പ്രേംനസീർ-മോഹൻലാൽ സിനിമ നടക്കാത്തതിന് കാരണം അത് മാത്രം! ശ്രീനിവാസൻ അങ്ങനെ പറയേണ്ടിയിരുന്നില്ല: ബദറുദ്ദീൻ
മലയാള സിനിമയിലെ പ്രധാനിയാണ് ശ്രീനിവാസൻ. സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയാണ് അദ്ദേഹം. നടനായും തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങിയ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ച ഹിറ്റുകൾ നിരവധിയാണ്. ശ്രീനിവാസൻ സിനിമകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അവശതയിലാണ് നടൻ. അതിഗുരുതരാവസ്ഥയിൽ നിന്നെല്ലാം കരകയറി പതിയെ സാധാരണ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
അതിനിടെ അഭിമുഖങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കും എത്തുന്നുണ്ട്. അടുത്തിടെ ശ്രീനിവാസൻ നൽകിയ അഭിമുഖങ്ങളെല്ലാം ശ്രദ്ധനേടിയിരുന്നു. ചിലത് വിവാദങ്ങൾക്കും കാരണമായി. മോഹൻലാലിനെക്കുറിച്ച് നടത്തിയ പരാമർശമാണ് ഇതിലേറെ വിവാദമായത്. മോഹൻലാൽ പ്രേം നസീറിനെ പരിഹസിച്ചെന്നും പുറമേക്ക് നടിക്കുന്ന വ്യക്തിയാണ് നടനെന്നും ശ്രീനിവാസൻ തുറന്നടിച്ചു. ഇതിനു പിന്നാലെ ശ്രീനിവാസന് നേരെ വ്യാപക വിമർശനം ഉയർന്നു.

എന്നാൽ അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ മോഹൻലാലിനോട് വ്യക്തി വൈരാഗ്യമില്ലെന്നും നടനൊപ്പം സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ശ്രീനിവാസൻ പറയുകയുണ്ടായി. എന്നാൽ ശ്രീനിവാസൻ മോഹൻലാലിനെതിരെ അന്ന് നടത്തിയ പരാമർശം അസ്ഥാനത്തായി പോയെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് സിനിമകളിൽ ദീർഘകാലം പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ബദറുദ്ദീൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസന്റെ തുടക്കകാലത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആദ്യകാലങ്ങളിൽ സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്ന ശ്രീനിവാസൻ ഡബ്ബ് ചെയ്തതിന്റെ തുക കുറഞ്ഞെന്നപേരിൽ വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 'ആദ്യകാലങ്ങളിൽ ശ്രീനിവാസൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു. പടങ്ങൾ ആയി വരുന്നതേയുള്ളു. ഞാൻ ഡബ്ബിങ്ങിനൊക്കെ വിളിച്ചിട്ട് പണം പോരെന്ന് പറഞ്ഞ് വഴക്കൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. അന്ന് ആളുടെ അടുത്ത് പണം ഇല്ല, അതുകൊണ്ടാണ്. ഒരു ജോലി കിട്ടിയപ്പോൾ അതിൽ നിന്ന് പരമാവധി പണം വാങ്ങിക്കാമെന്ന് ചിലപ്പോൾ ഓർത്ത് കാണും',
'ഞങ്ങളുടെ ഇറങ്ങാത്ത ചിത്രമുണ്ട്, നെടുമുടി വേണു അതിൽ ഊമയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. അതിലാണ് ഡബ്ബിങ് ചെയ്തത്. വേണുവിന് വേണ്ടിയാണ് ഡബ്ബ് ചെയ്തത്. 1981ൽ ആണ് സംഭവം. ഡബ്ബ് കഴിഞ്ഞപ്പോൾ ശ്രീനിവാസൻ ഒരു പടത്തിലെ ഹീറോക്ക് ഡബ്ബ് ചെയ്തത്തിനുള്ള പണം താ എന്ന് പറഞ്ഞു',
'പ്രധാന കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് താനാണെന്നായിരുന്നു വാദം. എന്നാൽ ഊമകൾക്ക് എന്ത് ശബ്ദമാണ് കൊടുക്കാനുള്ളതെന്ന് ഞങ്ങൾ ചോദിച്ചു. അന്ന് പുള്ളി പണം ചോദിച്ച് വാങ്ങി. ചോദിച്ച് പണം വാങ്ങുക എന്നുള്ളതാണ് ഒരാളെ സിനിമാക്കാരൻ ആക്കുന്നത്. അല്ലെങ്കിൽ അവരൊന്നും എവിടെയും എങ്ങും എത്തില്ല ' ബദറുദ്ദീൻ പറഞ്ഞു.

തുടർന്നാണ് മോഹൻലാലിന് നടൻ പ്രേംനസീറിന്റെ ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നില്ല എന്ന ശ്രീനിവാസന്റെ വിവാദ പരാമർശത്തെപ്പറ്റി അദ്ദേഹം സംസാരിച്ചത്. അവർ നല്ല സുഹൃത്തുക്കളാണെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചില കാര്യങ്ങൾ കൂട്ടിയും കുറച്ചും പറയുന്നതാകാമെന്നാണ് ബദറുദ്ദീൻ പറഞ്ഞത്. ശ്രീനിവാസന്റെ പരാമർശം അസ്ഥാനത്തായിരുന്നു. പ്രേം നസീറിന്റെ അകാല വിയോഗം സംഭവിച്ചില്ലായിരുന്നെങ്കിൽ സിനിമ നടന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
'ശ്രീനിവാസൻ അങ്ങനെ ഒരു കമന്റ് പറയേണ്ടിയിരുന്നില്ല. നസീർ സാർ ജീവിച്ചിരുപ്പുണ്ടായിരുന്നേൽ ആ പ്രോജക്ട് നടന്നേനെ. ശ്രീനിവാസന്റെ സംസാരം അസ്ഥാനത്തായി പോയി. പക്ഷെ അതൊക്കെ ശ്രീനിവാസന്റെ ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് സംഭവിച്ചതാകാനേ ചാൻസ് ഒള്ളു. ദാസൻ ഒരിക്കലും വിജയനെക്കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല. മോഹൻലാലിന് തിരക്കായത് കൊണ്ടാണ് ഇതിനോടൊന്നും പ്രതികരിക്കാത്തത്. ശ്രീനിവാസൻ ഫ്രീയാണ്. അതുകൊണ്ടാണ് ഇങ്ങനെ അഭിമുഖങ്ങളും മറ്റുമായി വരുന്നത്. മോഹൻലാലിന് എവിടെയാണ് അഭിമുഖം നൽകാൻ സമയം', ബദറുദ്ദീൻ പറഞ്ഞു.


Click it and Unblock the Notifications