മകളെ കയ്യില്‍ വച്ചു തന്ന് ആദ്യ ഭാര്യ പോയി; അവളെ കാണാന്‍ ചെന്ന ഞാന്‍ അവളുടെ മൃതദേഹം തോളിലേറ്റി!
ബോളിവുഡിലെ ഹാസ്യ നടന്മാരില്‍ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് രാജ്പാല്‍ യാദവ്. ആരാധകരെ അദ്ദേഹം ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമകള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്‌തെത്തിയ പ്രിയദര്‍ശന്‍ സിനിമകളിലും രാജപാല്‍ യാദവ് നിറ സാന്നിധ്യമായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച ഹാസ്യ താരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാജ്പാല്‍ യാദവ് എന്ന പേര് വിസ്മരിക്കുക അസാധ്യമാണ്.
ഓണ്‍ സ്‌ക്രീനില്‍ എന്നും ചിരി പടര്‍ത്തിയിരുന്ന രാജ്പാല്‍ യാദവിന്റെ വ്യക്തിജീവിതം പക്ഷെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കരുണയായിരുന്നു രാജ്പാലിന്റെ ആദ്യ ഭാര്യ. എന്നാല്‍ മകള്‍ക്ക് ജന്മം നല്‍കി കരുണ പോയി. പിന്നീട് രാജ്പാല്‍ കാനഡ സ്വദേശിയായ രാധയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളാണ് രാജ്പാലിനുള്ളത്.

ആദ്യ വിവാഹത്തിലെ മകള്‍ ജ്യോതിയും രണ്ടാം വിവാഹത്തിലെ മക്കളായ ഹര്‍ഷിതയും രേഹാന്‍ഷിയുമൊക്കെയായി സന്തോഷത്തോടെ കഴിയുകയാണ് ഇന്ന് രാജ്പാല്‍ യാദവ്. ആദ്യ ഭാര്യ മരിക്കുമ്പോള്‍ രാജ്പാലിന് വെറും 20 വയസായിരുന്നു പ്രായം. മകളേയും കയ്യില്‍ വച്ച് തന്നാണ് കരുണ പോയത്. ഇപ്പോഴിതാ തന്റെ ആദ്യ ഭാര്യയുടെ വിയോഗത്തെക്കുറിച്ചും രാധയുടെ വരവോടെ ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ചുമൊക്കെ അദ്ദേഹം മനസ് തുറക്കുകയാണ്.
''പണ്ടൊക്കെ 20 വയസുള്ള, ജോലിയുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ആളുകള്‍ കല്യാണം നോക്കാന്‍ പറയും. അങ്ങനെ എന്റെ അച്ഛന്‍ എന്നെ പിടിച്ച് കല്യാണം കഴിപ്പിച്ചു. എന്റെ ആദ്യ ഭാര്യ മകളേയും തന്ന് പോയി. അടുത്ത ദിവസം ഞാനവളെ കാണാന്‍ ചെല്ലേണ്ടതാണ്. പക്ഷെ എനിക്കവളുടെ മൃതദേഹം ചുമക്കേണ്ടി വന്നു. എന്റെ അമ്മയും സഹോദരന്റെ ഭാര്യയും നല്‍കിയ സ്‌നേഹം കാരണം എന്റെ മകള്‍ക്ക് അമ്മ ഇല്ല എന്നൊരു തോന്നലുണ്ടായിട്ടില്ല. അവള്‍ ഒരുപാട് സ്‌നേഹം കിട്ടിയാണ് വളര്‍ന്നത്'' രാജ്പാല്‍ പറയുന്നു.
1991 ലായിരുന്നു രാജ്പാലിന്റെ ആദ്യ ഭാര്യ മരിക്കുന്നത്. താരത്തിന് കടുത്ത ആഘാതമായിരുന്നു ഭാര്യയുടെ മരണം. സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം ഉണ്ടാക്കാന്‍ പോലും അദ്ദേഹത്തിന് 13 വര്‍ഷം വേണ്ടി വന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠിച്ചിറങ്ങിയ രാജ്പാല്‍ നിരവധി ടെലിവിഷന്‍ ഷോകളും സിനിമകളും ചെയ്താണ് സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. 2003ലാണ് അദ്ദേഹം രണ്ടാമതും വിവാഹം കഴിക്കുന്നത്.
''രാധയെ കാണുമ്പോള്‍ എനിക്ക് 31 വയസാണ്. ദ ഹീറോയുടെ ചിത്രീകരണത്തിനായി പോയതായിരുന്നു ഞാന്‍. 2001 ലാണ്. ഞങ്ങള്‍ കാണുകയും ബന്ധം നിലനിര്‍ത്തുകയും ചെയ്തു. 2003 ല്‍ വിവാഹം കഴിച്ചു. രണ്ട് കുടുംബവും സമ്മതിച്ചതോടെയാണ് വിവാഹം'' രാജ്പാല്‍ പറയുന്നു.

''എന്നെ വിശ്വസിക്കണം. ഞാനൊരിക്കലും രാധയോട് സാരി ധരിക്കണമെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ അമ്മയോട് സംസാരിക്കുന്നത് പോലെ തന്നെയാണ് ഭാര്യയും സംസാരിക്കുക. അവള്‍ ഭാഷയൊക്കെ പഠിച്ചു. ഒരു ദിവസം ചെന്നപ്പോള്‍ അവള്‍ മുഖമൊക്കെ മറച്ച് ഇരിക്കുകയാണ്. ഗ്രാമത്തില്‍ അങ്ങനെയാണ് ഭാര്യമാര്‍. ഹോളിയിലും ദിവാലിയിലും ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ അവള്‍ക്ക് അഞ്ച് ഭാഷയറിയാമെന്ന് ആര്‍ക്കും മനസിലാകില്ല. എന്റെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഉണ്ടായിട്ടില്ല'' രാജ്പാല്‍ പറയുന്നു.
''എന്റെ ഗുരുവിനും മാതാപിതാക്കള്‍ക്കും ശേഷം എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് എന്റെ ഭാര്യയാണ്. നൂറ് ശതമാനവും. എന്റെ ആദ്യ ഭാര്യയിലെ മകളെ സ്വന്തം മകളെ പോലെയാണ് അവള്‍ വളര്‍ത്തിയത്. ഇപ്പോള്‍ ജ്യോതി ലക്ൗനവിലാണുള്ളത്. വിവാഹം കഴിച്ചു. എല്ലാ ക്രെഡിറ്റും രാധയ്ക്കാണ്. ഞാനൊന്നും ചെയ്തില്ല. ഞാന്‍ ഇടനിലക്കാരന്‍ മാത്രമായിരുന്നു'' എന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











