മോഹൻലാലിന്റെ ആ സിനിമക്ക് പുലിമുരുകൻ വില്ലനായി; തിയേറ്ററിൽ ആളെ കയറ്റാൻ എന്ത് ചെയ്യുമെന്നായിരുന്നു ചിന്ത!
മോഹൻലാലിന്റെ കരിയറിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇറങ്ങിയ ശ്രദ്ധേയ സിനിമകളിൽ ഒന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. മോഹൻലാൽ - മീന കോംബോ ഒന്നിച്ച ചിത്രം സംവിധാനം ചെയ്തത് ജിബു ജേക്കബായിരുന്നു. 2017 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉയർന്നിരുന്നു.
അതിനു ശേഷം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുകയായിരുന്നു. ഇന്ത്യയിൽ 337 സ്‌ക്രീനുകളിലാണ് ആദ്യ ദിനം തന്നെ ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ മാത്രം 185 സ്‌ക്രീനുകളിൽ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ റിലീസ് ചെയ്തു.

കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം സാമ്പത്തികമായും നേട്ടമുണ്ടാക്കിയിരുന്നു. ഏകദേശം ഒരു മാസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ചിത്രം 38 കോടിയാണ് നേടിയത്. ചിത്രത്തിലെ പ്രകടനത്തിന് ആ വർഷത്തെ നാഷണൽ അവാർഡിൽ മോഹൻലാലിന് പ്രത്യേക ജൂറി അവാർഡും ലഭിച്ചിരുന്നു.
ഇപ്പോഴിതാ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ ചെയ്യുമ്പോൾ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ പി.ആർ.ഒ ആയിരുന്ന ആതിര ദിൽജിത്ത്. സൂപ്പർ ഹിറ്റായ പുലിമുരുകന് ശേഷം വരുന്ന മോഹൻലാൽ സിനിമ ആയിരുന്നു മുന്തിരിവള്ളികൾ തളിർക്കുമ്പോൾ.
അതുകൊണ്ട് തന്നെ അത്രയും വലിയ മാസ് സിനിമ കണ്ട പ്രേക്ഷകർക്ക് മുന്നിലേക്ക് ഇതുപോലൊരു കുടുംബ ചിത്രവുമായി വരുമ്പോൾ എങ്ങനെയുണ്ടാകും എന്ന ചിന്തയായിരുന്നു പ്രധാന വെല്ലുവിളിയെന്ന് ആതിര പറഞ്ഞു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ പ്രൊമോഷനും മറ്റും ചെയ്തതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ആതിര ഇക്കാര്യങ്ങൾ പറഞ്ഞത്.
ഞങ്ങൾ ഒന്ന് രണ്ട് പരസ്യങ്ങൾ ചെയ്ത് നിൽക്കുന്ന സമയമായിരുന്നു അത്. നിർമാതാവ് സോഫിയ പോളിന്റെ പനങ്ങാടുള്ള ഓഫിസിൽ അവിടുത്തെ പരസ്യത്തിന്റെ കാര്യം സംസാരിക്കാൻ പോയതായിരുന്നു ഞങ്ങൾ, അപ്പോഴാണ് സോഫിയ പോൾ അവരുടെ കയ്യിൽ ഇങ്ങനെ ഒരു സിനിമയുണ്ടെന്ന് എന്നോട് പറയുന്നത്.
അതിന് മുമ്പ് മോഹൻലാൽ ചെയ്ത സിനിമ പുലിമുരുകൻ ആയിരുന്നു എന്നതാണ് അപ്പോൾ എനിക്ക് മുന്നിൽ ഉണ്ടായ വെല്ലുവിളി. പുലിമുരുകൻ എന്ന മാസ് ചിത്രത്തിന്റെ ഹൈപ്പിൽ നിന്ന് മുന്തിരിവള്ളി പോലൊരു കുടുംബ ചിത്രം കാണാനായി പ്രക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കണം. അതിന് എന്തൊക്കെ ചെയ്യാനാകും എന്നാണ് ആലോചിക്കേണ്ടത്, ആതിര പറഞ്ഞു.
പരമ്പരാഗതമായി ചെയ്തുപോകുന്ന കാര്യങ്ങളിൽ നിന്ന് മാറി എന്ത് ചെയ്യാനാകും എന്ന ചിന്ത ആയിരുന്നു പിന്നീട് മുഴുവൻ. ഓഡിയോ ലോഞ്ചാണ് ആദ്യം നടത്തിയത്. മുന്തിരിയും ആ നിറവും പ്രമേയമാക്കി ഓരോന്ന് പ്ലാൻ ചെയ്തു. മോഹൻലാലിനും മീനക്കും മുന്തിരി നിറത്തിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. സി.ഡി വച്ച് റാപ്പ് ചെയ്യുന്ന രീതിവിട്ട് ഒരു കോൺസെപ്റ്റിൽ ആ പരിപാടി നടത്തി.

ആലോചനകൾ നടക്കുമ്പോൾ ചിത്രത്തിന്റെ ടാഗ് ലൈൻ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. മൈ വൈഫ് ഈസ് മൈ ലൈഫ് എന്നായിരുന്നു അത്. അങ്ങനെ ഓഡിയോ ലോഞ്ചിന് മുമ്പ് തന്നെ ഒരു കോണ്ടസ്റ്റ് അനൗൺസ് ചെയ്തു. മോഹൻലാലിന്റെ പേജിൽ ടാഗ് ലൈനിന്റെ അതേ പേരിൽ ആയിരുന്നു കോണ്ടസ്റ്റ്.
എന്റെ അറിവ് ശരിയാണെങ്കിൽ സോഷ്യൽ മീഡിയ ക്യാമ്പയ്നുകൾ ഒരു മലയാള സിനിമയുടെ പ്രൊമോഷന് ആദ്യമായി ഉപയോഗിച്ചത് എന്നായിരിക്കും. സാധാരണക്കാർക്കും മനസിലാകുന്ന തരം ചിന്തകൾ ആണ് ഞാൻ പലപ്പോഴും പ്രൊമോഷനിൽ ഉപയോഗപ്പെടുത്താറുള്ളത്. എത്ര വലിയ സിനിമയാണെങ്കിലും ആ രീതിയിൽ കാര്യങ്ങൾ ചെയ്താൽ വിജയിക്കും എന്നാണ് അനുഭവമെന്നും, ആതിര ദിൽജിത്ത് അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications