ദുല്‍ഖറിനെയോ കുറിപ്പിനെയോ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; വിവാദ പരാമര്‍ശത്തില്‍ പ്രിയദര്‍ശന്‍
മോഹന്‍ലാല്‍ ചിത്രം മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മരക്കാര്‍ അടക്കം അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒടിടിയിലൂടെയായിരിക്കും റിലീസ് ചെയ്യുക എന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരിക്കുകയാണ്. പിന്നാലെ പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശനും രംഗത്തെത്തി. ആന്റണിയ്ക്ക് നഷ്ടമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ആന്റണിയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയാണെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.
പിന്നാലെ തീയേറ്റര്‍ ഉടമകള്‍ക്കെതിരേയും പ്രിയദര്‍ശന്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ താന്‍ നടത്തിയൊരു പരാമര്‍ശത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയിലെ തന്റെ പരാമര്‍ശത്തിലാണ് പ്രിയദര്‍ശന്‍ വിശദീകരണവുമായി എത്തിയത്. നെറ്റ്ഫ്‌ളിക്‌സില്‍ വില്‍ക്കാന്‍ പറ്റാതെ വരുമ്പോള്‍ തീയേറ്ററില്‍ റിലീസ് ചെയ്തിട്ട് പറയും ഞങ്ങള്‍ അവിടുന്ന് തിരിച്ചുവാങ്ങി കൊണ്ട് വന്ന് തിയേറ്ററുകാരെ സഹായിച്ചു, അതൊന്നും ശരിയല്ലെന്നായിരുന്നു പ്രിയദര്‍ശന്റെ പ്രസ്താവന.

ഈ സംഭവം വിവാദമായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെക്കുറിച്ചായിരുന്നു പ്രിയദര്‍ശന്റെ പരാമര്‍ശം എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. ഇതോടെയാണ് പ്രിയദര്‍ശന്‍ വിശദീകരണവുമായി എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയദര്‍ശന്റെ വിശദീകരണം. പ്രിയദര്‍ശന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഇന്നലെത്തെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ നടത്തിയ പ്രസ്താവന നെറ്റ്ഫ്‌ളിക്‌സ്-തിയേറ്റര്‍ റിലീസുകളുമായി ബന്ധപ്പെട്ട ഒരു പൊതു അഭിപ്രായമായിരുന്നു. ഒരു സിനിമയുമായോ നടനുമായോ ബന്ധമില്ലായിരുന്നു. അതിനാല്‍, ദുല്‍ഖറിനെക്കുറിച്ചോ കുറുപ്പിന്റെ റിലീസിനെക്കുറിച്ചോ ഞാന്‍ ഒന്നും തന്നെ പരാമര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങളിലേക്ക് ആ വാക്കുകള്‍ വളച്ചൊടിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നായിരുന്നു പ്രിയദര്‍ശന്റെ ട്വീറ്റ്. സംവിധായകന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ആന്റണി ഒന്നുമില്ലായ്മയില്‍നിന്നാണ് ഇവിടെ എത്തിയത്. നന്നായി കഷ്ടപ്പെട്ടാണ് ഇതെല്ലാമുണ്ടാക്കിയതെന്നും മരയ്ക്കാര്‍ എടുക്കുമ്പോള്‍ ആന്റണി പണയം വച്ചതു സ്വന്തം ജീവിതമാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. എന്നേയും ലാലിനേയും വിശ്വസിച്ചാണതു ചെയ്തതെന്നും അദ്ദേഹം പറയുന്നു. പഴയ അവസ്ഥിലേക്കു ആന്റണിയെ തള്ളിവിട്ടൊരു ആഘോഷം എനിക്കും ലാലിനും വേണ്ട എന്നും വ്യക്തമാക്കുകയാണ് പ്രിയദര്‍ശന്‍. മരക്കാര്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ പറ്റാത്തതില്‍ തനിക്കും ആന്റണിക്കും ലാലിനുമുണ്ടായതുപോലുള്ള വേദനയൊന്നും മറ്റാര്‍ക്കുമുണ്ടാകില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു.

തിയേറ്റര്‍ ഉടമകളുടെ നിലപാടിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം. വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് മരക്കാര്‍. നേരത്തെ ചിത്രത്തിന്റെ റിലീസടക്കം പ്രഖ്യാപിച്ചിരുന്നു. മരക്കാറിന്റെ റിലീസിന് തൊട്ട് മുമ്പ് കൊവിഡും ലോക്ക്ഡൗണും വന്നതോടെയാണ് റിലീസ് നീണ്ടു പോയത്. മഞ്ജ വാര്യര്‍, സുനില്‍ ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, പ്രഭു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമായാണ് മരക്കാര്‍ വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്റെ ട്രെയിലറൊക്കെ തരംഗമായി മാറിയിരുന്നു. ചിത്രത്തെ തേടി ദേശീയ പുരസ്‌കാരവും എത്തിയിരുന്നു. അതിനാല്‍ തന്നെ മരക്കാര്‍ തീയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പ് വെറുതെയെന്ന് വ്യക്തമായിരിക്കുകയാണ്.
Recommended Video

മരക്കാറിന് പിന്നാലെ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായിരിക്കും നല്‍കുക എന്നും ആന്റണി ഇന്നലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍, വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് മരക്കാറിന് പിന്നാലെ ഒടിടിയിലെത്തുക. ആമസോണ്‍ പ്രൈമിലൂടെയാകും മരക്കാറിന്റെ റിലീസെന്ന സൂചനകള്‍ ലഭിച്ചിരുന്നു നേരത്തെ. നേരത്തെ ലോക്ക്ഡൗണ്‍ കാലത്ത് മോഹന്‍ലാലിന്റെ ദൃശ്യം 2 പുറത്തിറങ്ങിയതും ഒടിടിയിലൂടെയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും കൈകോര്‍ക്കുന്ന സിനിയമാണ് എലോണ്‍, ദൃശ്യം 2വിന്റെ വന്‍ വിജയത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ട്വല്‍ത്ത് മാന്‍.


Click it and Unblock the Notifications