എനിക്ക് ഷൈനെ ഭയങ്കര ഇഷ്ടമാണ്, ഇതുവരെ മോശമായി പെരുമാറിയിട്ടില്ല: പ്രതികരണം സ്‌പോട്ടിലാകണമെന്നും പ്രിയങ്ക
നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വിന്‍സി അലോഷ്യസ് പരാതി നല്‍കിയതും തുടര്‍ന്നുണ്ടായ സംഭവത്തിലും പ്രതികരണവുമായി നടി പ്രിയങ്ക അനൂപ്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. വിന്‍സി നടത്തിയ തുറന്നു പറച്ചിലെ അഭിനന്ദിച്ച പ്രിയങ്ക സെറ്റില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് പറയുന്നത്.
''എന്റെ നിലപാട് സ്‌പോട്ടില്‍ പറയുക എന്നതാണ്. കുറേ കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ എപ്പോഴും പുരുഷന്മാരുടെ കൂടെയാണ്. കാരണം പുരുഷന്മാരെ ഒരുപാട് വേട്ടയാടുന്നുണ്ട്. എപ്പോഴും പറയും സമത്വം വേണമെന്ന്. പീഡനക്കേസ് വരുമ്പോള്‍ സമത്വവും തുല്യതയും കാണില്ലല്ലോ. പുരുഷനെ മാറ്റി നിര്‍ത്തില്ലേ? സ്ത്രീയെ മാത്രം പിന്തുണയ്ക്കുകയുള്ളൂ. എന്ത് കാര്യമുണ്ടെങ്കിലും ആ സ്‌പോര്‍ട്ടില്‍ പ്രതികരിക്കണം. അപ്പോള്‍ തന്നെ തീര്‍ക്കാലോ നമുക്ക്.'' എന്നാണ് പ്രിയങ്ക പറയുന്നത്.

എന്നെ ഒരു പുരുഷന്‍ തൊട്ടാല്‍ ഞാന്‍ അപ്പോള്‍ പ്രതികരിക്കും. അല്ലാതെ കുറേനാള്‍ കഴിഞ്ഞ് കാണിച്ചു കൊടുക്കാം എന്ന പരിപാടിയില്ല. അതിനുള്ള ആരോഗ്യം നമുക്കില്ലേ. ചെയ്യാന്‍ പറ്റാത്ത ജോലി ചെയ്യാന്‍ പോകരുത്. പലവഴിക്കും നല്ല അറിവ് ഇന്ന് കിട്ടുന്നുണ്ട്. അപ്പോള്‍ നമുക്ക് ബോധം ഇല്ലാത്തതു കൊണ്ടല്ലല്ലോ. അതിനാല്‍ എന്തുണ്ടായാലും സ്‌പോട്ടില്‍ പ്രതികരിക്കുകയോ വേണ്ടപ്പെട്ടവരെ അറിയിക്കുകയോ ചെയ്യണമെന്നും പ്രിയങ്ക പറയുന്നു.
ആ കുട്ടി അറിയിക്കാന്‍ കാരണം അവര്‍ക്ക് പറയാന്‍ തോന്നിയതു കൊണ്ടാണ്. പക്ഷെ അവര്‍ അത് പരാതിയായി പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. നാളെ ആണെങ്കിലും ആരും ഇങ്ങനെ പെരുമാറരുത് എന്ന് പറഞ്ഞതാണ്. അതൊരു വാണിംഗ് ആണ്. ആ വാണിംഗ് സിനിമ മേഖലയ്ക്ക് നല്ലതാണ്. സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലാ മേഖയിലും ഇത്തരം സംഭവങ്ങളുണ്ട്. അതൊക്കെ സ്‌പോട്ടില്‍ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യണം. കുറേകാലം കഴിഞ്ഞിട്ട് എന്തിനാണ് പറയുന്നതെന്നും താരം ചോദിക്കുന്നുണ്ട്.
പിന്നെ പുരുഷന്മാരെ മാത്രം എന്തിനാണ് എപ്പോഴും കുറ്റം പറയുന്നത്. പുരുഷന്മാരെ കുറ്റം പറയാം. ഇഷ്ടപ്രകാരം പോയി ഓരോന്ന് ചെയ്തിട്ട് നാളെ അയ്യോ ഞാന്‍ പാവമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അതിനാല്‍ എന്ത് കാര്യമുണ്ടെങ്കില്‍ സ്‌പോട്ടില്‍ തന്നെ പ്രതികരിക്കണം. ഒരു പരാതി മതിയല്ലോ. ഒരു പുരുഷന്‍ നോക്കിയാല്‍ തന്നെ പരാതി കൊടുക്കാനാകുമെന്നും പ്രിയങ്ക പറയുന്നു.
ഞാന്‍ സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി. ഈ ഫീല്‍ഡില്‍ നിന്നും എനിക്ക് ഒരു ദ്രോഹവും ഉണ്ടായിട്ടില്ല. ദ്രോഹമുണ്ടാകാന്‍ ഞാന്‍ സമ്മതിക്കില്ല. അതുപോലെ ശ്രദ്ധിക്കണം. അപ്പോള്‍ അടുത്ത തലമുറ വരുമ്പോള്‍ ധൈര്യമായി സുഖമായി ജോലി ചെയ്യാന്‍ സാധിക്കും. അതിന് വേണ്ടിയാണ് നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ടതെന്നും പ്രിയങ്ക പറയുന്നു. ഷൈന്‍ ടോം ചാക്കോയെക്കുറിച്ചും പ്രിയങ്ക സംസാരിക്കുന്നുണ്ട്.

ഷൈന്‍ ഷൂട്ടിംഗ് സമയത്ത് പെര്‍ഫെക്ടാണ്. ഞാന്‍ ഈയ്യടുത്ത് കൂടെ അഭിനയിച്ചതാണ്. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ഡിഅഡിക്ഷന്‍ സെന്ററില്‍ കിടന്നിട്ടുണ്ടെന്ന്. അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്ത് അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ പറ്റിയാല്‍ അതാകും നല്ലതെന്നാണ് പ്രിയങ്ക അനൂപ് പറയുന്നത്. അതേസമയം ഈ സംഭവത്തിന്റെ പേരില്‍ മലയാള സിനിമയും താര സംഘടനയായ അമ്മയും തകരില്ലെന്നും പ്രിയങ്ക പറയുന്നുണ്ട്.
സിനിമാ മേഖലയെ തകര്‍ക്കാന്‍ സാധിക്കില്ല. എന്തൊക്കെ സംഭവിച്ചാലും ഒരുമയോടെ തന്നെ പോകും. അമ്മ സംഘടനയെ പലരും കുത്തും കോമയുമിട്ട് വിളിക്കുന്നുണ്ട്. ആ കുത്തും കോമയുമൊന്നും ആവശ്യമില്ല. ഞങ്ങളൊക്കെ അമ്മയുടെ മക്കളാണ്. അതിനെ തകര്‍ക്കാം എന്ന് വിചാരിക്കണ്ട. ഞങ്ങളൊക്കെ എന്ത് വില കൊടുത്തും അമ്മ സഘടനയുടെ കൂടെ നില്‍ക്കുമെന്നാണ് പ്രിങ്ക പറയുന്നത്.


Click it and Unblock the Notifications