മമ്മൂട്ടിയുടെ പേരും ശബ്ദവും കൊള്ളില്ലെന്ന് അവർ പറഞ്ഞു; ആ സിനിമയ്ക്ക് വേണ്ടി രണ്ടും മാറ്റി: എ കബീർ
നടനാവണം എന്ന് ഒരുപാട് ആഗ്രഹിച്ച്, അവസരങ്ങൾ തേടി നടന്ന്, നടനായി പിന്നീട് സൂപ്പർ താരമായി മാറിയ നടനാണ് മമ്മൂട്ടി. മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി ഇന്ന്. വർഷങ്ങൾ ഏറെയായെങ്കിലും ഇന്നും ആ സിംഹാസനത്തിന് ഒരു അനക്കവും തട്ടിയിട്ടില്ല. എന്നാൽ സിനിമയിലെ തുടക്കകാലത്ത് മറ്റു പല താരങ്ങളെയും പോലെ ചില മോശം അനുഭവങ്ങൾ മമ്മൂട്ടിക്കും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു അനുഭവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായ എ. കബീർ.
ആദ്യ സിനിമകളിൽ ഒന്നായ സ്‌ഫോടനത്തിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ പേരും ശബ്ദവും കൊള്ളില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞിട്ടുണ്ടെന്ന് കബീർ പറയുന്നു. മമ്മൂട്ടി സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന ആഗ്രഹം പറഞ്ഞിട്ടും ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് മറ്റൊരാളെ കൊണ്ടാണ് ഡബ്ബ് ചെയ്യിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സഫാരി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എ കബീർ.

'സ്ഫോടനം എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനായി മദ്രാസിൽ ചെന്നു. സംവിധായകൻ വിശ്വംബരൻ സ്ഥലത്തില്ല. സംഘട്ടനം എന്ന ചിത്രത്തിന്റെ ലൊക്കേഷൻ കാണാൻ രാജസ്ഥാനിൽ പോയിരിക്കുകയായിരുന്നു. ഡബ്ബിങിന്റെ ചാർജ്, കഥാകൃത്തായ ആലപ്പി ഷെരീഫിന് ആയിരുന്നു. അദ്ദേഹം മദ്രാസിലെ ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് മമ്മുക്കയുടെ ശബ്ദം പോരെന്ന് പറഞ്ഞു. മമ്മൂക്കയെ മാറ്റി അന്തിക്കാട് മണി എന്ന ഒരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചു',
'മമ്മൂക്ക വളരെ വേദനയോടെ നിർമാതാവിനെ വിളിച്ചു. എന്റെ ശബ്ദം മാറ്റിയിരിക്കുന്നു. എനിക്ക് തന്നെ ഡബ്ബ് ചെയ്യണമെന്ന് അദ്ദേഹം വിഷമത്തോടെ നിർമാതാവിനോട് പറഞ്ഞു. അദ്ദേഹം ഷെറീഫ് ഇക്കയോട് റിക്വസ്റ്റ് ചെയ്തു മമ്മൂക്കയെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിക്കണമെന്ന്. ഇല്ല ഞാൻ ഡബ്ബ് ചെയ്യിച്ചതാ അയാളുടെ ശബ്ദം കൊള്ളില്ല എന്ന് നിർമാതാവിനോട് ഷെരീഫിക്ക പറഞ്ഞു. അങ്ങനെ മമ്മൂക്കയുടെ ശബ്ദം ആ സിനിമയിൽ ഉപയോഗിച്ചില്ല,'
'ഇത് കൂടാതെ, സ്ഫോടനത്തിൽ മമ്മൂക്കയെ ഫിക്സ് ചെയ്യുന്നതിന് മുൻപ് സംവിധായകൻ വിശ്വംബരൻ പറഞ്ഞു മമ്മൂട്ടി എന്ന പേര് കൊള്ളില്ലെന്ന്. അങ്ങനെ വിശ്വംബരൻ മമ്മൂക്കയുടെ പേര് 'സജിൻ' എന്നാക്കി മാറ്റി. ആ സിനിമ കണ്ടാൽ അറിയാം അതിൽ സജിൻ എഴുതിയിട്ട് ബ്രാക്കറ്റിലാണ് മമ്മൂട്ടി എന്ന് കൊടുത്തിരിക്കുന്നത്.' എ കബീർ പറഞ്ഞു.
യവനിക എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിക്ക് സംഭവിച്ച അപകടത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിൽ ശ്രദ്ധനേടിയ സിനിമകളിൽ ഒന്നാണ് യവനിക. ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങൾക്കിടയിലാണ് മമ്മൂട്ടിക്ക് അപകടം സംഭവിക്കുന്നത്. ഒപ്പമുണ്ടായിരുന്ന സുകുമാരന് ഡ്യൂപിന്റെ സഹായം നൽകിയിരുന്നു. എന്നാൽ മമ്മൂട്ടിക്ക് സംവിധായകൻ ഡ്യൂപ്പിനെ വെച്ചിരുന്നില്ലെന്ന് കബീർ പറയുന്നു.

'മമ്മൂക്കയും സുകുവേട്ടനും ജയിൽ ചാടുന്ന സീൻ ആയിരുന്നു എടുത്തിരുന്നത്. അതിനു വേണ്ടി പൊക്കമില്ലാത്ത മതിൽ കണ്ടെത്തി. മതിൽ ചാടുമ്പോൾ സുകുവേട്ടനെ അസിസ്റ്റന്റ് ഡയറക്ടറും മറ്റുള്ളവരും കൂടി സഹായിച്ചു. അദ്ദേഹത്തെ അവർ പൊക്കിയെടുത്ത് ഇറക്കി. മമ്മൂക്ക സഹായം ചോദിച്ചപ്പോൾ ഡയറക്ടർ മറ്റുള്ളവരോട് അവിടെ നിൽക്കാൻ പറഞ്ഞു.
അദ്ദേഹം ഒന്നും പറയാതെ തന്നെ ചാടി. സുകുവേട്ടന് വേണ്ടി ചാടിയത് ഡ്യൂപ്പാണ്. മമ്മൂക്കയെ ചാടിച്ചു. അദ്ദേഹത്തിന്റെ കാലുളുക്കി. അടുത്ത ദിവസം ബോംബ് എറിയുന്ന സിനിലും അദ്ദേഹത്തെ ചാടിച്ചു. ആ ചാട്ടത്തിൽ അദ്ദേഹത്തിന്റെ ലിഗമെന്റിന് ഫ്രാക്ചർ ഉണ്ടായി,' കബീർ പറഞ്ഞു.


Click it and Unblock the Notifications