ഞങ്ങളെ ഇട്ടിട്ട് പോകുമോ എന്ന് കിച്ചുവിനോട് ചോദിച്ചു, അവന്‍ പറഞ്ഞ മറുപടി; തുറന്ന് പറഞ്ഞ് രേണു
മലയാളികളുടെ പ്രിയപ്പെട്ട മിമിക്രി താരമായിരുന്നു കൊല്ലം സുധി. ആ മരണം കേരളത്തെയാകെ വേദനിപ്പിച്ച ഒന്നായിരുന്നു. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടാണ് കൊല്ലം സുധി വളര്‍ന്നു വന്നത്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ മരണം അദ്ദേഹത്തെയും കൊണ്ടു പോവുകയായിരുന്നു. ഇപ്പോഴിതാ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
കൊല്ലം സുധിയുടെ മരണത്തെക്കുറിച്ചും തുടര്‍ന്ന് തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കറിച്ചുമൊക്കെ മനസ് തുറക്കുകയാണ് രേണു സുധി. ജോഷ് ടോക്കിലൂടെയാണ് രേണു മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം.

വിധി ക്രൂരനാണെന്ന് പറയുന്നത് സത്യമാണ്. ഞങ്ങളില്‍ നിന്നും തട്ടിപ്പറിച്ചു കൊണ്ടു പോവുകയായിരുന്നു. ആ ഒരു നിമിഷം എന്റെ തലയില്‍ ഒരു മിന്നല്‍ പോലെയാണ് തോന്നിയത്. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. അപ്പോഴും ഞാന്‍ തളര്‍ന്നു വീഴില്ലെന്ന് എനിക്കറിയാമായിരുന്നു. ആ വിവരം അറിഞ്ഞത് മുതല്‍ ഞാന്‍ ഒന്നും കഴിച്ചിരുന്നില്ല. ഒന്നും സംസാരിച്ചതുമില്ലെന്നാണ് രേണു പറയുന്നത്.
സുധിച്ചേട്ടനെ കൊണ്ടു വന്നപ്പോള്‍ ഞാന്‍ കാണ്ടാന്ന് പറഞ്ഞു. അപ്പോള്‍ ആളുകള്‍ പറഞ്ഞത് അവള്‍ എന്തൊരു സാധനമാണ്, അവള്‍ക്ക് സുധിയേ കാണണ്ട എന്നായിരുന്നു. തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ സുധിച്ചേട്ടന്‍ പിറ്റേന്ന് ജീവനില്ലാത്ത ശരീരമായി വരുമ്പോള്‍ എന്റെ അവസ്ഥ എന്തായിരിക്കും? എനിക്കത് കാണാനുള്ള ശേഷിയില്ലായിരുന്നു. പിന്നീട് ഞാന്‍ ഏട്ടനെ കണ്ടു. പക്ഷെ ഞാന്‍ തളര്‍ന്നു വീണില്ലെന്ന് രേണു പറയുന്നു.
മുന്നോട്ട് ജീവിക്കണം എന്നൊരു ധൈര്യം എനിക്കുണ്ടായിരുന്നു. സുധിച്ചേട്ടന്റെ സ്വപ്‌നം എന്നിലൂടേയും മക്കളിലൂടേയും നേടണമെന്ന് ഞാന്‍ കരുതി. സോഷ്യല്‍ മീഡിയയില്‍ എന്റെ ആശ്വാസത്തിന് റീലിടുമ്പോള്‍ കാണുന്നത് നോക്കിക്കോ അടുത്ത വര്‍ഷം അവള്‍ വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞ് അവളൂടേത് അല്ലല്ലോ അതിനെ ഉപേക്ഷിക്കും എന്നാണ്. പതിനെട്ട് വയസുള്ള കുഞ്ഞാണ് എന്റെ കൂടെ. 11-ാം വയസ് മുതല്‍ എന്നെ അമ്മേ എന്ന് വിളിച്ചവനാണ്. എനിക്ക് അവന്‍ എന്റെ മകനാണ്. പിന്നെ ആള്‍ക്കാര്‍ എന്തിനാണ് ഇങ്ങനെ പറയുന്നത്? എന്നാണ് രേണു ചോദിക്കുന്നത്.
ആദ്യം വിഷമം വന്നുവെങ്കിലും ഞാന്‍ മുന്നോട്ട് ചിന്തിച്ചു. പറയുന്നവര്‍ പറയും ആരുടേയും വായ നമുക്ക് മൂടി കെട്ടാനാകില്ല. പക്ഷെ ഇനി കിച്ചു ഞങ്ങളെ ഉപേക്ഷിച്ചു പോകുമോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. സുധിച്ചേട്ടന്റെ സംസ്‌കാരമൊക്കെ കഴിഞ്ഞ ശേഷം ഞാന്‍ അവനോട് ചോദിച്ചു, നീ ഞങ്ങളെ ഉപേക്ഷിച്ച് കൊല്ലത്തേക്ക് പോകുമോ എന്ന്. എന്റെ അമ്മയേയും അനിയനേയും ഇട്ടിട്ട് ഞാന്‍ പോകാനോ? എന്നായിരുന്നു അവന്റെ മറുപടി. എനിക്ക് ഒരേസമയം സന്തോഷവും വിഷമവും തോന്നി. അവന്‍ എന്നെ കാണുന്നത് അമ്മയായി തന്നെയാണെന്നും രേണു പറയുന്നു.
ഞാന്‍ മുന്നോട്ട് പോവും. സുധിച്ചേട്ടന്റെ സ്വപ്‌നം പൂര്‍ത്തിയാക്കുകയാണ് എന്റെ ലക്ഷ്യം. കുഞ്ഞൊരു വീട്, മക്കളെ നന്നായി പഠിപ്പിക്കുക, അവരെ നന്നായി നോക്കുക എന്നതായിരുന്നു സുധിച്ചേട്ടന്റെ സ്വപ്നം. ആരെന്ത് പറഞ്ഞാലും ഞാന്‍ അതിനായി മുന്നോട്ട് പോകുമെന്നും രേണു പറയുന്നു.
സുധിച്ചേട്ടന്‍ നിങ്ങള്‍ക്കാണ് മരിച്ചു പോയത്. പക്ഷെ എനിക്ക് സുധിച്ചേട്ടന്‍ മരിച്ചതായി തോന്നിയിട്ടില്ല. സുധി മരിച്ചാലെന്താ, അവള്‍ക്കിപ്പോള്‍ വീടായി, കോടികളാണ് ഫോണിലേക്ക് വരുന്നത് എന്നൊക്കെയാണ് വിമര്‍ശകര്‍ പറയുന്നത്. ഏറ്റവും വിഷമം വന്നത് ഞാന്‍ വേറെ കെട്ടും, പൊട്ടു തൊട്ട് നടക്കുന്നു, കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് വേറെ ജീവിതത്തിലേക്ക് പോകും എന്നൊക്കെ പറഞ്ഞതാണ്.

എനിക്ക് വട്ടാണ്, അവളെ എന്തിനാണ് കല്യാണം കഴിച്ചതെന്ന് സുധിച്ചേട്ടനോട് ചോദിച്ചിട്ടുണ്ട്. അവള്‍ക്ക് ഡെലിവറിയ്ക്ക് ശേഷം വന്ന ഉറക്കക്കുറവേയുള്ളൂവെന്നും അത് സാധാരണയാണെന്നും സുധിച്ചേട്ടന്‍ പറഞ്ഞിട്ടും കുറ്റപ്പെടുത്തുന്നവരുണ്ടായിരുന്നു. വിഷമങ്ങളിലൂടെയാണ് കടന്നു വന്നത്. മക്കളെ നന്നായി നോക്കണം എന്നത് മാത്രമാണ് ലക്ഷ്യം. ഞാന്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്. അത് പൂര്‍ത്തിയാക്കി ജോലി നേടണം. മക്കളേയും പഠിപ്പിക്കുന്നുണ്ട്. വീട്ടുകാരേയും നോക്കുന്നുണ്ട്.
എപ്പോഴും വിഷമിച്ചിരുന്നിട്ട് കാര്യമില്ല. സുധിച്ചേട്ടന്‍ എപ്പോഴും കൂടെ തന്നെയുണ്ട്. എപ്പോഴും കരഞ്ഞിട്ട് കാര്യമില്ല. മിക്കവരും നമ്മള്‍ കരഞ്ഞു കാണാനാകും ആഗ്രഹിക്കുന്നതെന്നും രേണു പറയുന്നു.


Click it and Unblock the Notifications











