പിള്ളേരെ കുറച്ചുകൂടെ മര്യാദ പഠിപ്പിക്കണമെന്ന് പറഞ്ഞു; അഭിമുഖങ്ങളിൽ മക്കളെ കൂടെകൂട്ടാത്തതിന് കാരണം അത്: സാന്ദ്ര
സൂപ്പര്‍നാച്ചുറല്‍ ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയവരാണ് നിർമാതാവ് സാന്ദ്ര തോമസും മക്കളും. തങ്കക്കൊലുസ് എന്നാണ് സാന്ദ്ര മക്കളെ വിളിക്കാറുള്ളത്. തങ്കക്കൊലുസിന്റെ വിശേഷങ്ങളാണ് സാന്ദ്ര യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നത്. അടുത്തിടെയാണ് സാന്ദ്ര യൂട്യൂബ് ചാനൽ നിർത്തിയത്. മക്കളുടെ പഠനത്തെയും ഭാവിയെയും മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനമെന്ന് സാന്ദ്ര വ്യക്തമാക്കിയിരുന്നു. എങ്കിലും ഇൻസ്റ്റാഗ്രാമിലൂടെ മക്കളുടെ വിശേഷങ്ങൾ സാന്ദ്ര പങ്കുവയ്ക്കാറുണ്ട്.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിർമ്മാണത്തിൽ സജീവമാവുകയാണ് സാന്ദ്ര. സിനിമയുടെ തിരക്കുകളിലേക്ക് പോകുമ്പോഴും കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് സാന്ദ്ര തന്നെയാണ്. ഇടയ്ക്ക് അഭിമുഖങ്ങളിലെല്ലാം മക്കളുമായി സാന്ദ്ര എത്തിയിരുന്നു എന്നാൽ ഇപ്പോൾ മക്കളെ അഭിമുഖങ്ങൾക്ക് കൂടെ കൂട്ടാറില്ല. അതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സാന്ദ്ര. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്. യൂട്യൂബ് ചാനൽ തുടങ്ങാനുണ്ടായ കാരണത്തെ കുറിച്ചും സാന്ദ്ര സംസാരിച്ചു.

"സഹോദരിയായിരുന്നു ആദ്യം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. നിനക്ക് വേറെ പണിയൊന്നുമില്ലേ എന്നാണ് ഞാന്‍ അവളോട് ചോദിച്ചത്. എനിക്ക് വേണ്ടി നീയെന്തെങ്കിലും കണ്ടന്റ് ചെയ്യൂ എന്ന് പറഞ്ഞു. അങ്ങനെ അവള്‍ക്ക് വേണ്ടി ഞാന്‍ പിള്ളേരുടെ കൂടെ വീഡിയോ ചെയ്യുകയായിരുന്നു. അത് വൈറലായി. അതിന് ശേഷമാണ് എല്ലാവരും തങ്കക്കൊലുസിനെ അന്വേഷിച്ചു തുടങ്ങിയത്. പോസിറ്റീവായി എന്റെ പിള്ളേര്‍ ആളുകളെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയപ്പോഴാണ് കൂടുതല്‍ വീഡിയോ ചെയ്ത് തുടങ്ങിയത്", സാന്ദ്ര പറയുന്നു.
അവര്‍ക്ക് നാല് വയസ് കഴിഞ്ഞപ്പോഴാണ് ഇനി അധികം വീഡിയോ ചെയ്യേണ്ട എന്ന് തീരുമാനിക്കുന്നത്. ഇനിയുള്ള ജീവിതം എല്ലാവരും കാണേണ്ട കാര്യമില്ല, അവര്‍ക്ക് അവരുടേതായ പ്രൈവസി വേണമെന്ന് തീരുമാനിച്ചു. അമ്മയുടെ കണ്ടന്റ് ക്രിയേഷനിലൂടെയല്ല അവര്‍ അറിയപ്പെടേണ്ടത്. അവരുടെ കഴിവുകളിലൂടെ വേണം അവരെ ലോകം അറിയാന്‍ എന്ന് കരുതി. അങ്ങനെയാണ് വീഡിയോ ചെയ്യുന്നത് നിര്‍ത്തുന്നതെന്നും സാന്ദ്ര വ്യക്തമാക്കി.
അവരുടേതായ സ്വാതന്ത്ര്യത്തില്‍ വളരുന്നവരാണ് അവര്‍. വലിയ ആളുകളെ പോലെയാകും ചിലപ്പോൾ മറുപടി പറയുന്നത്. കുഞ്ഞുവായില്‍ വലിയ വര്‍ത്തമാനമെന്ന് പറഞ്ഞ് ആളുകള്‍ അവരെ ജഡ്ജ് ചെയ്‌തേക്കുമെന്നും സാന്ദ്ര പറയുന്നു. ഒരു ഇന്റര്‍വ്യൂയിന് പിള്ളേരെയും കൊണ്ട് പോയിരുന്നു. കുത്സു ഇങ്ങനെയാണ്, തങ്കം അതാണ്, പിള്ളേരെ കുറച്ചൂടെ മര്യാദ പഠിപ്പിക്കണം എന്നൊക്കെയാണ് അതിൽ വന്ന കമന്റുകള്‍. ഇനി പിള്ളേരേയും കൊണ്ട് അഭിമുഖത്തിന് പോവില്ലെന്ന് അതോടെ തീരുമാനിച്ചു. ആളുകള്‍ അവരെ ജഡ്ജ് ചെയ്യുന്നത് കാണുമ്പോള്‍ സങ്കടമാണ്.
മീഡിയയുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കണമെന്നൊക്കെ വേണമെങ്കില്‍ പറഞ്ഞ് കൊടുക്കാം. പക്ഷേ എന്തിനാണ് അങ്ങനെ ചെയ്യുന്നത്. അവര്‍ അവരായി തന്നെ നില്‍ക്കട്ടെ. കുറച്ച് കഴിയുമ്പോള്‍ അവരുടെ ക്യാരക്ടര്‍ സെറ്റായിക്കോളും. അവര്‍ക്ക് ഒത്തിരി പേരുടെ സ്നേഹം സോഷ്യല്‍മീഡിയയിലൂടെ കിട്ടി.
അത് ഹേറ്റിലേക്ക് എത്താനുള്ള സമയമായിട്ടില്ല. ഇനിയും വീഡിയോ ചെയ്യുന്നത് തുടര്‍ന്നാല്‍ അത് ഹേറ്റിലേക്ക് പോവും. പിള്ളേരെ മര്യാദ പഠിപ്പിക്കാക്കാനൊക്കെ ചിലപ്പോൾ പറയും. അവരുടെ പ്രൈവസി ശ്രദ്ധിക്കേണ്ട സമയമാണ്. അതുകൊണ്ട് കൂടിയാണ് ചാനൽ നിർത്താമെന്ന് തീരുമാനിച്ചതെന്നും സാന്ദ്ര പറയുന്നു.

അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ വളരെ പക്വതയുള്ളവരാണ് മക്കളെന്ന് സാന്ദ്ര പറയുകയുണ്ടായി. ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ അവർ ഒബ്സർവ് ചെയ്യും. താൻ ആരോടെങ്കിലും ദേഷ്യപ്പെട്ടാൽ അമ്മ വിട്ടുകൊടുക്കൂ എന്ന് പറയും. ടെൻഷനാണെങ്കിൽ അത് മനസിലാക്കി അവർ ഇങ്ങോട്ട് വന്ന് സംസാരിക്കും എന്നൊക്കെയാണ് സാന്ദ്ര മക്കളെ കുറിച്ച് വാചാലയായത്.
നല്ല നിലാവുള്ള രാത്രിയാണ് സാന്ദ്രയുടെ നിർമാണത്തിൽ എത്തുന്ന പുതിയ ചിത്രം. നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജൂൺ 30നാണ് റിലീസ്.


Click it and Unblock the Notifications











