ഒളിച്ചോട്ടമായിരുന്നു, അന്ന് ഫോട്ടോയൊന്നും എടുത്തില്ല; ധര്‍മ്മജന്റെ 'രണ്ടാം കല്യാണ'ത്തെപ്പറ്റി പിഷാരടി
മലയാളികളുടെ പ്രിയങ്കരനാണ് രമേശ് പിഷാരടി. മിമിക്രി വേദികളില്‍ നിന്നും ടെലിവിഷനിലെത്തിയാണ് രമേശ് പിഷാരടി കയ്യടി നേടുന്നത്. പിന്നാലെ സിനിമയിലുമെത്തി. നടനായും സംവിധായകനായും ശ്രദ്ധ നേടാന്‍ പിഷാരടിയ്ക്ക് സാധിച്ചിട്ടുണ്ട്. ഉരുളയ്ക്ക് ഉപ്പേരി പോലെയുടെ കൗണ്ടറുകളുടെ ആശാനാണ് പിഷാരടി. അവതാരകനായും കയ്യടി നേടിയിട്ടുണ്ട്. രസകരമായി കഥ പറയാനും പിഷാരടിയ്ക്ക് സാധിക്കും.
ഇപ്പോഴിതാ തന്റെ അടുത്ത കൂട്ടുകാരനും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹം കഴിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് പിഷാരടി. ഈയ്യടുത്തായിരുന്നു ധര്‍മ്മജനും ഭാര്യയും ഒരിക്കല്‍ കൂടി വിവാഹം കഴിച്ചത്. വൈറലായി മാറിയതായിരുന്നു ഈ സംഭവം. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അതേക്കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചും പിഷാരടി സംസാരിച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ ഒരു തവണ മാത്രമേ പെണ്ണുകണ്ടിട്ടുള്ളൂ. ഇത് തന്നെ എന്ന് ഉറപ്പിച്ച ശേഷമാണ് കാണാന്‍. ഞാന്‍ ഏറ്റവും കൂടുതല്‍ പെണ്ണു കാണാന്‍ പോയത് ധര്‍മ്മജന്റെ കൂടെയാണ്. അവന്‍ ഒളിച്ചോടിയായിരുന്നു കല്യാണം കഴിച്ചത്. അവന്‍ ഈയ്യടുത്ത് ഒന്നൂടെ കല്യാണം കഴിച്ച് വലിയ സംഭവമായി. എന്റെ ഭാര്യ വിവാഹിതയാകുന്നു; ധര്‍മ്മജന്റെ കുറിപ്പ് ഇതാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഓണ്‍ലൈനില്‍ കാണുന്ന തലക്കെട്ട്. അവന്‍ എന്നോട് തലേന്നെ പറഞ്ഞിരുന്നതാണ്.
വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമായിരുന്നു. അതിന് ഓഫീസില്‍ ചെന്നാല്‍ മതി. പക്ഷെ വീണ്ടും കല്യാണം കഴിക്കുക എന്നത് അവന്റെ ആഗ്രഹമായിരുന്നു. മാലയിട്ട ഫോട്ടോയൊന്നുമില്ലല്ലോ. മാര്യേജ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി മാത്രമായിരുന്നുവെങ്കില്‍ രജിസ്റ്റര്‍ ഓഫീസില്‍ പോയാല്‍ മതി. ഇതൊരു ആഗ്രഹത്തിന്റെ പുറത്താണ്. എന്റെ ഫോണ്‍ അന്നത്തെ ദിവസം വെക്കാന്‍ പറ്റിയില്ല. ആളുകള്‍ക്ക് ഇത് ചോദിക്കണം എന്നുണ്ട്. പതുക്കെ, ധര്‍മ്മജന്‍ എവിടുണ്ട് എന്നൊക്കെയാണ് ചോദിക്കുക. ഞാന്‍ പറഞ്ഞു, ഒന്നും പേടിക്കാനില്ല മറ്റേത് തന്നെയാണ്.

ഞാന്‍ ഒരാളെയേ പെണ്ണു കണ്ടിട്ടുള്ളൂ. ഇന്നത്തെ കാലത്ത് ഫോട്ടോയൊക്കെ കണ്ടിട്ട് പിന്നെ ചെന്നു കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറയേണ്ട ആവശ്യമില്ല. ഇത് തന്നെ എന്നുറപ്പിച്ചിട്ടായിരുന്നു പോയി കണ്ടത്. കിളി എന്നാണ് ഭാര്യയെ വീട്ടില്‍ വിളിക്കുന്നത്. ഹിന്ദി നാട്ടില്‍ വളര്‍ന്ന ആളാണല്ലോ. അതിനാല്‍ സംസാരിക്കുമ്പോള്‍ തത്ത പറയുന്നത് പോലൊരു ഫീല്‍ കിട്ടി. വണ്‍ വേര്‍ഡ് മറുപടികള്‍ തത്ത പറയുന്നത് പോലെ പറയുന്നതായി തോന്നി. അങ്ങനെ കിളിയെന്ന് പേരിട്ടു. വീടിന്റെ പേര് കിളിക്കൂട് എന്നാണ്.
വീട്ടില്‍ ഞാന്‍ ആ ലെവലില്‍ തമാശകളൊന്നും പറയുന്ന ആളല്ല. സീരിയസല്ലെങ്കിലും. പലപ്പോഴും ഞാന്‍ പറയുന്ന തമാശകളൊന്നും അവര്‍ക്ക് മനസിലാകണമെന്നില്ല. കല്യാണം കഴിഞ്ഞ സമയത്ത് ഞാന്‍ പോളണ്ടിനെപ്പറ്റി മിണ്ടരുത് എന്ന് പറഞ്ഞപ്പോള്‍ ഇതെന്താ എന്ന് ചോദിച്ചു. സന്ദേശം കണ്ടിട്ടില്ല, ആ ഡയലോഗ് അറിയില്ല. കല്യാണത്തിന് മുമ്പ് ഫോണ്‍ വിളിക്കുന്ന സമയം, ഒരു ദിവസം ഞാന്‍ നീ ശാരദയെ പോലെ കലണ്ടറില്‍ ഗുണനം വെട്ടി തുടങ്ങിയോ എന്ന് ചോദിച്ചു. പഴയ സിനിമയില്‍ കാണുന്നത് പോലെ. പിന്നീടൊരിക്കല്‍ ചോദിച്ചു, ഇന്നാളൊരു ശാരദാന്റിയെപ്പറ്റി പറഞ്ഞില്ലേ അതെന്താ? അതോടെ ഇനി അങ്ങോട്ട് തമാശയുമായി ചെല്ലണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.


Click it and Unblock the Notifications