മഴവില്ലഴക്! ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായി ജനിക്കണമെന്ന് പേളി; പുതിയ ലുക്കിന് കയ്യടിച്ച് ലിസിയും
മലയാളത്തിലെ യുവനായികമാരിൽ പ്രധാനിയാണ് നടി പ്രയാഗ മാർട്ടിൻ. മോഹൻലാൽ ചിത്രം സാഗർ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായെത്തിയ പ്രയാഗ, നായികയായ ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായ ആയിരുന്നു പ്രയാഗയുടെ ചിത്രം. പിന്നീട് പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഫുക്രി, രാമലീല, ബ്രദേഴ്‌സ് ഡേ എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ മലയാള സിനിമയിലും തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു താരം.
അതിനിടെ അന്യഭാഷകളിലും സാന്നിധ്യമറിയിക്കാൻ പ്രയാഗയ്ക്ക് കഴിഞ്ഞു. ഇടക്കാലത്ത് സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേളയെടുത്ത പ്രയാഗ ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാവുകയാണ്. അതിനൊപ്പം പ്രയാഗയുടെ പുതിയ മേക്കോവറുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. രണ്ടു വർഷത്തെ ഇടവേളയ്‌ക്കിടെയാണ് പ്രയാഗ തന്റെ ലുക്കിലും സ്റ്റൈലിലുമെല്ലാം മാറ്റങ്ങൾ കൊണ്ടുവന്നത്. വസ്ത്രധാരണത്തിലും ഹെയർസ്റ്റൈലിലുമെല്ലാം പ്രയാഗ വരുത്തിയ മാറ്റങ്ങൾ ആരാധകരെ അമ്പരപ്പിച്ചിരുന്നു.

ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് നടി മുടിയിൽ വരുത്തിയ മാറ്റങ്ങളാണ്. മുടിയുടെ കളർ മാറ്റിയും ബ്രെയ്‌ഡ് ചെയ്തുമൊക്കെയാണ് പ്രയാഗ പ്രത്യക്ഷപ്പെട്ടത്. ആദ്യ വെള്ള നിറത്തിലേക്കും പിന്നീട് ഗോൾഡൻ നിറത്തിലേക്കുമെല്ലാം പ്രയാഗ തന്റെ മുടിയുടെ നിറം മാറ്റിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഹെയര്‍ സ്റ്റൈലില്‍ കിടിലന്‍ പരീക്ഷണം നടത്തിയിരിക്കുകയാണ് പ്രയാഗ മാർട്ടിൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇതിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്.
ഇത്തവണ മുടി അൽപം കളർഫുൾ ആക്കിയിരിക്കുകയാണ് പ്രയാഗ. മഴവില്ല് പോലെ പല നിറങ്ങളും ചേര്‍ത്താണ് പ്രയാഗ മുടി കളർ ചെയ്തിരിക്കുന്നത്. 'ഒന്നും മോശമായില്ല! എല്ലാം കുറച്ച് കളര്‍ഫുള്‍ ആയി' എന്ന് പറഞ്ഞാണ് പ്രയാഗ പുത്തൻ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ മുടിയിൽ പരീക്ഷണം നടത്തിയ പ്രയാഗയ്ക്ക് ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നിരുന്നു. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല.
എന്നാൽ ഇത്തവണ നെഗറ്റീവ് കമന്റുകളെക്കാൾ പോസിറ്റീവ് കമന്റുകളാണ് ഏറെയും. താരങ്ങൾ അടക്കം നിരവധി പേരാണ് പ്രയാഗയുടെ പുതിയ ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ലിസി, റിമ കല്ലിങ്കൽ, പേളി മാണി, അഭിരാമി എന്നിങ്ങനെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ വരെ പ്രയാഗയുടെ പുതിയ ലുക്കിന് കയ്യടിച്ച് എത്തിയിട്ടുണ്ട്. കൂട്ടത്തില്‍ നടിയും അവതാരകയുമായ പേളി മാണിയുടെ കമന്റാണ് ശ്രദ്ധ നേടുന്നത്.
'ലെ മറ്റു ആളുകളുടെ മുടി: ജനിക്കാണെങ്കില്‍ പ്രയാഗയുടെ മുടി ആയിട്ടു ജനിക്കണം. ഫുള്‍ പൊട്ടന്‍ഷ്യല്‍ അണ്‍ലോക്ക്ഡ്' എന്നാണ് പേളി കമന്റ് ചെയ്തത്. 'വളരെ കളർഫുൾ ആയത് എന്നൊന്നില്ല, ലോകത്തിന് കൂടുതൽ നിറങ്ങൾ ചേർത്തതിന് നന്ദി' എന്നായിരുന്നു നടി അഭിരാമി കുറിച്ചത്. ഇതുവരെ ചെയ്ത ഹെയർ സ്റ്റൈലുകളിൽ ഇതാണ് ഏറ്റവും നല്ലത് എന്ന ആരാധകരുടെ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. അതേസമയം പഴയ നാടൻ ലുക്ക് തന്നെയായിരുന്നു നല്ലതെന്ന് പറഞ്ഞ് എത്തുന്ന ചില ആരാധകരെയും കാണാം.

അതേ സമയം അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ മേക്കോവറിനെതിരെ വരുന്ന മോശം കമന്റുകൾക്കുള്ള പ്രതികരണം പ്രയാഗ നൽകിയിരുന്നു. ഞാൻ കീറിയ പാന്റിടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതുമെല്ലാം എന്റെ കാര്യമാണ്. മറ്റുള്ളവർക്ക് വേണ്ടി എന്തിനാണ് നമ്മുടെ സന്തോഷവും കംഫർട്ടും ഇല്ലാതാക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് ഞാൻ എന്റെ ഇഷ്ടത്തിനനുസരിച്ച് മാറിയത്.
അതിന്റെ ഭാഗമായാണ് ഞാൻ ഇഷ്ടമുള്ള വസ്ത്രങ്ങളെല്ലാം ഇടാൻ തുടങ്ങിയത്. ഇപ്പോൾ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ധരിച്ച് സ്റ്റൈലിൽ നടക്കുന്നു. അത് ആളുകൾ നല്ല രീതിയിൽ എടുത്താൽ സന്തോഷം. അല്ലെങ്കിൽ പോട്ടെ, അത്രമാത്രം. അതെനിക്ക് ഒരു പ്രശ്നമില്ല. എന്റെ ഫാഷൻ ചോയ്സിനെ ആരും ചോദ്യം ചെയ്യരുതെന്നാണ് പ്രയാഗ പറഞ്ഞത്.


Click it and Unblock the Notifications