മോഹന്‍ലാലും മമ്മൂട്ടിയും പോയാലും മലയാള സിനിമയുണ്ടാകും എന്ന് പറയുന്നത് മനുഷ്യത്വമില്ലായ്മ: പ്രിയദര്‍ശന്‍
മോഹന്‍ലാലിന്റെ മരക്കാര്‍ അടക്കം അഞ്ച് സിനിമകള്‍ ഒടിടി റിലീസ് ആയിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തീയേറ്റര്‍ ഉടമകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്ന മരക്കാറാനായി രണ്ട് വര്‍ഷത്തോളമായി ആരാധകര്‍ കാത്തു നില്‍ക്കകയായിരുന്നു. നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലോക്ക്ഡൗണും കൊറോണയുമൊക്കെ കാരണം റിലീസ് നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ തീയേറ്റര്‍ വീണ്ടും തുറന്നപ്പോഴേക്കം സിനിമയുടെ റിലീസ് ഒടിടിയിലായിരിക്കുകയാണ്.
ഈ വിഷയത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ തന്റെ നിലപാട് വ്യ്ക്തമാക്കിയത്. മരക്കാര്‍ തീയേറ്ററില്‍ കാണിക്കാന്‍ സാധിക്കാത്തതില്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് താനും മോഹന്‍ലാലും ആന്റണിയും തന്നെയാണെന്നും എന്നാല്‍ ആന്റണിയ്ക്ക് നഷ്ടം വരുത്താന്‍ തയ്യാറല്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ആന്റണി ഒന്നുമില്ലായ്മയില്‍ നിന്നാണ് ഇവിടെ എത്തിയത്. നന്നായി കഷ്ടപ്പെട്ടാണ് ഇതെല്ലാമുണ്ടാക്കിയത്. മരയ്ക്കാര്‍ എടുക്കുമ്പോള്‍ ആന്റണി പണയം വച്ചതു സ്വന്തം ജീവിതമാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. എന്നേയും ലാലിനേയും വിശ്വസിച്ചാണതു ചെയ്തത്. ഞാനും മോഹന്‍ലാലും ഒരു പൈസപോലും ഈ സിനിമയ്ക്കു പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും ലാഭം കിട്ടുമ്പോള്‍ എടുക്കാമെന്നാണു പറഞ്ഞതെന്നും പ്രിയദര്‍ശന്‍ ചൂണ്ടിക്കാണിക്കുന്നു.

രണ്ടു വര്‍ഷമായി പലിശയും കൂട്ടുപലിശയും നല്‍കി ഒരക്ഷരം പറയാതെ ഇരുന്ന ആ മനുഷ്യനെ തിരിച്ചു പഴയ ജീവിതത്തില്‍ തള്ളിയിടാന്‍ 'പടം തിയറ്ററില്‍ മതി ' എന്ന എന്റെയോ മോഹന്‍ലാലിന്റെയോ ഒരു വാക്കു മതിയായിരുന്നുവെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. എന്നാല്‍ ഞങ്ങളതു ചെയ്യില്ലെന്നും പഴയ അവസ്ഥിലേക്കു ആന്റണിയെ തള്ളിവിട്ടൊരു ആഘോഷം എനിക്കും ലാലിനും വേണ്ട എന്നും വ്യക്തമാക്കുകയാണ് പ്രിയദര്‍ശന്‍. ഇതു വലിയ സ്‌ക്രീനില്‍ കാണാന്‍ പറ്റാത്തതില്‍ തനിക്കും ആന്റണിക്കും ലാലിനുമുണ്ടായതുപോലുള്ള വേദനയൊന്നും മറ്റാര്‍ക്കുമുണ്ടാകില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

തിയറ്ററുകാര്‍ ഒന്നുകൂടി ഒത്തു ശ്രമിച്ചിരുന്നെങ്കില്‍ 'മരയ്ക്കാര്‍' തിയറ്ററില്‍ വരുമായിരുന്നുവെന്നാണ് പ്രിയദര്‍ശന്‍ അഭിപ്രായപ്പെടുന്നത്. ജയനും പ്രേംനസീറും ചത്തടിഞ്ഞിട്ടും മലയാള സിനിമ ബാക്കിയായെന്നും മോഹന്‍ലാലും മമ്മൂട്ടിയും പോയാലും അതുണ്ടാകുമെന്നും പറഞ്ഞ സംഘടനാ നേതാവിനോടു പറയാനുള്ളതു കുറച്ചു കൂടി മനുഷ്യത്വം കാണിക്കണമെന്നാണ്. ആ വാക്കുകള്‍ പൊറുക്കാന്‍ മലയാളത്തിനാകില്ലെന്നും പ്രിയദര്‍ശന്‍ പറയന്നു.. പട്ടിണി കിടന്ന ലൈറ്റ് ബോയ്ക്കും ചായ കൊടുക്കുന്ന പയ്യനും നഷ്ടമായതൊന്നും നിങ്ങള്‍ക്കു കോവിഡ് കാലത്തു നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഞങ്ങള്‍ ആന്റണിയെ ചേര്‍ത്തു നിര്‍ത്തുന്നതു സ്വന്തം ജീവിതം പണയം വച്ചു ഞങ്ങളുടെ സ്വപ്നത്തിന്റെ കൂടെ നിന്നതിനാണെന്നും അയാളുടെ തകര്‍ച്ച ആര്‍ക്കാണ് ആഘോഷിക്കേണ്ടതെന്നും പ്രിയദര്‍ശന്‍ ചോദിക്കുന്നു. തീയേറ്റര്‍ ഉടമകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രിയദര്‍ശന്‍ തുറന്നടിക്കുന്നത്. ആരു ചത്താലും തിയറ്ററും സിനിമയും ബാക്കിയാകുമെന്നു പറയുന്നതു ഏതു സംസ്‌കാരമാണെന്ന് അദ്ദേഹം ചോദിക്കുന്നു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചങ്ങനെ പറയാന്‍ എങ്ങനെ തോന്നിയെന്നുംഅദ്ദേഹം ചോദിക്കുന്നു. അതേസമയം തനിക്കാരോടും ദേഷ്യമില്ലെന്നും പക്ഷേ സംസ്‌കാരത്തോടെ പെരുമാറാനാകണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Recommended Video

ഇതൊരു കൂട്ടായ്മയാണെന്നും സ്വന്തം സാമ്രാജ്യമല്ലെന്നും ഓരോരുത്തരും തിരിച്ചറിയണം എന്നാണ് പ്രിയന്‍ പറയുന്നത്. ഒരാളും തകരാതെ നോക്കണമെന്നും അദ്ദേഹം പറയന്നു. ഞാന്‍ കേട്ട വാക്കുകള്‍ നമ്മുടെ സംസ്‌കാരമല്ലെന്നും മോഹന്‍ലാലിനെയോ പ്രിയദര്‍ശനെയോ ഒരുപക്ഷേ ഈ തകര്‍ച്ച ബാധിച്ചേക്കില്ല. പക്ഷേ ലൈറ്റ് ബോയ്‌സിനെപ്പോലുള്ള എത്രയോ പേരുടെ മുഖം ഈ കാലത്തു കണ്ടു. അവരുകൂടി ചേര്‍ന്നതാണു സിനിമയെന്നും അദ്ദേഹം പറയുന്നു. അല്ലാതെ നിര്‍മാതാവും തിയറ്ററും സംവിധാകനും നടനും മാത്രം ചേര്‍ന്നതല്ലെന്നും അദ്ദേഹം പറയുന്നു. തനിക്കു രണ്ടു തിയറ്ററുകളുണ്ട്. തിയറ്ററുകാരുടെ പ്രശ്‌നം മറ്റാരെക്കാളും തനിക്കുമറിയാമെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications