എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അജാസ്. കുട്ടി പുലിമുരുകനായി എത്തിയ അജാസിന് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. 150 കോടിയിലേറെ കളക്ഷൻ വാരിക്കൂട്ടിയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റ് ആയപ്പോൾ അജാസും അതിനൊപ്പം താരമായി.
വളരെ ചെറുപ്പത്തിൽ തന്നെ ഡി4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയതാണ് അജാസ്. റിയാലിറ്റി ഷോ പ്രേക്ഷകരുടെയൊക്കെ പ്രിയപ്പെട്ട താരമായ അജാസിന് അങ്ങനെയാണ് പുലിമുരുകനിലേക്ക് അവസരം ലഭിക്കുന്നത്. പുലിമുരുകനിൽ അഭിനയിക്കുമ്പോൾ അജാസിന് അന്ന് 11 വയസായിരുന്നു പ്രായം.

അന്ന് ആറാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു അജാസ്. പുലിമുരുകൻ കൂടാതെ കമ്മാരസംഭവം, ഡാൻസ് ഡാൻസ് തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലും അജാസ് അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് അജാസ് സിനിമയിൽ നിന്നും റിയാലിറ്റി ഷോയിൽ നിന്നുമെല്ലാം വിട്ടു നിൽക്കുകയായിരുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം അജാസിനെ കുറിച്ചുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജൂനിയർ പുലിമുരുകനായ അജാസ് ഇപ്പോൾ പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ തീർത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ ഗവണ്മെന്റ് സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു പോസ്റ്റ്.

സ്‌കൂളിലെ ഒരു ജീവനക്കാരിയാണ് അജാസിനെക്കുറിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇപ്പോഴിതാ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് അജാസ്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് താരത്തിന്റെ പ്രതികരണം.
'തീർത്തും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും, പഠിത്തത്തിൽ കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യാനും വേണ്ടിയാണ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്. സിനിമയിൽ ഗോഡ്ഫാദർ ഉണ്ടാവണം എന്ന് അഭിപ്രായം ഇല്ല. മാറ്റിനിർത്തി എന്നും തോന്നുന്നില്ല. അപ്രതീക്ഷിതമായി കിട്ടിയ അവസരം ആയിരുന്നു പുലിമുരുകൻ. സിനിമ പരമ്പര്യമോ സിനിമയിൽ പരിചയമുള്ളവരോ ഇല്ലായിരുന്നു. അതിനാൽ ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ലാരുന്നു,'

'ഡാൻസ് കാരണവും സ്റ്റേജ് ഷോസ് കാരണവും പഠിത്തത്തിൽ കോൺസെൻട്രേറ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല അതുകൊണ്ട് തന്നെ പ്ലസ് ടു കഴിയുന്നത് വരെ പഠിത്തത്തിൽ ശ്രദ്ധിക്കാൻ തീരുമാനിച്ചിരുന്നു. വലിയ അവസരങ്ങൾ വന്നാൽ മാത്രം ചെയ്യാം എന്ന് തീരുമാനിച്ചിരുന്നു. സിനിമ സ്വപ്നം കാണാൻ പോലും പറ്റാത്ത ദൂരത്തു നിന്ന് സിനിമയിൽ ഒരു അവസരം കിട്ടിയത് ഭാഗ്യം ആണെന്ന് വിശ്വസിക്കുന്നു. നന്ദി,' എന്നാണ് അജാസ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.
നിരവധിപേരാണ് അജാസിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പഠനത്തിൽ ശ്രദ്ധ നൽകാമെന്ന് തീരുമാനിച്ചത് നല്ല കാര്യമാണെന്നും ഭാവിയിൽ കൂടുതൽ നല്ല അവസരങ്ങൾ തേടി എത്തട്ടെ എന്നുമാണ് ആരാധകരുടെ കമന്റുകൾ.

അതേസമയം, ഹൃദയം തൊടുന്ന ഒരു കുറിപ്പാണു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. താരപ്പൊലിമയുടെ മഞ്ഞവെളിച്ചം ഇല്ലാതെ, ക്യാമറക്കണ്ണിന്റെ തുറിച്ചു നോട്ടം ഇല്ലാതെ സ്‌കൂൾ വരാന്തയിലൂടെ നടന്നു നീങ്ങുന്ന രാജകുമാരന്റെ കാഴ്ച അതിശയവും വേദനയും സമ്മാനിച്ചു. ഇന്നവന്റെ കണ്ണുകളിൽ 'പുലിയെ കൊല്ലണം' എന്ന തീഷ്ണത ഇല്ല. പകരം അകന്നുമാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായതയാണ്.

എല്ലാ ബഹളങ്ങളിൽ നിന്നും അകന്ന്, സ്കൂൾ വിട്ടാൽ ഗ്രൗണ്ട് വിട്ട് വീട്ടിലേക്ക് ഓടുന്ന ആദ്യ വിദ്യാർഥിയായി അവൻ മാറിയിരിക്കുന്നു. അവന് സിനിമയിൽ ഗോഡ്ഫാദർമാരില്ല. ഒരു സാധാരണ കുടുംബാംഗം ഒറ്റ സിനിമയിലൂടെ മലയാളിമനസ്സിൽ ഇടം പിടിച്ച, വിസ്മയ നർത്തകനായ അജാസും അവന്റെ സ്വപ്‌നങ്ങൾ നേടട്ടെ.. അവൻ പ്ലസ്ടു എക്സാം എഴുതാൻ പോവുകയാണ്. നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം എന്നായിരുന്നു പോസ്റ്റ്.


Click it and Unblock the Notifications











