മകളുടെ വേര്‍പാട് ചേച്ചിയിലുണ്ടാക്കിയ മാറ്റം മറക്കാനാകില്ല, മറി കടന്നത് സംഗീതത്തിലൂടെ: രഞ്ജിനി ഹരിദാസ്
മലയാളികളുടെ പ്രിയ ഗായികയാണ് കെഎസ്. മലയാളികളുടെ മൊത്തം ചിത്ര ചേച്ചി. തന്റെ ശബ്ദം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളി മനസില്‍ ഒരിക്കലും മായാത്തൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ചിത്ര. നമ്മുടെ സന്തോഷത്തിനും സങ്കടത്തിനും വിരഹത്തിനും പ്രണയത്തിനുമൊക്കെ കൂട്ടിരിക്കാന്‍ ചിത്രയുടെ ശബ്ദം ഓടിയെത്താറുണ്ട്. ഇത്രയും കാലം സംഗീത ലോകത്ത് നിറ സാന്നിധ്യമായി നില്‍ക്കാന്‍ സാധിച്ച മറ്റൊരു ഗായികയുണ്ടോ എന്ന് പോലും സംശയമുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട ചിത്ര ചേച്ചി അറുപതിലേക്ക് കടന്നിരിക്കുകയാണ്. ഈ അവസരത്തില്‍ അവതാരകയും നടിയും ബിഗ് ബോസ് താരവുമൊക്കെയായ രഞ്ജിനി ഹരിദാസ് ചിത്രയെക്കുറിച്ച് മനസ് തുറക്കുകയാണ്. ഗൃഹലക്ഷ്മിയിലെഴുതിയ കുറിപ്പിലൂടെയാണ് രഞ്ജിനി ചിത്രയെക്കുറിച്ച് മനസ് തുറക്കുന്നത്. വ്യക്തിത്വം കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ചയാള്‍ ചിത്ര ചേച്ചിയാണെന്നാണ് രഞ്ജിനി പറയുന്നത്.

''ഞാന്‍ ആങ്കറിങ് ചെയ്ത പല പരിപാടികളിലും അതിഥിയായി ചേച്ചി എത്തിയിട്ടുണ്ടെങ്കിലും ഞങ്ങള്‍ ഏറ്റവും അടുത്തത് സ്റ്റാര്‍ സിങ്ങറിലൂടെയാണ്. പരിചയപ്പെട്ട നിമിഷം മുതലേ പറഞ്ഞറിയിക്കാനാകാത്ത അടുപ്പം വളര്‍ന്നു. എന്റേയും ചേച്ചിയുടേയും സ്വഭാവം തീര്‍ത്തും വ്യത്യസ്തമാണ്. ചേച്ചി വളരെ സ്‌നേഹത്തോടെ സംസാരിക്കുന്നയാള്‍, ഞാന്‍ എല്ലാം വെട്ടിത്തുറന്ന് പറയുന്ന കൂട്ടത്തിലും'' എന്നാണ് രഞ്ജിനി പറയുന്നത്.
ജീവിതത്തില്‍ ഞാന്‍ ഏറ്റവും വില കല്‍പ്പിക്കുന്ന വ്യക്തികളുടെ കൂട്ടത്തിലാണ് ചിത്രചേച്ചി. ഒരു കുടുംബാംഗത്തെ പോലെയാണ് തങ്ങളെന്നും രഞ്ജിനി പറയുന്നു. തനിക്ക് മാത്രമല്ല, എല്ലാവര്‍ക്കും അങ്ങനെയായിരിക്കുമെന്നും രഞ്ജിനി പറയുന്നുണ്ട്. അതേസമയം തന്നെ നല്ല പെണ്‍കുട്ടിയാക്കി മാറ്റാന്‍ ചിത്ര എപ്പോഴും ശ്രമിക്കുമായിരുന്നുവെന്നും രഞ്ജിനി പറയുന്നുണ്ട്. തങ്ങളുടെ സ്വഭാവങ്ങള്‍ തമ്മിലുള്ള അന്തരത്തെക്കുറിച്ചും ഇവിടെ രഞ്ജിനി ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നെ ഒരു നല്ല പെണ്‍കുട്ടിയാക്കി മാറ്റാന്‍ ചേച്ചി എപ്പോഴും ശ്രമിക്കുമായിരുന്നു. കലിന്മേല്‍ കാലുകേറ്റി വച്ചിരുന്നാലോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാലോ ചേച്ചിയുടെ മുഖം മാറും. ഒന്നു പോ ചേച്ചി എന്ന് ഞാനപ്പോള്‍ ചിരിച്ചു കൊണ്ട് പറയുമെന്നാണ് രഞ്ജിനി പറയുന്നത്. ചിത്ര ചേച്ചിയെ താനൊരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നും രഞ്ജിനി പറയുന്നു. എത്ര ക്ഷീണിച്ചാലും അത് പുറത്ത് കാണിക്കാത്ത ചിത്ര ആരോടും നോ പറയാറില്ലെന്നും രഞ്ജിനി പറയുന്നു.

സ്വന്തം ജീവിതം മാതൃകയാക്കി നമുക്ക് മുന്നില്‍ തുറന്ന് കാണിച്ച വ്യക്തി എന്നാണ് രഞ്ജിനി ചിത്രയെക്കുറിച്ച് പറയുന്നത്. ''ദൈവികമായ പ്രഭാവലയം എപ്പോഴും ചേച്ചിക്ക് ചുറ്റുമുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്. ചേച്ചി അടുത്തുണ്ടെങ്കില്‍ പോസിറ്റിവിറ്റി കൈവരും'' എന്നും രഞ്ജിനി അഭിപ്രായപ്പെടുന്നു. അതേസമയം ചിത്രയുടെ മകളുടെ വിയോഗത്തെക്കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്. മകളുടെ വേര്‍പാട് ചേച്ചിയിലുണ്ടാക്കിയ മാറ്റം ഒരിക്കലും മറക്കാനാകില്ല. സമയമെടുത്താണെങ്കിലും ഒരു പരിധിവരെ ചേച്ചി അതിനെ മറികടന്നു. സംഗീതമാണ് അതിന് വഴിയൊരുക്കിയതെന്നാണ് രഞ്ജിനി പറയുന്നത്.
കണ്ടിട്ടുള്ളതില്‍ വച്ച് വ്യക്തിത്വം കൊണ്ട് ഏറ്റവും പ്രചോദിപ്പിച്ചയാള്‍ ആരാണെന്ന് ചോദിച്ചാല്‍ അത് ചിത്രചേച്ചി തന്നെയാണെന്നായിരിക്കും രഞ്ജിനി പറയുക.


Click it and Unblock the Notifications