ബിയർ അടിച്ചു ഫിറ്റായ ഇളയരാജയെ ട്രോളി രജിനികാന്ത്; പിന്നെ ഗോസിപ്പുകൾ കേൾക്കണം
തമിഴ് സിനിമയുടെ സൂപ്പർസ്റ്റാർ രജിനികാന്തും, ഇസൈ ജ്ഞാനി എന്നറിയപ്പെടുന്ന ലെജൻഡറി സംഗീതജ്ഞൻ ഇളയരാജയും തമ്മിൽ അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദമാണ് ഉള്ളത്. രജിനിയുടെ കരിയറിന്റെ തുടക്കം മുതൽ, ഏതാണ്ട് ഒരു 90കൾ വരെയും അദ്ധേഹത്തിന്റെ ഏതാണ്ട് എല്ലാ സിനിമകൾക്കും സംഗീതമൊരുക്കിയിരുന്നത് രാജയായിരുന്നു. ഇന്ന് റഹ്മാനും, അനിരുദ്ധും ഉൾപ്പെടെയുള്ള മറ്റ് പ്രശസ്ത സംവിധായകരോടൊപ്പമാണ് സൂപ്പർസ്റ്റാർ ഏറെയും കൈകോർക്കാറുള്ളതെങ്കിലും, രാജയോടുള്ള സൗഹൃദത്തിന് അന്നും ഇന്നും മാറ്റമില്ല.
ഒപ്പം തന്നെ, പ്രശസ്‌ത സംഗീത സംവിധായകനെ പരസ്യമായി കളിയാക്കാൻ പോലും ഉള്ള സ്വാതന്ത്യം പടയപ്പ താരം ഇന്നും എടുക്കാറുണ്ട്. അടുത്തിടെ അങ്ങനെ ഒരു രസകരമായ സന്ദർഭത്തിന് തമിഴ് സിനിമ പ്രേമികൾ സാക്ഷ്യം വഹിച്ചിരുന്നു. അടുത്തിടെ ചെന്നൈയിൽ വച്ച് നടന്ന സംഗീത രംഗത്ത് അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ വച്ച് , പണ്ടൊരിക്കൽ വെറും അരക്കുപ്പി ബിയർ മാത്രം അടിച്ചു ഫിറ്റ് ആയ ഇളയരാജയുടെ കഥ പറഞ്ഞ്, ട്രോളുമായി രജനികാന്ത് എത്തിയിരുന്നു. ഈ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

ഈ ചടങ്ങിന് രണ്ടു ദിവസം മുൻപ്, രജിനികാന്ത് തന്നെ ഫോണിൽ വിളിച്ച് "നമ്മൾ ചെയ്ത കാര്യങ്ങളൊക്കെ ഞാൻ പരിപാടിയ്ക്ക് വരുമ്പോൾ പറയുന്നുണ്ട്," എന്ന് പറഞ്ഞതായി ചടങ്ങിൽ പ്രസംഗിച്ച ഇളയരാജ വെളിപ്പെടുത്തിയിരുന്നു. ഇത് കേട്ട ഉടനെ, ഒരു വലിയ ചിരിയുമായി സ്റ്റേജിലേക്ക് ഓടിയെത്തിയ സൂപ്പർസ്റ്റാർ, യാതൊരു മടിയും കൂടാതെ രാജയും താനും മറ്റു സുഹൃത്തുക്കളും ഒന്നിച്ചു മദ്യപിച്ചപ്പോൾ നടന്ന സംഭവങ്ങൾ ഓർത്തെടുത്തു കൊണ്ട്, പ്രശസ്ത സംഗീത സംവിധായകനെ കണക്കിന് ട്രോളി. അരക്കുപ്പി ബിയർ അടിച്ചാൽ രാജയ്ക്ക് നടിമാരെ കുറിച്ചുള്ള ഗോസിപ്പുകൾ കേൾക്കാനാണ് ഇഷ്ടമെന്ന് രജിനി പറഞ്ഞു.
"ജോണി എന്ന സിനിമയുടെ കോമ്പോസിങ് നടക്കുന്നു. ഞാൻ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അവിടെ അടുത്തടുത്തായിരുന്നു എല്ലാവരും താമസം. രാത്രി ഇളയരാജയും, മഹേന്ദ്രൻ സാറും (സംവിധായകൻ) എന്റെ മുറിയിലേക്ക് വന്നു. ഞാനും മഹേന്ദ്രൻ സാറും കുപ്പി പൊട്ടിച്ചു കുടിക്കാൻ തുടങ്ങി. രാജയോട് ചോദിച്ചു, "സ്വാമി, ഒരെണ്ണം ഒഴിക്കട്ടെ?" എന്ന്. ശരിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു ബിയർ കൊടുത്തു. വെറും അര കുപ്പി കുടിച്ചപ്പോഴേക്ക് ഇദ്ദേഹം അവിടെ കാട്ടിക്കൂട്ടിയതൊക്കെ ഓർത്താൽ ഇന്നും തമാശയാണ്. അയ്യയ്യോ... പുലർച്ച മൂന്ന് മണി വരെ ഉണ്ടായിരുന്നു അത്," രജിനികാന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ വെളിപ്പെടുത്തി.

"മഹേന്ദ്രൻ അതിനിടയ്ക്ക്, "രാജാ... ഈ പാട്ട് ഇങ്ങനെ ചെയ്താലോ?" എന്നൊക്കെ ചോദിക്കും. അപ്പോൾ "ഒന്ന് ചുമ്മാതിരിക്ക് സാർ" എന്നാണ് ഇളയരാജയുടെ മറുപടി. അത് കഴിഞ്ഞപ്പോഴേക്ക് ഇൻഡസ്ട്രിയിൽ ഗോസിപ്പുകൾ പറ്റിയൊക്കെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. പ്രധാനമായിട്ട് അന്നത്തെ നായികമാരെ പറ്റിയൊക്കെ," സദസ്സിനെ പൊട്ടിചിരിപ്പിച്ചു കൊണ്ട് രജിനികാന്ത് വെളിപ്പെടുത്തി. "അന്ന് അണ്ണൻ ഭയങ്കര പ്രേമത്തിലായിരുന്നു (രജിനി അത് പറയുമ്പോൾ അല്ലെന്ന് രാജ ആംഗ്യം കാണിക്കുന്നുണ്ട്). ഭയങ്കര പ്രേമം എന്ന് വച്ചാൽ ഭയങ്കര പ്രേമം. അതിൽ നിന്ന് വന്നതാണ് ഈ പാട്ടുകളൊക്കെ," സൂപ്പർസ്റ്റാർ പറഞ്ഞ് അവസാനിപ്പിച്ചു.


Click it and Unblock the Notifications











