മലയാളത്തിലെ ഒരു സിനിമയും നൂറ് കോടി കളക്ട് ചെയ്തിട്ടില്ല; തുറന്നടിച്ച് സുരേഷ് കുമാര്‍
നൂറും ഇരുന്നൂറും കോടികള്‍ ബോളിവുഡ് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ നേടുന്നത് പതിവാണ്. എന്നാല്‍ അതൊക്കെ കാണുമ്പോഴും മലയാളത്തില്‍ നൂറ് കോടിയെന്നത് പലരുടേയും സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല. എന്നാല്‍ കാലം മാറിയപ്പോള്‍ മലയാള സിനിമയും അമ്പതും നൂറും നൂറ്റമ്പതും കോടി ക്ലബ്ബുകളിലേക്ക് എത്തിപ്പെട്ടു. ഈയ്യടുത്തിറങ്ങിയ ബിഗ് ബജറ്റ് സിനിമകളില്‍ ചിലതൊക്കെ നൂറ് കോടി എന്ന മാന്ത്രിക നമ്പര്‍ മറി കടന്നവരാണ്.
എന്നാല്‍ ഇങ്ങനെ പുറത്ത് വിടുന്ന കളക്ഷന്‍ റെക്കോര്‍ഡുകളുടെ ആധികാരികത എപ്പോഴും സംശയത്തിന്റെ മുനയിലാണ്. ഇപ്പോഴിതാ ഇതില്‍ തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. മലയാളത്തിലെ നിരവധി ബ്ലോക്ബസ്റ്റര്‍ സിനിമകള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് സുരേഷ് കുമാര്‍. മലയാളത്തില്‍ ഇതുവരെ ഒരു സിനിമയും നൂറ് കോടി കളക്ട് ചെയ്തിട്ടില്ലെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

പലരും നൂറ് കോടി നേടിയെന്ന് പറഞ്ഞ് പുറത്ത് വിടുന്ന കണക്ക് ഗ്രോസ് കളക്ഷനാണെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. അതേസമയം നിര്‍മ്മാണം എന്നത് ഒരു കൈ വിട്ട കളിയാണെന്നും അദ്ദേഹം പറയുന്നു. മുമ്പത്തേത് പോലെ നഷ്ടം ഉണ്ടാല്‍ ഇന്ന് താങ്ങാനാകില്ല. താരങ്ങള്‍ ഒരു സിനിമ ഹിറ്റായാല്‍ പ്രതിഫലത്തില്‍ കോടികളാണ് വര്‍ധിപ്പിക്കുന്നതെന്നും സുരേഷ് കുമാര്‍ പറയുന്നുണ്ട്.
നിയമസഭ പുസ്തകമേളയുടെ ഭാഗമായി നടന്ന സ്മൃതി സന്ധ്യയില്‍ എണ്‍പതുകൡലെ മലയാള സിനിമ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍. സംവിധായകന്‍ കമല്‍, നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു എന്നിവരും പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നു.
''ഒരു പടം ഹിറ്റായാല്‍ ഇന്ന് കോടികള്‍ കൂട്ടുകയാണ് ആളുകള്‍. 100 കോടി ക്ലബ്ബ്, 500 കോടി ക്ലബ്ബ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്. അതില്‍ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ കലക്ട് ചെയ്തിട്ടില്ല, കലക്ട് ചെയ്തുവെന്ന് അവര്‍ പറയുന്നത് ഗ്രോസ് കലക്ഷന്റെ കാര്യത്തിലാണ്.'' എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്, ആര്‍ഡിഎക്‌സ് തുടങ്ങിയ സിനിമകള്‍ ഈയ്യടുത്ത് നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ സിനിമകളാണ്.

അതേസമയം ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയമായ റിവ്യുകളെക്കുറിച്ചും സുരേഷ് കുമാര്‍ സംസാരിക്കുന്നുണ്ട്. താന്‍ നിരൂപണത്തെ കണ്ണടച്ച് എതിര്‍ക്കുന്നില്ലെന്ന് പറയുന്ന സുരേഷ് കുമാര്‍ പക്ഷെ വ്യക്തികളെ അവഹേളിക്കുന്ന റിവ്യുകളോട് എതിര്‍പ്പുണ്ടെന്ന് വ്യ്കമതാക്കുകയും ചെയ്തു. റിവ്യു എന്നത് പരിധി വിട്ട് വ്യക്തിഹത്യയിലേക്ക് കടക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മുമ്പ് തീയേറ്ററില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന വരുമാനത്തില്‍ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നത്. ഒടിടി വന്നതോടെ പല മുന്‍നിര താരങ്ങളും സ്വന്തമായി സിനിമ നിര്‍മിക്കാന്‍ തുടങ്ങിയെന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കില്‍ ആളുകള്‍ വീണ്ടും തീയറ്ററിലെത്തുമെന്നും സുരേഷ് കുമാര്‍ അഭിപ്രായപ്പെടുന്നുണ്ട്. സുരേഷ് കുമാറിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











