'നടിയുടെ മുഖമല്ലെന്നാണ് അവർ പറഞ്ഞത്, ഞാൻ കുറേ കരഞ്ഞു'; സിനിമകളിൽനിന്ന് റിജക്ട് ചെയ്യപ്പെട്ടതിനെ പറ്റി രശ്‌മിക!
തെന്നിന്ത്യയിലെ മിന്നും താരമാണ് ഇന്ന് രശ്മിക മന്ദാന. ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാൾ. തെലുങ്കും തമിഴും കന്നഡവും എല്ലാം കടന്ന് ഇപ്പോൾ ബോളിവുഡിലും സജീവമായി മാറുകയാണ് രശ്‌മിക. നടിയുടെ മൂന്നാമത്തെ ഹിന്ദി ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പുഷ്പ എന്ന സിനിമയുടെ ഗംഭീര വിജയത്തോടെയാണ് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി രശ്‌മിക മാറിയത്.
സോഷ്യൽ മീഡിയയിലൊക്കെ നാഷണൽ ക്രഷ് എന്ന് വിളിക്കപ്പെടുന്ന രശ്മിക മന്ദാന തന്റെ കരിയര്‍ ആരംഭിക്കുന്നത് കന്നഡ സിനിമയില്‍ നിന്നാണ്. കാന്താര സിനിമയുടെ സംവിധായകൻ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കിറിക്ക് പാർട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.

എന്നാൽ രണ്ടു വർഷങ്ങൾക്ക് ശേഷം തെലുങ്കിൽ വിജയ് ദേവരകൊണ്ടയോടൊപ്പം നായികയായി അഭിനയിച്ച ഗീത ഗോവിന്ദമാണ് രശ്മികയുടെ കരിയറിൽ വഴിത്തിരിവായത്. അതോടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരം അതിനടുത്ത വർഷം ഇറങ്ങിയ ഡിയർ കോമ്രേഡ് എന്ന ചിത്രത്തിന്റെ വിജയത്തോടെ വലിയ താരമായി മാറുകയായിരുന്നു.
പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ രശ്‌മിക നിറ സാന്നിധ്യമായി മാറുകയായിരുന്നു. ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോവുകയാണ് രശ്‌മിക. അതേസമയം, തുടക്കകാലത്ത് താൻ വലിയ രീതിയിൽ അവഗണകൾ നേരിട്ടിട്ടുണ്ട് എന്ന് പറയുകയാണ് രശ്മിക.

സിനിമയ്ക്ക് വേണ്ടി താൻ 25 ഓളം ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും. മിക്ക ഓഡിഷനുകളിൽ നിന്നും തന്നെ റിജക്ട് ചെയ്യുകയായിരുന്നുവെന്നും ആ റിജക്ഷൻ ഉൾകൊള്ളാൻ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നുമാണ് രശ്‌മിക പറയുന്നത്. ഒരു സിനിമാ നടിക്ക് ചേരുന്ന മുഖമല്ല തന്റേതെന്നാണ് പലരും പറഞ്ഞ കാരണമെന്നും അതിന്റെ പേരിൽ കുറേ കരഞ്ഞിട്ടുണ്ടെന്നും രശ്മിക പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് രശ്മിക മനസ്സ് തുറന്നത്.

'ഞാൻ വളർന്നത് ഹോസ്റ്റലിൽ നിന്നാണ്. കൂടുതലും ഹോസ്റ്റലിൽ തന്നെ ആയിരുന്നു. എന്റെ മാതാപിതാക്കൾ അവരുടെ ബിസിനസും മറ്റുമായി തിരക്കിലായിരുന്നു. ഞാൻ പണ്ട് സിനിമകൾ കാണുക പോലുമില്ലായിരുന്നു. ഹോസ്റ്റലിൽ ആയിരുന്നപ്പോൾ കുറച്ച് സമയം വാർത്തയും സ്പോർട്സും കാണാൻ സമയം തരുമായിരുന്നു,'
'എനിക്ക് പാട്ടും ഡാൻസുമൊക്കെ ഒക്കെ ഇഷ്ടമായിരുന്നു. പക്ഷെ അതൊന്നും പഠിക്കാൻ തീരെ ഇഷ്ടമില്ലായിരുന്നു. ഞാൻ എപ്പോഴും ഒരു ബാക്ക് ബെഞ്ചർ ആയിരുന്നു. പഠനത്തിന് വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല. പഠനം കഴിഞ്ഞ് പോയിട്ട് അച്ഛനെ ബിസിനസിൽ സഹായിക്കാമെന്നാണ് കരുതിയിരുന്നത്,'

'പക്ഷെ താരങ്ങളുടെ ജീവിതം എന്നെ എപ്പോഴും അസൂയപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്ത് മനോഹരമായ ജീവിതമാണ് അവർ നയിക്കുന്നതെന്ന് പണ്ട് ഞാൻ കരുതിയിരുന്നു. വലുതായപ്പോൾ കുറേ ഓഡീഷനുകളിൽ ഞാൻ പങ്കെടുത്തു. സീരിയലുകൾക്ക്, സിനിമകൾക്ക് തുടങ്ങി എല്ലാ ഒഡിഷനുകൾക്കും ഞാൻ പോകുമായിരുന്നു,'
'ഒരുപാട് തവണ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിജക്ട് ചെയ്യുന്നത് ഉൾകൊള്ളാൻ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. 25 ഓളം ഒഡിഷനുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. നിങ്ങളുടേത് ഒരു നടിയുടെ മുഖമല്ലെന്ന് പലരും എന്നോട് പറഞ്ഞു. വീട്ടിൽ വന്ന് അതിന്റെ പേരിൽ ഞാൻ കുറേ കരഞ്ഞിട്ടുണ്ട്. അതിനൊക്കെ ശേഷമാണ് എനിക്കൊരു അവസരം ലഭിക്കുന്നത്,' രശ്മിക മന്ദാന പറയുന്നു.

അതേസമയം, മിഷൻ മജ്‌നു ആണ് രശ്മികയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിദ്ധാർഥ് മൽഹോത്ര നായകനായ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീമിംഗ് ചെയ്തത്. വാരിസാണ് തിയേറ്ററുകളിൽ എത്തിയ അവസാന ചിത്രം.
അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമായ ഗുഡ് ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവൂഡിലെത്തിയത്. അതിനു ശേഷം മിഷൻ മജ്‌നു എന്ന ചിത്രത്തിലാണ് രശ്മിക അഭിനയിച്ചത്. അനിമൽ ആണ് അണിയറയിൽ ഒരുങ്ങുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം.പുഷ്പയുടെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications