പാലേരി മാണിക്യത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്ന് നടി; നിഷേധിച്ച് രഞ്ജിത്ത്
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്ത്. ശ്രീലേഖ മിത്രയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് രഞ്ജിത്ത് പറയുന്നത്. ശ്രീലേഖ ഓഡിഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യ അല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നുമാണ് രഞ്ജിത്ത് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സംവിധായകന്‍ പ്രതികരണം.
ഗുരുതര ആരോപണമാണ് രഞ്ജിത്തിനെതിരെ നേരത്തെ ശ്രീലേഖ മിത്ര ഉന്നയിച്ചത്. മമ്മൂട്ടി നായകനായ പാലേരി മാണ്യകം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു താന്‍. ദുരനുഭവത്തോടെ താന്‍ തിരിച്ചു പോയെന്നും തനിക്ക് തിരികെ പോകാനുള്ള ടിക്കറ്റ് പോലും എടുത്ത് നല്‍കിയില്ലെന്നും ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ശ്രീലേഖയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''നേരത്തെ ശ്യാമപ്രസാദിന്റെ അകലെ എന്ന സിനിമയില്‍ ഞാന്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. പൃഥ്വിരാജായിരുന്നു നായകന്‍. പിന്നീടാണ് ഈ ഓഫര്‍ ലഭിക്കുന്നത്. ആ സമയം ഞാന്‍ വ്യക്തി ജീവിതം കുറച്ച് പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതിനാല്‍ ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുന്ന സമയമായിരുന്നു. എന്നോട് കൊച്ചിയിലേക്ക് വരാന്‍ പറഞ്ഞു. അവര്‍ എന്റെ ഫോട്ടോകളും ഓഡിഷനും വര്‍ക്കുമൊക്കെ കണ്ടാണ് തിരഞ്ഞെടുക്കുന്നത്.''
''2009ലോ 2010 ലോ ആണ് സംഭവം. സോഷ്യല്‍ മീഡിയ ഇത്ര സജീവമായിരുന്നില്ല. അവര്‍ എനിക്കുള്ള ടിക്കറ്റ് അയച്ചു തന്നിരുന്നു. രണ്ട് ഫ്‌ളൈറ്റ് കയറിയാണ് അവിടെ എത്തുന്നത്. നല്ലൊരു ത്രീ സ്റ്റാര്‍ ഹോട്ടലിലായിരുന്നു താമസവും. സംവിധായകനെ ഞാന്‍ രാവിലെ കണ്ടു. ഞങ്ങള്‍ ഫോട്ടോഷൂട്ട് നടത്തുകയും സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. സംവിധായകന്‍ നല്ല അറിവുള്ള വ്യക്തിയായിരുന്നു. എന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചടക്കം ഞാന്‍ അദ്ദേഹത്തിനോട് സംസാരിച്ചിരുന്നു.''
''സംവിധായകന്റെ പേര് രഞ്ജീത്ത് എന്നാണ്. സിനിമ പാലേരി മാണിക്യം ആണെന്ന് കരുതുന്നു. മമ്മൂട്ടിയുടെ കൂടെയായിരുന്നു ഞാന്‍ അഭിനയിക്കേണ്ടിയിരുന്നത്. അത് വലിയൊരു അവസരമായിരുന്നു എനിക്ക്. ദക്ഷിണേന്ത്യന്‍ സിനിമകള്‍, പ്രത്യേകിച്ച് മലയാളം സിനിമകള്‍ എനിക്കേറെ ഇഷ്ടമാണ്. ഒരുപാട് പ്രതീക്ഷയോടെയാണ് ഞാന്‍ ചെല്ലുന്നത്. രാവിലെ കണ്ടുമുട്ടിയപ്പോള്‍ നല്ല പെരുമാറ്റമായിരുന്നു. സംവിധയാകന് എന്നേക്കാള്‍ കുറച്ച് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദം ഉടലെടുക്കുകയും ചെയ്തിരുന്നു''.
''വൈകുന്നേരം എന്നെ വീണ്ടും വിളിച്ചു. നിര്‍മ്മാതാവും ക്രൂവിലെ ചിലരും വരുന്നുണ്ടെന്ന് പറഞ്ഞു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംസാരിക്കാമെന്നും പറഞ്ഞു. അവിടെ ചെന്നപ്പോള്‍ കുറേ ആളുകളുണ്ടായിരുന്നു. ചിലര്‍ മദ്യപിക്കുകയായിരുന്നു. സംവിധായകന്‍ ഫോണില്‍ ഛായാഗ്രഹകനോട് സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഞാന്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ എന്നോട് സംസാരിക്കണമോ എന്ന് ചോദിച്ചു''.
''ഛായാഗ്രാഹകന്‍ വേണുവുമായി ഞാന്‍ ബാല്‍ക്കണിയില്‍ നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു ഞാന്‍. അദ്ദേഹം എന്റെ അരികില്‍ നിന്നു കൊണ്ട് എന്റെ വളകളില്‍ വിരലോടിച്ച് കളിക്കുകയായിരുന്നു. എനിക്ക് അസ്വസ്ഥത തോന്നി. അയാളുമായി അത്ര സൗഹൃദത്തിലായിരുന്നില്ലല്ലോ ഞാന്‍. പക്ഷെ ഞാന്‍ അയാള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി. ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല എന്നതാണ് സത്യം''.

''ഞാന്‍ പ്രതിഷേധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അയാളുടെ കൈ എന്റെ മുടിയിലേക്കും കഴുത്തിലേക്കും എത്തി. അതോടെ ഞാന്‍ അവിടെ നിന്നും പുറത്തിറങ്ങി. ഞാന്‍ തിരികെ ഹോട്ടല്‍ മുറിയിലെത്തി. ഇനി ഇവിടെ അഭിനയിക്കാനില്ലെന്ന് തീരുമാനിച്ചു. ഇക്കാര്യം അസിസ്റ്റന്റ് ഡയറക്ടറെ അറിയിച്ചു. ആ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല. ആ സമയത്ത് ഞാന്‍ ഭര്‍ത്താവുമായി സംസാരിക്കുന്നില്ലായിരുന്നു. ഞാന്‍ അനുഭവിക്കുന്ന അവസ്ഥ പങ്കിടാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല അന്ന്.''
''ആ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. വാതിലില്‍ കസേരിയും സോഫയുമൊക്കെ വച്ചാണ് കിടന്നത്. അവരുടെ പക്കല്‍ മാസ്റ്റര്‍ കീ ഉണ്ടാകുമോ, ആരെങ്കിലും വന്ന് വാതില്‍ തള്ളിത്തുറക്കുമോ എന്നൊക്കെ ഞാന്‍ ഭയന്നു. എനിക്ക് തിരിച്ച് പോകാനുള്ള ടിക്കറ്റ് പോലും അവര്‍ എടുത്തു തന്നില്ല. സ്വന്തം ചെലവിലാണ് ഞാന്‍ തിരിച്ചു വന്നത്. പിന്നീട് എനിക്ക് സിനിമകളിലും അവസരം ലഭിച്ചില്ല'' എന്നാണ് അവര്‍ പറയുന്നത്.


Click it and Unblock the Notifications