മമ്മൂട്ടി ചിത്രങ്ങൾ ജനങ്ങൾ കയ്യൊഴിഞ്ഞു, രക്ഷകനായത് ആ ചിത്രം; പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല!
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വിജയ ചിത്രങ്ങളിലൊന്നാണ് വല്ല്യേട്ടൻ. മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാറായും വല്യേട്ടനായുമൊക്കെ അറിയപ്പെടാൻ തുടങ്ങുന്നത് വല്യേട്ടൻ സിനിമയ്ക്ക് ശേഷമാണ്. അറക്കല്‍ മാധവനുണ്ണിയും സഹോദരന്മാരുടെയും കഥയുമായിട്ടെത്തിയ ചിത്രം ബോക്സോഫീസിൽ വമ്പൻ ഹിറ്റായി മാറുകയായിരുന്നു. ഇന്നും പ്രേക്ഷകർ ആഘോഷിക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങളിൽ ഒന്നാണ് അറക്കൽ മാധവനുണ്ണി.
ബ്ലോക്ബസ്റ്റർ ഹിറ്റായി മാറിയ നരസിംഹം എന്ന ചിത്രത്തിന് ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമയാണ് വല്യേട്ടൻ. അനിൽ അമ്പലക്കര, ബൈജു അമ്പലക്കര എന്നീ സഹോദരന്മാരാണ് ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പിന്നാമ്പുറ കഥകൾ പങ്കുവയ്ക്കുകയാണ് നിർമാതാക്കളിൽ ഒരാളായ അനിൽ അമ്പലക്കര. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ കുടുംബ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രഞ്ജിത്ത് ചിത്രത്തിന്റെ കഥ എഴുതിയതെന്ന് അനിൽ പറയുന്നു. 'എന്റെ സഹോദരൻ ബൈജുവും ഷാജി കൈലാസും രഞ്ജിത്തുമൊക്കെ സുഹൃത്തുക്കളാണ്. അവർ പല കഥകളും ഡിസ്കസ് ചെയ്യുന്ന സമയത്ത് സായ് കുമാറാണ് ഞങ്ങളുടെ കുടുംബ ചരിത്രം എടുത്തുകൂടെ എന്ന് ചോദിക്കുന്നത്. എന്റെ മൂത്ത സഹോദരൻ ജയകുമാറിനെ ഉദ്ദേശിച്ചാണ് സായ് കുമാർ ഇത് പറയുന്നത്. തുടർന്ന് രഞ്ജിത്ത് വിളിച്ച് സംസാരിച്ച് കഥ എഴുതുകയായിരുന്നു. ആ സിനിമയ്ക്ക് പിന്നിലെ കഥ അതാണ്',
'കഥ രൂപപ്പെട്ട് വന്നപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ അഞ്ച് സഹോദരങ്ങളും വരുന്ന ഒന്നായി മാറി. എന്റെ മൂത്ത ചേട്ടനെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. എല്ലാ കാര്യത്തിനും സഹോദരങ്ങളുടെ ഒപ്പം നിൽക്കുന്ന, എന്തെങ്കിലും പ്രശ്നമുണ്ടായാൽ മുന്നിൽ ഉണ്ടാകുന്ന കക്ഷി ആയിരുന്നു ആൾ. നാട്ടിലാണെങ്കിലും അങ്ങനെയാണ്', അനിൽ അമ്പലക്കര പറയുന്നു.
മമ്മൂട്ടി നിറംമങ്ങി നിൽക്കുന്ന സമയമായിരുന്നുവെന്നും വല്യേട്ടനാണ് മമ്മൂട്ടിക്ക് വലിയ ഹിറ്റ് നൽകുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 'രഞ്ജിത്-ഷാജി കൈലാസ് കോംബോ കത്തി നിൽക്കുന്ന സമയത്താണ് ഈ ചിത്രം വരുന്നത്. മമ്മൂക്ക അന്ന് എത്ര മെഗാസ്റ്റാർ സെറ്റപ്പിൽ നിൽക്കുന്ന സമയമല്ല. അൽപം ഡൗണായിരുന്നു. അന്ന് ബി ക്ലാസ്, സി ക്ലാസ് തിയേറ്ററുകളിലാണ് വലിയ രീതിയിലുള്ള കളക്ഷൻ വരുന്നത്',
'എന്നാൽ അവിടെയൊന്നും മമ്മൂട്ടിയുടെ സിനിമകൾ ഓടുന്നില്ലായിരുന്നു. ആ സമയത്താണ് വല്യേട്ടൻ വരുന്നത്. വല്യേട്ടൻ വലിയ സിനിമയായി മാറി. മലയാള സിനിമയിലെ വല്യേട്ടനായി മമ്മൂട്ടി മാറുന്നതും ആ സിനിമയിലൂടെയാണ്. അതിന് ശേഷം മമ്മൂട്ടിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മിക്ക സിനിമകളും വിജയം കണ്ടു', അദ്ദേഹം പറഞ്ഞു.\

'ചേട്ടന്റെ ഏകദേശ സ്റ്റൈലിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. വസ്ത്രധാരണവും മുടി ചീകുന്നതുമെല്ലാം അത്തരത്തിൽ ആയിരുന്നു. അദ്ദേഹം മമ്മൂട്ടിയെ കണ്ടിട്ടൊന്നുമില്ല. നമ്മുടെ കഥയാണ് എന്നതൊക്കെ മമ്മൂട്ടി പിന്നീടാണ് അറിയുന്നത്', അനിൽ അമ്പലക്കര പറഞ്ഞു.
അതേസമയം കണ്ണൂർ സ്‌ക്വാഡാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. പുതിയ നിയമം, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ വിജയരാഘവനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications