ഉണ്ണി മുകുന്ദൻ അല്ല, ആ സിനിമയിൽ നായകനായി ആലോചിച്ചത് പൃഥ്വിരാജിനേയും മോഹൻലാലിനേയും; വെളിപ്പെടുത്തി സേതു
മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് നടൻ ഉണ്ണി മുകുന്ദൻ. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ കടന്നുവന്ന ഉണ്ണി മുകുന്ദന് ഇന്ന് മലയാള സിനിമയിൽ സ്വന്തമായൊരു ഇടമുണ്ട്. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ നടനായും നിർമ്മാതാവായുമെല്ലാം ഒരിടം കണ്ടെത്തി കഴിഞ്ഞു താരം. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിനെ പരിചയപ്പെട്ടതാണ് ഉണ്ണി മുകുന്ദന്റെ കരിയറിൽ വഴിത്തിരിവായത്.
2011 ൽ സൂപ്പർഹിറ്റ് സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതേവർഷം തന്നെ ബോംബേ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയായിരുന്നു നടൻ. എന്നാൽ ഉണ്ണി മുകുന്ദന്റെ കരിയറിൽ വഴിത്തിരിവായത് 2012ൽ പുറത്തിറങ്ങിയ മല്ലു സിംഗ് ആയിരുന്നു. കുഞ്ചാക്കോ ബോബൻ, മനോജ് കെ ജയൻ, ബിജു മേനോൻ എന്നിങ്ങനെ വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ നായക വേഷത്തിലെത്തിയത് ഉണ്ണിയാണ്.

യഥാർത്ഥത്തിൽ ഉണ്ണി മുകുന്ദൻ എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിക്കുകയായിരുന്നു മല്ലു സിംഗ്. ചിത്രത്തിൽ ഹർവീന്ദർ സിംഗ് എന്ന മാസ് കഥാപാത്രമായി ഉണ്ണി കയ്യടികൾ വാങ്ങിക്കൂട്ടി. പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ സ്വന്തമാക്കി. എന്നാൽ ഈ കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചതെന്ന് ഉണ്ണി മുകുന്ദനെ ആയിരുന്നില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് സേതു. മോഹൻലാലോ പൃഥ്വിരാജോ ആയിരുന്നു ആ സ്ഥാനത്തേക്ക് വരേണ്ടിയിരുന്നതെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
"ഞാൻ സ്വതന്ത്രനായി എഴുതിയ സിനിമയാണ് മല്ലു സിംഗ്. അൻവർ റഷീദ് ഡയറക്ഷൻ. ലാലേട്ടൻ ആണ് ഹീറോ ആകുന്ന സിനിമയ്ക്കായി ഞങ്ങൾ കഥ ഒരുക്കാനിരുന്നതാണ്. അന്ന് ലാലേട്ടന് പറ്റിയ കഥകൾ ആലോചിക്കുമ്പോൾ, മല്ലു സിങ്ങിന്റെ ത്രെഡ് ഞാൻ പറഞ്ഞിരുന്നു. അന്ന് ടൈറ്റിൽ ഇല്ല. പക്ഷേ അതിനോട് സച്ചിക്ക് പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല. സിനിമയ്ക്ക് വേണ്ടിയുള്ള സംഭവം ഇല്ലെന്ന രീതിയിലുള്ള തർക്കങ്ങൾക്ക് ഒടുവിൽ വേണ്ടെന്ന് വച്ചു.

അതേ സമയത്ത് തന്നെ റൺ ബേബിയുടെ എലമെന്റ് സച്ചിയും പറഞ്ഞിരുന്നു. അതെനിക്കും പൊരുത്തപ്പെടാൻ പറ്റിയില്ല. പക്ഷേ ഞങ്ങൾ സ്വതന്ത്രരായി കഴിഞ്ഞപ്പോൾ ഞാൻ ആദ്യം എഴുതുന്നത് മല്ലു സിംഗ് ആണ്. സച്ചി റൺ ബേബി റണ്ണും. ഭാഗ്യവശാൽ രണ്ടും ഹിറ്റ് ആയിരുന്നു. പൃഥ്വിരാജ് ആയിരുന്നു മല്ലു സിങ്ങിന്റെ ഫസ്റ്റ് ഓപ്ഷൻ. പൃഥ്വിരാജിനെ വച്ചാണ് എഴുതി തുടങ്ങുന്നത്.
രാജു ഫുൾ തിരക്കഥ വായിച്ച് കേട്ടതാണ്. പുള്ളി ഭയങ്കര എക്സൈറ്റെഡ് ആയിരുന്നു. പക്ഷേ ഹീറോ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഡേറ്റ് ക്ലാഷ് വന്നതിനാൽ അത് നടന്നില്ല. ഷൂട്ട് മാറ്റിവയ്ക്കാനും പറ്റില്ല. കാരണം പാട്ടിലൊക്കെയുള്ള പൂക്കൾക്കൊക്കെ ഉള്ള സീസൺ ആയിരുന്നു അത്. അങ്ങനെയാണ് ഉണ്ണി മുകുന്ദനെ അതിലേക്ക് കാസ്റ്റ് ചെയ്യുന്നത്", എന്നാണ് സേതു പറഞ്ഞത്.
2012ൽ ആണ് മല്ലു സിംഗ് റിലീസ് ചെയ്യുന്നത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ മനോജ് കെ ജയൻ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർക്കൊപ്പം സംവൃത സുനിൽ, മീര നന്ദൻ, രൂപ മഞ്ജരി, അപർണ നായർ, ശാലിൻ സോയ, സൂരജ് വെഞ്ഞാറമൂട്, ഗീത എന്നിങ്ങനെ വമ്പൻ താരനിരയും അഭിനയിച്ചിരുന്നു. എം ജയചന്ദ്രൻ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും അക്കാലത്ത് സൂപ്പർ ഹിറ്റായി മാറിയിരുന്നു.


Click it and Unblock the Notifications