രണ്ടാഴ്ച കിടന്നുറങ്ങിയത് കപിലിന്റെ ഗസ്റ്റ് റൂമില്‍! സാര്‍ എന്ന് വിളിച്ച രണ്‍വീറിനെ തിരുത്തി പൃഥ്വി
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 83. കപില്‍ ദേവിന്റെ നേതൃത്വത്തില്‍ 1983 ല്‍ ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ചിത്രം പറയുന്നത്. കപില്‍ ദേവായി ചിത്രത്തിലെത്തുന്നത് രണ്‍വീര്‍ സിംഗാണ്. കപിലിന്റെ ഭാര്യ റോമിയുടെ വേഷം അവതരിപ്പിക്കുന്നത് ദീപിക പദുക്കോണ്‍ ആണ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലറും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ചിത്രം നാളെയാണ് തീയേറ്ററുകളിലെത്തുക.
83 കേരളത്തില്‍ വിതരണം ചെയ്യുന്നത് പ്ൃഥ്വിരാജ് ആണ്. ഇപ്പോഴിതാ പൃഥ്വിരാജും രണ്‍വീര്‍ സിംഗും തമ്മിലുളള അഭിമുഖം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മനോരമയ്ക്ക് വേണ്ടിയാണ് പൃഥ്വിരാജ് രണ്‍വീര്‍ സിംഗിനെ ഇന്റര്‍വ്യു ചെയ്തത്. കപില്‍ ദേവ് ആയി മാറാന്‍ താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള രണ്‍വീറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നുണ്ട്. രണ്ടാഴ്ച താന്‍ കപില്‍ ദേവിനൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നാണ് രണ്‍വീര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ക്രിയേറ്റീവ് പ്രോസസ് തുടങ്ങിയപ്പോള്‍ സിനിമയുടെ പ്രൊഡക്ഷന്‍ ടീം വന്നു. ഞാന്‍ അവരോട് എല്ലാ വീഡിയോ ഫൂട്ടേജും തരാന്‍ ആവശ്യപ്പെട്ടു. വളരെ ചെറിയൊരു ഫോള്‍ഡര്‍ മാത്രമായിരുന്നു അവര്‍ക്ക് തരാനുണ്ടായിരുന്നത്. ഇത്രയേ ഉള്ളൂവോ എന്ന് ഞാന്‍ ചോദിച്ചു. ഇത്രയേ ഞങ്ങള്‍ക്ക് കിട്ടിയുള്ളൂവെന്ന് അവരും പറഞ്ഞു. ഒരു സിനിമ മൊത്തമാണോ ഈ ചെറിയ ഫോള്‍ഡര്‍ എന്ന് ഞാന്‍ ചോദിച്ചു. അതെ എന്ന് അവര്‍ ആവര്‍ത്തിച്ചു. ആ ടീമിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥ എനിക്കറിയാം. അവര്‍ എന്നെ വഞ്ചിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ട് ഇത്രയേ കാണൂവെന്ന് ഞാനും കരുതി. പക്ഷെ അത് വളരെ കുറച്ച് മാത്രമേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഇതിന്റെ ഒക്കെ ഉറവിടത്തിലേക്ക് തന്നെ പോകണമെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാന്‍ കപില്‍ ദേവ് സാറിനെ കാണാന്‍ ചെന്നു.
കപില്‍ സാറും റോമിജിയും വളരെ നല്ല മനുഷ്യരാണ്. അവര്‍ എന്നെ രണ്ടാഴ്ച ഡല്‍ഹിയില്‍ അവരുടെ വീട്ടില്‍ താമസിപ്പിച്ചു. ഞാനവരുടെ ഗസ്റ്റ് റൂമിലായിരുന്നു താമസിച്ചിരുന്നത്. കബിര്‍ സാറും വരുമായിരുന്നു. രാവിലെ ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കും. പിന്നെ പ്രാക്ടീസിന് പോകും. വൈകിട്ട് തിരികെ വരും. വൈകുന്നേരം മൂന്ന് നാല് മണിക്കൂര്‍ ഞങ്ങള്‍ സംസാരിക്കും. രണ്ടാഴ്ച എല്ലാ ദിവസവും വൈകുന്നേരം ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുമായിരുന്നു. ഇതൊരു ആചാരമായി മാറി. കപില്‍ ജിയും റോമി ജിയും അവരുടെ അനുഭവങ്ങളും കഥകളും പങ്കുവെക്കും. ഞാനും കബീര്‍ സാറും അത് ശ്രദ്ധയോടെ കേട്ടിരുന്ന് ഞങ്ങള്‍ക്ക് വേണ്ട അറിവത്രയും ശേഖരിക്കും. വീഡിയോ എടുക്കുകയും സൗണ്ട് റെക്കോര്‍ഡ് ചെയ്യുകയും നോട്ടുകള്‍ എഴുതുകയുമൊക്കെ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ഞാനും കബിര്‍ സാറും.
ആ ദിവസങ്ങളാണ് കപില്‍ ദേവ് എന്ന മനുഷ്യന്റെ ഉളളിലേക്ക് കടക്കാന്‍ എനിക്ക് സഹായമായത്. അദ്ദേഹത്തിന്റെ രീതികളും സമീപനങ്ങളും ആ മനസിനുള്ളിലേക്ക് കടന്നു ചെല്ലാനും ആ ദിവസങ്ങള്‍ സഹായിച്ചു. എനിക്ക് കഥാപാത്രമായി മാറാനുള്ളതെല്ലാം ആ ദിവസങ്ങളിലാണ് ലഭിക്കുന്നത്. വീഡിയോ ഫൂട്ടേജുകളൊന്നുമില്ലാത്തതിനാല്‍ എനിക്ക് അതൊക്കെയായിരുന്നു കൈമുതലായുണ്ടായിരുന്നത്. അദ്ദേഹം ഇന്നത്തെ കപില്‍ ദേവിലേക്ക് വളര്‍ന്നിട്ടുണ്ട്, പക്ഷെ എന്റെ ജോലി എന്നത് അദ്ദേഹത്തെ തിരികെ പഴയ കാലത്തിലേക്ക് കൊണ്ടു പോവുകയും അന്നത്തെ കാര്യങ്ങള്‍ അറിയുകയുമായിരുന്നു. തിരികെ വന്നപ്പോള്‍ എനിക്ക് വേണ്ടത്രയും കപില്‍ ദേവ് എന്റെ പക്കലുണ്ടായിരുന്നു എന്നാണ് രണ്‍വീര്‍ പറയുന്നത്.
അഭിമുഖത്തിനിടെ രണ്‍വീര്‍ പൃഥ്വിരാജിനെ സാര്‍ എന്നായിരുന്നു അഭിസംബോധന ചെയ്തത്. എന്നാല്‍ തന്നെ സാര്‍ എന്ന് വിളിക്കേണ്ടതില്ലെന്നും പൃഥ്വി എന്ന് വിളിച്ചാല്‍ മതിയെന്നും പൃഥ്വിരാജ് പറയുന്നു. താന്‍ അഭിനയിക്കാന്‍ തുടങ്ങുകയും ചെറുപ്പമാണെന്ന് തോന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഘട്ടത്തിലൂടെയാണ് താനിപ്പോള്‍ കടന്നു പോകുന്നതെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. രസകരമായ അഭിമുഖം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്.


Click it and Unblock the Notifications