക്കാത്ത തരത്തിലുള്ള ചിത്രങ്ങളായിരുന്നു ആദ്യം പങ്കുവെച്ചത്. പിന്നീട് താരപുത്രി കാമുകന്റെ മുഖം കാണുന്ന ചിത്രങ്ങളും പങ്കുവെച്ചു. ഇതുകൂടാതെ കാളിദാസിന്റെ വിവാഹനിശ്ചയത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. ജയറാമും കുടുംബവും ഒന്നിച്ചുള്ള ചിത്രങ്ങളിലെല്ലാം മാളവികയുടെ കാമുകനും ഇടംപിടിച്ചിരുന്നു. എന്നാൽ പങ്കാളിയുടെ പേരോ മറ്റ് വിശേഷങ്ങളോ മാളവിക ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരാണ് കക്ഷിയെന്ന ചോദ്യങ്ങൾ മാളവികയുടെ പോസ്റ്റിന് താഴെ ഇടം പിടിച്ചിരുന്നു.

എന്തായാലും അധികം വൈകാതെ തന്നെ മകളുടെ വിവാഹം നടത്താനുള്ള തീരുമാനത്തിലാണ് ജയറാമും പാർവ്വതിയുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. മാളവികയുടെ ഭാവിവരനെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനായി ഇനി നീണ്ട കാത്തിരിപ്പ് വേണ്ടിവരില്ല. അധികം വൈകാതെ തന്നെ വിവാഹനിശ്ചയവും ഉണ്ടായേക്കും. മുൻപൊരിക്കൽ ഇരുവരുടെയും വിവാഹം ഒരുമിച്ച് നടത്താനുള്ള ആഗ്രഹം ജയറാം പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരുമിച്ചായിരിക്കുമോ ഇവരുടെ വിവാഹമെന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. അതിനും ഒരു ഉത്തരമായിരിക്കുകയാണ് ഇപ്പോൾ.
അതേ സമയം അച്ഛനെയും അമ്മയെയും ചേട്ടനെയും പോലെ മാളവികയും വൈകാതെ അഭിനയത്തിലേക്ക് എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ കുറച്ചുകാലം മുൻപ് വരെ സജീവമായിരുന്നു. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ചക്കി (മാളവിക) സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ലെന്ന് കാളിദാസ് പറഞ്ഞിരുന്നു. വെറുതെ ഒന്നും ആർക്കും സിനിമയിലേക്ക് വരാൻ കഴിയില്ലല്ലോ. ഒരു ആർട്ടിസ്റ്റ് ആവണമെങ്കിൽ അതിന്റെതായ എഫോർട്ട് ഇടണം. വെറുതെ കളിയല്ല സിനിമ. ഇത് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അതിനോടുള്ള ഒരു ഡെഡിക്കേഷനും പാഷനുമൊക്കെ ഉണ്ടെങ്കിൽ ചക്കിയും തീർച്ചയായും വരും എന്നും കാളിദാസ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











