അങ്ങനെ വീട്ടിലേക്ക് കയറിവരാമെന്ന് നിങ്ങൾ കരുതണ്ട, വിവരമറിയും; പൃഥ്വിരാജിന് സുപ്രിയയുടെ താക്കീത്!
മലയാള സിനിമയിലെ പവര്‍ കപ്പിളാണ് പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. പൃഥ്വിരാജിന്റെ കരിയറിലെ വിജയങ്ങൾക്കെല്ലാം പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വി സിനിമാ തിരക്കുകളുമായി ഓടി നടക്കുമ്പോൾ വീടിന്റെ ചുമതലയും ഒപ്പം തന്നെ പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ട് പോകുന്നത് സുപ്രിയയാണ്. പൃഥ്വിരാജിന്റെ ആദ്യ തെലുങ്ക് ചിത്രമായ സലാർ വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിൽ എത്തിയതിന് പിന്നിലും സുപ്രിയയുടെ കൈകളുണ്ട്.
തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് സലാർ. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് വമ്പൻ പ്രീ റിലീസ് ഹൈപ്പാണ് ലഭിച്ചത്. അതിനൊത്ത പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസിന് ശേഷവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ പ്രേക്ഷകർ കാണാത്ത പൃഥ്വിരാജിനെയാണ് വരദരാജ മന്നാർ എന്ന കഥാപാത്രമായി സലാറിൽ കാണുന്നതെന്നാണ് ആരാധകർ പറയുന്നത്. പൃഥിയുടെ മികച്ച വേഷങ്ങളിൽ ഒന്നായും ആരാധകർ വിശേഷിപ്പിക്കുന്നുണ്ട്.

അതിനിടയിൽ പൃഥ്വിരാജിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും അതിന്റെ അടിക്കുറിപ്പും അതിനു സുപ്രിയ നൽകിയ മറുപടിയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ പരിശ്രമം മുഴുവൻ സമർപ്പിച്ചു കൊണ്ടാണ് സംവിധായകൻ പ്രശാന്ത് നീൽ ഈ ബിഗ് ബജറ്റ് ചിത്രം തയാറാക്കിയത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പ്രൊഫഷണൽ ജീവിതവും പേഴ്സണൽ ജീവിതവും തമ്മിൽ ബാലൻസ് ചെയ്യുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പ്രശാന്ത് നീൽ സംസാരിച്ചിരുന്നു. അതിന്റെ വീഡിയോയാണ് പൃഥ്വി പങ്കുവെച്ചത്.
"ഞാനൊരു മോശം അച്ഛനും മകനും ഭർത്താവും സഹോദരനും ഹൊറിബിൾ സുഹൃത്തുമൊക്കെയാണ്. എല്ലാം ഞാൻ സിനിമയ്ക്കു വേണ്ടി ത്യജിച്ചു," എന്നാണ് പ്രശാന്ത് പറയുന്നത്. പ്രശാന്തിന്റെ വാക്കുകൾ പങ്കുവച്ചുകൊണ്ട്, "വാക്കുകൾ കൊണ്ട് ഞാൻ നല്ലവനാണെന്ന് എനിക്ക് തോന്നി... പക്ഷെ ഇതിനെന്ത് അടിക്കുറിപ്പ് നൽകണമെന്ന് എനിക്കറിയില്ല. ഒരു തരത്തിൽ എന്റെ അവസ്ഥയോട് സമാനം. ഞാൻ ഉദ്ദേശിച്ചത് നിനക്ക് അറിയാമല്ലോ!," എന്നാണ് പൃഥ്വി കുറിച്ചത്. സുപ്രിയയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു നടന്റെ പോസ്റ്റ്.

അതിന് കമന്റ് ഇടാൻ സുപ്രിയക്ക് അധികസമയം വേണ്ടിവന്നില്ല. ഒരു താക്കീത് രൂപത്തിലായിരുന്നു സുപ്രിയയുടെ കമന്റ്. "ഇതിവിടെ ഇട്ടെന്ന് വച്ച്, രണ്ടു ദിവസം കഴിഞ്ഞ് വീട്ടിലോട്ടു വരുന്നത് എളുപ്പമായിരിക്കും എന്ന് നിങ്ങൾ കരുതേണ്ട," എന്നായിരുന്നു സുപ്രിയക്ക് പറയാനുണ്ടായിരുന്നത്. നിമിഷം നേരം കൊണ്ടാണ് സുപ്രിയയുടെ കമന്റ് വൈറലായത്. ഇതാണ് യൂണിവേഴ്സൽ വൈഫ് റിയാക്ഷൻ, 'ലെ രാജുവേട്ടൻ: ജാങ്കോ നീയറിഞ്ഞോ, ഞാൻ പെട്ട്!' എന്നൊക്കെയുള്ള കമന്റുകളുമായി ആരാധകരുമെത്തി.
അതിനിടെ സുപ്രിയയുടെ കമന്റ് കണ്ട മിഥുൻ മാനുവൽ തോമസും ഒന്ന് പേടിച്ചു. ഇത് ഭാര്യയെ കാണിക്കാൻ ഉദ്ദേശിച്ചിരുന്നു. അപ്പോഴാണ് ഈ കമന്റ് ശ്രദ്ധയിൽപ്പെട്ടത് എന്നാണ് മിഥുൻ കമന്റ് ചെയ്തത്. അങ്ങനെ താനും തടികേടാവാതെ രക്ഷപെട്ടു എന്ന ധ്വനിയിലായിരുന്നു കമന്റ്. അതേ സമയം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നായി മാറുകയാണ് സലാർ. കഴിഞ്ഞ ദിവസം ചിത്രത്തിന് പൃഥ്വിരാജ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ടുകളൊക്കെ പുറത്തുവന്നിരുന്നു.
നാല് കോടിയാണ് പൃഥ്വിയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. ഇതിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. 100 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. ഇതിനുപുറമെ ചിത്രത്തിന്റെ മുഴുവൻ കളക്ഷന്റെ പത്ത് ശതമാനവും പ്രഭാസിന് ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നായികാ ശ്രുതി ഹാസൻ എട്ട് കോടിയാണ് പ്രതിഫലം.


Click it and Unblock the Notifications