ഇനി മമ്മൂക്കയോട് കഥ പറയില്ല; ആവശ്യത്തിലധികം അഹങ്കാരമുള്ളതിനാല്‍ സിനിമ ചെയ്യില്ല: രഞ്ജി പണിക്കര്‍
മലയാള സിനിമയിലെ നിരവധി തീപ്പൊരി സിനിമകള്‍ക്ക് തിരക്കഥയെഴുതിയ വ്യക്തിയാണ് രഞ്ജി പണിക്കര്‍. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് രഞ്ജി പണിക്കര്‍ മനസ് തുറക്കുകയാണ്. മമ്മൂട്ടിയുമായുള്ള ഇണക്കത്തെക്കുറിച്ചും പിണക്കത്തെക്കുറിച്ചുമാണ് രഞ്ജി പണിക്കര്‍ മനസ് തുറക്കുന്നത്. മമ്മൂട്ടിയോട് താന്‍ കഥ പറയില്ലെന്ന് തീരുമാനിച്ചതിനെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്.
കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പരിചയപ്പെടുന്ന കാലം തൊട്ട് തന്നെ മിക്കവാറും എല്ലാ ലൊക്കേഷനില്‍ വച്ചും ഞങ്ങള്‍ തമ്മില്‍ പിണങ്ങുകും ഇണങ്ങുകയും ചെയ്തിട്ടുണ്ട്. ഇണങ്ങാന്‍ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടുമില്ല. പിണങ്ങാനും ഇല്ല. അദ്ദേഹം കലഹിച്ചു കൊണ്ടിരിക്കും.
സിനിമയുമായി ബന്ധപ്പെട്ടൊരു പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍. അതില്‍ വരുന്ന എല്ലാ ഗോസിപ്പുകളുടേയും വിചാരണകളുടേയും ഭാരം അദ്ദേഹം കാണുമ്പോഴൊക്കെ എന്റെ ചുമലില്‍ വെക്കും. പത്രപ്രവര്‍ത്തനം എന്റെ ജോലിയാണ്, മറ്റൊരാളുടെ ഇത്തരം അവഹേളനങ്ങളുടെ പാത്രമാകേണ്ടതില്ലെന്ന എന്റെ ഡിറ്റര്‍മിനേഷനില്‍ ഞാന്‍ തിരിച്ചും അങ്ങനെ തന്നെ പ്രതികരിക്കും.

അങ്ങനെ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ സിനിമയില്‍ വരുന്നതിന് മുമ്പും എനിക്ക് അദ്ദേഹവുമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. അക്കാലത്തും ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥിയായി താമസിച്ചിട്ടുണ്ട്. അദ്ദേഹം പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ ഞാനും സഹോദരന്മാരും മാത്രമായിരിക്കും ചിലപ്പോഴൊക്കെ ഉണ്ടാവുക. അത്രയും സ്വാതന്ത്ര്യവും അടുപ്പവും അത്ര തന്നെ പിണക്കങ്ങളുമുണ്ടാകുമായിരുന്നു.
ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന ആക്കാലത്ത് സുറുമ, വാര്‍ത്ത എന്നിങ്ങനെ വിഷ്വല്‍ മാഗസിന്‍ മമ്മൂക്ക ആരംഭിച്ചിരുന്നു. അന്ന് അത് തുടങ്ങാനുള്ള വിഷന്‍ അദ്ദേഹത്തിനുണ്ടായിരുന്നു. നീ ഇത് നോക്ക് എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ അതിന്റെ എഡിറ്റര്‍ ആക്കുന്നത്. വിഷ്വല്‍ മീഡിയയുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത് അങ്ങനെയായിരുന്നു.

തന്റെ കൈയ്യില്‍ കഥയുണ്ടോ എന്ന് ചോദിക്കുമായിരുന്നു. ഞാന്‍ ഒഴിഞ്ഞു മാറും. എനിക്കങ്ങനെ സിനിമാ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് പശുപതി എഴുതാന്‍ പോകുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിയാണ് പോയത്. അദ്ദേഹത്തെ ഞാനൊരു മൂത്ത സഹോദരനെ പോലെയായിരുന്നു കണ്ടിരുന്നത്. സഹോദര തുല്യനായിട്ട് തന്നെയായിരുന്നു എന്നേയും കണ്ടിരുന്നതും കണ്ടു പോരുന്നതും.
ഏകലവ്യന്റെ കഥ ഞാന്‍ ആദ്യമായി പറയുന്നത് മമ്മൂക്കയോടാണ്. പക്ഷെ ചില കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല. അതോടെ ഇനി മമ്മൂക്കയോട് കഥ പറയില്ലെന്ന വാശിയില്‍ ഞാന്‍ സ്വയമൊരു തീരുമാനം എടുത്തു. പിന്നീട് ഞാന്‍ ഷാജിയുമായൊരു സിനിമ ചെയ്യുമ്പോള്‍ അക്ബര്‍ എന്ന നിര്‍മ്മാതാവ് എന്നെ വന്നു കണ്ടു. മമ്മൂക്ക വിളിച്ചില്ലേ നമുക്ക് സിനിമ ചെയ്യണ്ടേയെന്ന് ചോദിച്ചു. ഞാനില്ല എന്ന് ഞാന്‍ പറഞ്ഞു.

മമ്മൂക്ക അന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന കാലമാണ്. അക്ബര്‍ എന്ന ആ നിര്‍മ്മാതാവ് കുറച്ച് ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന് ആ സിനിമ ചെയ്‌തേ മതിയാവൂ. അന്നത്തെ കാലത്ത് ഷുവര്‍ ഷോട്ടായതിനാലാകും മമ്മൂക്ക താന്‍ രഞ്ജിയോട് തിരക്കഥ വാങ്ങി ഷാജി സംവിധാനം ചെയ്യുന്നൊരു സിനിമ ചെയ്യൂ എന്ന് പറഞ്ഞത്.
എനിക്ക് ആവശ്യത്തില്‍ കവിഞ്ഞ അഹങ്കാരമുള്ളത് കൊണ്ട് ഞാന്‍ ആ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു. മമ്മൂക്ക വിളിച്ചപ്പോഴും ഞാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. അക്ബര്‍ എന്റെ അമ്മയെ പോയി കണ്ട് കാര്യങ്ങള്‍ പറയുകയും ചെയ്തു. അമ്മ എന്നെ വിളിച്ചു, കുഞ്ഞേ നീ ആ സിനിമ എഴുതി കൊടുക്കണമെന്ന് പറഞ്ഞു. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ നീ കുടുതല്‍ ഇങ്ങോട്ടൊന്നും പറയണ്ട അതങ്ങ് എഴുതി കൊടുക്കെന്നായിരുന്നു അമ്മ പറഞ്ഞത്.
അങ്ങനെ ഞാന്‍ ആ സിനിമ എഴുതാന്‍ തീരുമാനിച്ചു. അപ്പോഴും മമ്മൂക്കയോട് കഥ പറയില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നെ അതിനൊന്നും കിട്ടില്ലെന്നായിരുന്നു പറഞ്ഞത്. പക്ഷെ ഞാന്‍ കാണുന്ന ഗൗരവ്വത്തോടെയൊന്നും അതിനെ മമ്മൂക്ക കണ്ടിരുന്നില്ല. അദ്ദേഹം കൗതുകത്തോടെയായിരുന്നു അതിനെ കണ്ടത്. പിന്നീടൊരു ദിവസം എന്നേയും ഷാജിയേയും കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വിൡച്ചു കൊണ്ടു പോയി ബിരിയാണിയൊക്കെ തന്ന ശേഷം ആ കഥ പറ എന്ന് പറഞ്ഞു. ഞാന്‍ അപ്പോഴും പറഞ്ഞില്ല.
അതും ഒരു കൗതുകത്തോടു കൂടി കണ്ടത് കൊണ്ടായിരിക്കും അദ്ദേഹം കിംഗ് സിനിമ ചെയ്തത്. അല്ലാതെ മമ്മൂട്ടിക്ക് വേറെ സിനിമ ഇല്ലാത്തത് കൊണ്ടോ ഞാന്‍ എഴുതിയില്ലെങ്കില്‍ മമ്മൂട്ടിക്ക് നിലനില്‍പ് ഇല്ലാത്തത് കൊണ്ടോ അല്ല. അങ്ങനെയാണ് അദ്ദേഹം കിംഗ് സിനിമ ചെയ്തത്. എന്നു പറഞ്ഞാണ് രഞ്ജി പണിക്കര്‍ നിര്‍ത്തുന്നത്.


Click it and Unblock the Notifications











