പൃഥ്വിരാജ്-മീര ജാസ്മിൻ കോംബോ വീണ്ടും വരുമോ?, ആരാധകരുടെ ചോദ്യത്തിന് മീരയുടെ മറുപടി!
മലയാളത്തിൽ ഒരുപിടി ശ്രദ്ധേയ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന നടിയാണ് മീര ജാസ്മിൻ. ദിലീപിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മീര വളരെ പെട്ടെന്നാണ് മലയാളത്തിലെ മുൻനിര നായികയായി മാറിയത്. തമിഴിലും തെലുങ്കിലും കന്നടത്തിലുമെല്ലാം സാന്നിധ്യമറിയിച്ച മീരയ്ക്ക് തെന്നിന്ത്യൻ സിനിമാലോകത്തും പേരെടുക്കാൻ സാധിച്ചു.
അഭിനയ മികവ് കൊണ്ട് കയ്യടി നേടിയ മീര ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്ന മീര ഇപ്പോഴിതാ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെ തിരിച്ചുവന്ന താരം മലയാളത്തിലും തമിഴിലുമെല്ലാം ഒരുപിടി സിനിമകളുമായി തിരക്കിലാണ്.

നരേൻ നായകനായി എത്തുന്ന ക്വീൻ എലിസബത്താണ് മീരയുടെ ഏറ്റവും പുതിയ ചിത്രം. അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിന്നിക്കൂട്ടം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ കോംബോ വീണ്ടും എത്തുമ്പോൾ ആരാധകർ ആവേശത്തിലാണ്. രണ്ടുപേരെയും ഒരിക്കൽ കൂടി സ്‌ക്രീനിൽ ഒന്നിച്ചു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടെ വീണ്ടും ഒന്നിച്ചെത്തുന്നതിനെ കുറിച്ച് മനസുതുറക്കുകയാണ് ഇരുവരും.
വീണ്ടും ഒന്നിക്കുമ്പോൾ ആ കോംബോ കുറച്ചുകൂടി കരുത്തുള്ളതും എളുപ്പമുള്ളതുമായി മാറുകയാണെന്ന് നരേൻ പറയുന്നു. അച്ചുവിന്റെ അമ്മ ചെയ്യുമ്പോൾ പുതിയ ഒരാളെന്ന നിലയിൽ അൽപം പേടിയൊക്കെ ഉണ്ടായിരുന്നു. പിന്നീട് അത് മാറി. സെറ്റിൽ എല്ലാവരും ചേർന്ന് കംഫർട്ടബിളാക്കി. പിന്നീട് ഒരേ കടൽ എന്ന സിനിമ ചെയ്യുമ്പോഴും ഇപ്പോൾ ക്വീൻ എലിസബേത്തിലേക്ക് വരുമ്പോഴും ആ കെമിസ്ട്രി നൂറ് ശതമാനത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് നരേൻ പറയുന്നു.
ക്വീൻ എലിസബത്ത് തങ്ങളുടെ കോംബോക്ക് പറ്റിയ സിനിമയാണെന്ന് മീരയും പറഞ്ഞു. നരേനൊപ്പം അഭിനയിക്കുമ്പോൾ ഒരു പ്രത്യേക കംഫർട്ട് ഉണ്ട്. നല്ല ഫ്രീഡം ഉണ്ട്. ഞങ്ങൾ നന്നായിട്ട് കമ്യൂണിക്കേറ്റ് ചെയ്യും. അതൊക്കെ ഷോട്ട് നന്നാക്കാൻ ഒരുപാട് സഹായിക്കും. അതുപോലെ ആ കംഫർട്ട് ലെവൽ ഭയങ്കരമാണെന്നും സിനിമാ ഡാഡിക്ക് നൽകിയ അഭിമുഖത്തിൽ മീര കൂട്ടിച്ചേർത്തു.

സ്വപ്നക്കൂടിലെ പോലെ പൃഥ്വിരാജിന്റെ ഒപ്പം ഇനിയൊരു റൊമാന്റിക് ചിത്രം ഉണ്ടാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് മീര നൽകിയ മറുപടിയും ശ്രദ്ധനേടി. ആരാധകരുടെ നിരന്തരമായുള്ള ചോദ്യമാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് അവതാരക ഇക്കാര്യം ചോദിച്ചത്. 'അങ്ങനെയൊന്ന് വന്നാൽ നല്ലതായിരിക്കും. ഇതേ ചോദ്യം നിങ്ങൾ പൃഥ്വിരാജിനോട് ചോദിക്കൂ,' എന്നായിരുന്നു മീര പറഞ്ഞത്.
അതേ സമയം ഇന്നാണ് ക്വീൻ എലിസബത്ത് തിയേറ്ററുകളിൽ എത്തുന്നത്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ശ്വേതാ മേനോൻ, രമേശ് പിഷാരടി, വികെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, ആര്യ, ശ്രുതി രജനികാന്ത്, മഞ്ജു പത്രോസ് എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സൂപ്പർ ഹിറ്റായി മാറിയ 2018ന് ശേഷം നരേൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.


Click it and Unblock the Notifications