എന്റെ മനസമാധാനത്തിന് വേണ്ടിയാണ് അത് ചെയ്തത്; നെഗറ്റീവ് കമന്റുകൾ ബാധിക്കാറുണ്ട്: നമിത പ്രമോദ്
മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നമിത പ്രമോദ്. ബാലതാരമായി കരിയർ ആരംഭിച്ചതാണ് നമിത. ജനപ്രിയ പരമ്പരകളിലൂടെ ആയിരുന്നു നമിതയുടെ തുടക്കം. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ട്രാഫിക്കിലൂടെ സിനിമയിലേക്ക് കടന്നുവന്ന നമിത, രണ്ടാമത്തെ ചിത്രമായ പുതിയ തീരങ്ങളിലൂടെ നായികയായി മാറി. പിന്നീട് നമിതയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ മലയാള സിനിമയിൽ ഒരിടം കണ്ടെത്തുകയായിരുന്നു താരം.
മലയാളത്തിലെ പ്രഗൽഭരായ പല സംവിധായകരുടെ സിനിമകളിലും നമിത അഭിനയിച്ചു. എന്നാൽ പിന്നീട് നമിതയെ സിനിമകളിൽ കാണാതായി. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. അതേസമയം സിനിമകളിൽ സജീവമല്ലാതിരുന്നപ്പോഴും സോഷ്യൽ മീഡിയയിൽ നമിത സജീവമായിരുന്നു. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയായി നമിത എത്തിയിരുന്നു. എന്നാൽ അടുത്തകാലത്തായി തന്റെ കമന്റ് ബോക്സ് ഓഫാക്കി വെച്ചാണ് നമിത പോസ്റ്റുകൾ ഇടാറുള്ളത്.

ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. മോശം കമന്റുകൾ തന്നെ ബാധിക്കാറുണ്ടെന്നും മനഃസമാധാനത്തിന് വേണ്ടിയാണ് താൻ കമന്റ് ബോക്സ് ഓഫാക്കി വെച്ചതെന്നും നമിത പറയുന്നു. പുതിയ ചിത്രമായ രജനിയുടെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസു തുറന്നത്.
'എനിക്ക് മനഃസമാധാനം വേണം. കുറെ കാലമായി അതുകൊണ്ട് കമന്റ് ബോക്സ് ഓഫാണ്. ചിലരൊക്കെ അനാവശ്യ കമന്റുകളാണ് ഇടുന്നത്. കുറെ സ്പാം കമന്റുകളും ഉണ്ടാകും. ഇന്ന് കുട്ടികൾ വരെ ഉപയോഗിക്കുന്നതാണ് ഇതെല്ലാം. അപ്പോൾ അവരൊന്നും ഈ മോശം കമന്റുകൾ കാണേണ്ട എന്ന് കൂടി ചിന്തിച്ചിട്ടാണ്. എന്റെ മനഃസമാധാനത്തിന് വേണ്ടി ഓഫാക്കി ഇടുന്നതാണ്. ഇടയ്ക്ക് ലൈക്ക്‌സും ഓഫാക്കി വയ്ക്കും. നെഗറ്റിവിറ്റി കൂടുതലാണെന്ന് തോന്നുമ്പോഴാണ് അത് ചെയ്യാറുള്ളത്.
ചില സമയത്ത് നെഗറ്റീവ് കമന്റുകൾ ബാധിക്കും. അറിയാതെ ഒക്കെ വായിച്ചുപോകും. അങ്ങനെ ട്രിഗർ ചെയ്യുന്ന എന്തെങ്കിലും ആണ് വരുന്നതെങ്കിൽ അത് എന്റെ ജോലിയെയും ബാധിക്കും. അത് എനിക്ക് ഭയങ്കര പ്രശ്നമാണ്. അതുകൊണ്ടാണ് ഓഫാക്കിയത്. എന്നാൽ അത് എപ്പോഴാണ് ചെയ്തതെന്ന് ഒന്നും എനിക്ക് അറിയില്ല. ഏതോ ഒരു പോയിന്റിൽ ഞാൻ അത് ഓഫ് ചെയ്തു. പിന്നെ ഞാൻ ഓൺ ആകിയിട്ടില്ല. അത് എവിടെയാണ് ഓൺ ആകേണ്ടത് എന്നറിയില്ല. ഇപ്പോൾ ലിമിറ്റഡായാണ് കിടക്കുന്നത്,' നമിത പ്രമോദ് പറഞ്ഞു.

അഭിനയത്തിന് പുറമെ ബിസിനസിലും നടി ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. അടുത്തിടെയാണ് നടി സ്വന്തമായി കഫേ തുടങ്ങിയത്. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ കഫെ. തന്റെ ആഗ്രഹമായിരുന്നു ഒരു കഫെ ആരംഭിക്കുക എന്നതാണ് അതിന്റെ ഉദ്‌ഘാടനത്തിന് ശേഷം നമിത പറഞ്ഞത്.
അതേ സമയം നമിത വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രജനി. കാളിദാസ് ജയറാം നായകനാകുന്ന ചിത്രം നാളെയാണ് തിയേറ്ററുകളിൽ എത്തുക. വിനിൽ സക്കറിയ വർഗീസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഇൻവെസ്റ്റിഗേഷൻ ക്രെെം ത്രില്ലറാണ് രജനി എന്നാണ് സൂചന. സൈജു കുറുപ്പ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാളിദാസ് ജയറാം ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച മലയാള സിനിമയാണിത്.


Click it and Unblock the Notifications