രാജുവിനെ പലരും തെറ്റിദ്ധരിച്ചു, ജാഡയെന്ന് കരുതി; എന്നേയും അങ്ങനെ പറഞ്ഞു കാണും: രേണുക
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് രേണുക മേനോന്‍. നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു രേണുകയുടെ എന്‍ട്രി. പുതുമുഖങ്ങളെ അണിനിരത്തി കമല്‍ ഒരുക്കിയ സിനിമ വലിയ വിജയം നേടി. ചിത്രത്തിലെ പാട്ടുകളും സന്ദര്‍ഭങ്ങളുമെല്ലാം ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നു. പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം രേണുക അഭിനയിച്ചു.
ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ചുള്ള രേണുകയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്നീ സിനിമകളിലാണ് രേണുക പൃഥ്വിരാജിനൊപ്പം അഭിനയിച്ചത്. അധികം വൈകാതെ രേണുക സിനിമയില്‍ നിന്നും പിന്മാറുകയും ചെയ്തു. കാലാന്തരത്തില്‍ പൃഥ്വിരാജ് മലയാള സിനിമയുടെ സൂപ്പര്‍ താരമായി മാറി. പൃഥ്വിയെക്കുറിച്ചുള്ള രേണുകയുടെ വാക്കുകള്‍ വായിക്കാം.

ഞാന്‍ കാണുമ്പോഴും രാജു അധികം സംസാരിക്കാത്ത ആളായിരുന്നു. വളരെ പക്വതയോടെ സംസാരിക്കുന്ന വ്യക്തിയായിരുന്നു. ഞാനും സെറ്റില്‍ അധികം സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ അധികം ഇന്ററാക്ഷനുകള്‍ ഉണ്ടായിട്ടില്ല. പക്ഷെ പലരും അധികം സംസാരിക്കാത്ത രാജുവിന്റെ ആ രീതിയെ തെറ്റിദ്ധരിച്ചു. ജാഡയാണെന്ന് കരുതിയിട്ടുണ്ട്. തീര്‍ച്ചയായും എന്നേയും അങ്ങനെ പറഞ്ഞു കാണും എന്നാണ് രേണുക പറയുന്നത്.
പക്ഷെ ഞാനത് അദ്ദേഹത്തിന്റെ സ്വഭാവരീതിയായിട്ടേ കണ്ടിട്ടുള്ളൂ. ചിലര്‍ ഒരുപാട് സംസാരിക്കുന്നവരായിരിക്കും. അതൊക്കെ ഒരോരുത്തരുടേയും പ്രകൃതമാണ്. അധികം സംസാരിക്കാത്തവര്‍ ചിലപ്പോള്‍ അവരുടേതായ കംഫര്‍ട്ട് സ്‌പേസില്‍ നന്നായി സംസാരിക്കുന്നവരുമായിരിക്കാം. ഞാന്‍ ഒരുപാട് സംസാരിക്കാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ തമ്മില്‍ ആ സമയത്ത് സംസാരിച്ചിട്ടുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.
വര്‍ഗ്ഗം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരിക്കും എന്തെങ്കിലും സംസാരിച്ചിട്ടുണ്ടാവുക. വളരെയധികം കഠിനാധ്വാനം ചെയ്യുന്ന, ഡയലോഗുകളൊക്കെ പെട്ടെ പഠിക്കുന്ന ആളായിരുന്നു. ഞാനൊക്കെ അതിശ്ശയിച്ചിട്ടുണ്ട്. എനിക്ക് ഡയലോഗ് പെട്ടെന്നു പഠിക്കാന്‍ സാധിക്കില്ല. വര്‍ഗ്ഗം ചെയ്യുമ്പോള്‍ ഒരു ഡയലോഗിലെ ഒരു വാക്ക് ഞാന്‍ മറ്റൊരു വാക്ക് വച്ച് സ്വിച്ച് ചെയ്തു. അപ്പോള്‍ എന്നെ കളിയാക്കി. മലായളം തന്നെ അല്ലേ ഈ പറയുന്നത്. പിന്നെ എന്തിനാ മാറ്റിപ്പറയുന്നതെന്ന് ചോദിച്ച് എന്നും രേണുക പറയുന്നു.

അവരൊക്കെ അങ്ങനെയാണ്. നമ്മുടെ വലിയ താരങ്ങളെല്ലാം അങ്ങനെയാണ്. ലാലേട്ടനും മമ്മൂക്കയുമൊക്കെ. വളരെ പെട്ടെന്ന് ഡയലോഗുകള്‍ പഠിക്കുകയും ഒറ്റ ടേക്കില്‍ വലിയ ഡയലോഗുകള്‍ പറയുകയും ചെയ്യുന്നവര്‍. അവര്‍ അതിനായി ജനിച്ചവരാണ്. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും സിനിമയില്‍ നിന്നും വര്‍ഗ്ഗത്തിലേക്ക് എത്തുമ്പോള്‍ പൃഥ്വിരാജില്‍ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ട്. എങ്ങനെയാണ് അങ്ങനെ മാറാന്‍ സാധിക്കുന്നതെന്ന് അറിയില്ലെന്നും താരം പറയുന്നു.
നമ്മളിലൂടെ അരങ്ങേറിയ രേണുക 2006ല്‍ പുറത്തിറങ്ങിയ പതാകയോടെയാണ് സിനിമാ ജീവിതം അവസാനിപ്പിക്കുന്നത്. വിവാഹിതയായ രേണുക ഇപ്പോള്‍ യുഎസില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. സുരജ് ആണ് രേണുകയുടെ ഭർത്താവ്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. സിനിമ വിട്ട രേണുക ഇപ്പോള്‍ നൃത്ത രംഗത്ത് സജീവമാണ്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് രേണുക.


Click it and Unblock the Notifications











