'അന്ന് ആ ഓഫർ കണ്ട് ഞാൻ അതിശയിച്ചു; സിനിമ എനിക്ക് പറ്റിയ പണിയാണോ എന്ന് ചിന്തിച്ചിരുന്നു': പ്രിയ വാര്യർ
ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ്വിലെ 'മാണിക്യ മലരായ' എന്ന പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ ഒറ്റരാത്രി കൊണ്ടാണ് പ്രിയ താരമായി മാറുന്നത്. അതോടെ രാജ്യാന്തര തലത്തിൽ തന്നെ വിങ്ക് ഗേളായി അറിയപ്പെടുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ അടക്കം പ്രിയ ആഘോഷിക്കപ്പെട്ടു. എന്നാൽ അധികം വൈകാതെ തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്.
കണ്ണിറുക്കലിലൂടെ ലഭിച്ച ഹൈപ്പിനെ തുടർന്ന് ഇതരഭാഷകളിൽ നിന്ന് മികച്ച അവസരങ്ങൾ പ്രിയയെ തേടിയെത്തിയിരുന്നു. എന്നാൽ മലയാളത്തിൽ നിന്ന് മികച്ച അവസരങ്ങൾ ലഭിക്കാതിരുന്നത് തിരിച്ചടിയായി. ഇപ്പോഴിതാ, ഒരിടവേളയ്ക്ക് ശേഷം തുടർച്ചയായി സിനിമകൾ ചെയ്ത് മലയാളത്തിൽ സജീവമാവുകയാണ് പ്രിയ വാര്യർ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രഞ്ജിത്ത് ശങ്കർ ചിത്രം 4 ഇയേഴ്‌സിലൂടെ ആയിരുന്നു പ്രിയയുടെ തിരിച്ചുവരവ്.

ചിത്രത്തിലെ പ്രിയയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. അതിന് പിന്നാലെ വി.കെ. പ്രകാശ് ചിത്രമായ ലൈവിലൂടെ വീണ്ടും മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് താരം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആദ്യ സിനിമയ്ക്ക് ശേഷം തനിക്കുണ്ടായ ആശങ്കകളെ കുറിച്ചും അതിനെ മറികടന്നതിനെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് പ്രിയ.
അഡാർ ലവ് കഴിഞ്ഞ് തൊട്ടു പിന്നാലെ ചെയ്തത് വികെപിയോടൊപ്പം വിഷ്ണുപ്രിയ എന്ന ചിത്രമാണെന്ന് പ്രിയ പറയുന്നു. ആ സമയത്ത് എവിടെ നോക്കിയാലും എനിക്കെതിരേ ഒരുപാട് നെഗറ്റിവിറ്റിയും ഹേറ്റ് ക്യാമ്പയിനും മാത്രമായിരുന്നു. എനിക്ക് പറ്റിയ പണിയാണോ സിനിമ എന്നൊക്കെയുള്ള സെൽഫ് ഡൗട്ട് വന്നിരുന്ന സമയമായിരുന്നു അത്.
കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിനിമ. സിനിമ എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്നെക്കൊണ്ട് ഇത് ചെയ്യാൻ കഴിയുമോ എന്ന് അറിയണമല്ലോ എന്ന ചിന്തയായിരുന്നു അഡാർ ലവിന് ലഭിച്ച പ്രതികരണത്തിന് ശേഷമെന്ന് പ്രിയ പറയുന്നു.
ആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ ആലോചിച്ചിരുന്നു. അപ്പോഴാണ് വിഷ്ണുപ്രിയയുമായി സാർ വരുന്നത്. അന്ന് ആ ഓഫർ കണ്ട് ഞാൻ അതിശയിച്ചു പോയി. അദ്ദേഹത്തെ പോലെ എസ്റ്റാബ്ലിഷ്ഡ് ആയ സംവിധായകൻ എന്ത് കണ്ടിട്ടാണ് എന്നെ എടുത്തത് എന്ന ചോദ്യമായിരുന്നു മനസ്സിൽ.
പക്ഷേ സാർ നമുക്ക് ചെയ്യാം എന്ന് പറഞ്ഞ വിശ്വാസത്തിലാണ് ഷൂട്ടിനായി പോകുന്നത്. എന്നാൽ ആദ്യദിവസത്തെ ഷൂട്ട് വരെ എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്നുള്ള ടെൻഷൻ സാറിനും ഉള്ളതായി തോന്നി. പക്ഷേ ഫസ്റ്റ് ദിവസം ഷോട്ട് കഴിഞ്ഞിട്ട് സർ ഓടി വന്ന് എന്നോട് പറഞ്ഞത് ഇങ്ങനെ തന്നെ ചെയ്താൽ മതി അടിപൊളിയായി എന്നൊക്കെയാണ്.

സെൽഫ് ഡൗട്ടടിച്ചിരിക്കുന്ന സമയത്ത് ആയിരുന്നു സാറിന്റെ ആ എൻട്രി. അത് എനിക്ക് വലിയ ആത്മവിശ്വാസമാണ് തന്നത്. അന്ന് സാർ തന്ന ഫീഡ്ബാക്ക് എനിക്ക് വലുതായിരുന്നു. എനിക്ക് സിനിമ ചെയ്യാൻ പറ്റുമോ എന്നുള്ള എന്റെ സെൽഫ് ഡൗട്ട് മാറ്റിയത് വികെപി സാറാണെന്നും പ്രിയ പറഞ്ഞു.
അക്കാലത്തുണ്ടായ സൈബർ ആക്രമണങ്ങളെ മാനേജ് ചെയ്യാനൊന്നും താൻ ശ്രമിച്ചിട്ടില്ല എന്നാണ് പ്രിയ പറയുന്നത്. തുടക്കത്തിൽ ലഭിച്ച ഹൈപ്പിനെയും ആക്ടീവായി ഉപയോഗിച്ചിട്ടില്ല. അതിനെ കുറിച്ചൊന്നും ആലോചിച്ചില്ലായിരുന്നു. സിനിമ മേഖലയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയായിരുന്നു ഞാൻ. ഒരു ഗൈഡൻസും എനിക്ക് കിട്ടിയിരുന്നില്ല. അന്ന് തനിക്കെല്ലാം പുതിയതായിരുന്നു എന്ന് പ്രിയ പറയുന്നു.

എനിക്കെതിരെ ഹേറ്റ് ക്യാമ്പയിനും ട്രോൾസും വന്നിരുന്ന സമയത്ത് വിഷമിച്ചിരുന്നു. അന്ന് 18 വയസ്സായിരുന്നു പ്രായം. ഇതൊക്കെ ജോലിയുടെ ഭാഗമാണെന്നോ അത് കഴിഞ്ഞു പോകുമെന്നോ ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ പാരന്റ്സും സുഹൃത്തുക്കളും വലിയ പിന്തുണയാണ് നൽകിയതെന്നും പ്രിയ വാര്യർ പറഞ്ഞു. ഇന്ന് മോശം പറയുന്നവർ നാളെ നല്ലത് പറയുമെന്ന വിശ്വാസമുണ്ടായിരുന്നു അതിനായുള്ള കാത്തിരിപ്പിലായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, നാളെയാണ് വികെപിയുടെ ലൈവ് തിയേറ്ററുകളിൽ എത്തുന്നത്. പ്രിയയ്ക്ക് പുറമെ മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവർ ചിത്രത്തിലുണ്ട്. ഹിന്ദിയിൽ 3 മങ്കീസ്, യാരിയാൻ 2, ലവ് ഹാക്കേഴ്‌സ് തുടങ്ങിയ സിനിമകൾ പ്രിയയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











