ശ്രീദേവിയോടുള്ള പ്രണയം വേണ്ടെന്ന് വച്ച രജനികാന്ത്; കാരണമായത് അന്ധവിശ്വാസം
അന്തരിച്ച ഇതിഹാസ നടി ശ്രീദേവി തന്റെ കരിയർ തുടങ്ങിയത് സൗത്ത് സിനിമയിലാണ്. കമൽ ഹാസന്റെ ഏറ്റവും നല്ല ജോഡിയായിട്ടാണ് താരം ഏറെ നാൾ അറിയപ്പെട്ടിരുന്നതെങ്കിലും, രജനീകാന്തുമായി അവർ പങ്കിട്ട ഓൺ-സ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സൂപ്പർസ്റ്റാറിനൊപ്പം പല ഭാഷകളിലായി ഒരു ഡസനിലധികം ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചിരുന്നു. എന്നാൽ മിന്നുന്ന പ്രകടനങ്ങൾക്കും സിനിമാറ്റിക് സൗഹൃദത്തിനും പിന്നിൽ ചുരുക്കം ചിലർ മാത്രം അറിഞ്ഞ ഒരു പ്രണയകഥ ഉണ്ടായിരുന്നു.
കമൽ ഹാസനുമായി ചേർത്താണ് ആദ്യം ശ്രീദേവി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നതെങ്കിലും, എന്നും തന്റെ പ്രണയങ്ങൾ തുറന്നു പറഞ്ഞിട്ടുള്ള ഉലകനായകൻ ഈ വാർത്ത മാത്രം നിഷേധിച്ചു. നടി തനിക്ക് ഒരു സഹോദരിയെ പോലെയാണെന്ന് അദ്ദേഹം അവർ അന്തരിച്ച അവസരത്തിൽ വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത സംവിധായകൻ കെ ബാലചന്ദറിന്റെ വെളിപ്പെടുത്തൽ അനുസരിച്ച്, അന്ന് ശ്രീദേവിയെ പ്രണയിച്ചിരുന്നത് കമൽ അല്ല, മറിച്ച് രജിനികാന്ത് ആയിരുന്നു.

കരിയറിന്റെ തുടക്കത്തിൽ തമിഴകത്തിന്റെ സൂപ്പർതാരത്തിന് ശ്രീദേവിയോട് ശക്തമായ പ്രണയം ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇരുവരും ഒന്നിച്ച എല്ലാ സിനിമകളിലും ഈ കെമിസ്ട്രി വ്യക്തമായി കണ്ടിരുന്നു. എന്നിരുന്നാലും, ഒരിക്കൽ രജനീകാന്ത് ശ്രീദേവിയെ വിവാഹം കഴിക്കാൻ വരെ ആഗ്രഹിച്ചിരുന്നുവെന്ന വിവരം, അദ്ദേഹത്തോട് അടുപ്പമുള്ള വളരെ കുറച്ചു പേർക്ക് മാത്രം അറിയാവുന്ന കാര്യമായിരുന്നു. രജിനിയുടെയും കമൽ ഹാസന്റെയും കരിയർ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ചലച്ചിത്ര നിർമ്മാതാവ് കെ. ബാലചന്ദറാണ് വളരെ വർഷങ്ങൾക്ക് ശേഷം ഈ വിവരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
ശ്രീദേവി ചെന്നൈയിൽ പണികഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശന വിരുന്നിൽ അതിഥിയായി എത്തിയ രജിനികാന്ത്, തന്റെ പ്രണയം നടിയോട് തുറന്നു പറയാൻ തീരുമാനിച്ചിരുന്നു. പക്ഷെ അതിനായി അദ്ദേഹം വീട്ടിലേക്ക് കയറിയ ഉടനെ വൈദ്യുതി തടസ്സം ഉണ്ടായി ആ പ്രദേശമാകെ പൂർണ്ണമായും ഇരുട്ടിലായി. അന്ന് കുറച്ചു അന്ധവിശ്വാസിയായിരുന്ന രജനീകാന്ത് അത് ദൈവം നൽകുന്ന ഒരു സൂചനയായും, ഒരു ദുശ്ശകുനമായും കരുതി. അതോടെ അദ്ദേഹം തന്റെ തീരുമാനം ഉപേക്ഷിച്ച് ശ്രീദേവിയെ ഒന്നും അറിയിക്കാതെ അവിടെ നിന്നും തിരിച്ചു പോവുകയായിരുന്നു.

പിന്നീട് അദ്ദേഹം ഒരിക്കൽ പോലും തന്റെ മനസ്സിലുള്ള ഇഷ്ടത്തെ കുറിച്ച് പ്രശസ്ത നടിയോട് തുറന്നു പറഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം രജിനികാന്ത് ആ പ്രണയം മറന്നത്, വിദ്യാർത്ഥിനിയായ ലത രംഗാചാരി തങ്ങളുടെ കോളേജ് മാഗസിന് വേണ്ടി അദ്ദേഹത്തെ അഭിമുഖം ചെയ്യാൻ എത്തിയപ്പോഴാണ്. നടൻ രവിചന്ദർ രാഘവേന്ദ്രയുടെ സഹോദരി കൂടിയായ ആ പെൺകുട്ടിയെ വിവാഹം ചെയ്യണം എന്ന് ആഗ്രഹം തോന്നിയ സൂപ്പർസ്റ്റാർ, അഭിമുഖം കഴിഞ്ഞ് മടങ്ങുമ്പോൾ തന്നെ അവരോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. ഇന്ന് ഇരുവർക്കും ഐശ്വര്യ, സൗന്ദര്യ എന്ന രണ്ട് പെണ്മക്കളാണ് ഉള്ളത്.
ശ്രീദേവിയാകട്ടെ, ഇതൊന്നും അറിയാതെ ഹിന്ദി സിനിമയിലേക്ക് ചേക്കേറി, അവിടുത്തെ സൂപ്പർ താരമായി വളർന്നു. ആദ്യം ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയുമായി പ്രണയത്തിലായെങ്കിലും, ആ ബന്ധം അധികം നീണ്ടു നിന്നില്ല. പിന്നീട് തന്റെ മാതാപിതാക്കളുടെ മരണശേഷം ഒറ്റക്കായിതീർന്ന നടി, നടൻ അനിൽ കപൂറിന്റെ മൂത്ത സഹോദരനും, നേരത്തെ തന്നെ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ബോണി കപൂറുമായി പ്രണയത്തിലാവുകയും, വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരുടെയും മക്കളായ ജാൻവി കപൂറും, ഖുഷി കപൂറും ഇന്ന് ബോളിവുഡ് നായികമാരാണ്.


Click it and Unblock the Notifications











