ആദ്യ സിനിമയ്ക്ക് മുമ്പേ ഇതൊരു പ്രൊഫഷനാക്കില്ലെന്ന് തീരുമാനിച്ചു; കല്യാണം കഴിച്ചത് അച്ഛന്റെ ടെന്‍ഷന്‍ കാരണം!
നമ്മള്‍ എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് രേണുക മേനോന്‍. പുതുമുഖങ്ങളെ മാത്രം വച്ചു കൊണ്ട് കമല്‍ ഒരുക്കിയ സിനിമ വന്‍ വിജയമായി മാറി. ചിത്രത്തിലെ പാട്ടുകള്‍ ഇന്നും ആരാധകരുടെ മനസിലുണ്ട്. പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു രേണുക മേനോന്‍. 2002 ല്‍ അരങ്ങേറിയ രേണുക പക്ഷെ 2006 ഓടെ സിനിമ ഉപേക്ഷിച്ചു.
2006 ല്‍ പുറത്തിറങ്ങിയ പതാക എന്ന സിനിമയ്ക്ക് ശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു രേണുക. താരത്തെ പിന്നീട് എവിടേയും കണ്ടില്ല. തന്റെ ഭര്‍ത്താവ് സൂരജ് മേനോനൊപ്പം യുഎസില്‍ സ്ഥിരതാമസമാക്കുകയായിരുന്നു രേണുക. ഇപ്പോഴിതാ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് രേണുക. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് രേണുക മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഡിഗ്രി കഴിയുന്നത് വരെ സിനിമ ചെയ്താല്‍ മതി, അത് കഴിഞ്ഞ് ഉപരിപഠനത്തിലേക്ക് തിരിയാമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സിനിമയില്‍ നിന്നും പിന്മാറണമെന്നും ഇതൊരു പ്രൊഫഷനായി എടുക്കില്ലെന്നും ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോഴേ തീരുമാനിച്ചിരുന്നു. ആ തീരുമാനത്തെ പിന്തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്. സിനിമ നിര്‍ത്തുമ്പോള്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ ചെയ്തിരുന്നു'' രേണുക പറയുന്നു.
''പുറത്ത് പോയി ഉന്നത പഠനം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. ഐഇഎല്‍ടിഎസിന് തയ്യാറെടുക്കുകയായിരുന്നു. ആ സമയത്ത് എന്റെ അച്ഛന് ഒറ്റയ്ക്ക് വിദേശ രാജ്യത്ത് പഠിക്കാന്‍ വിടുന്നതില്‍ ടെന്‍ഷന്‍ ആയിരുന്നു. സാധാരണ 20 ല്‍ കഴിയേണ്ട ഡിഗ്രി എന്റെ കാര്യത്തില്‍ കഴിയാന്‍ കുറച്ച് വൈകി. തെലുങ്കും കന്നഡയുമൊക്കെ സിനിമകള്‍ ചെയ്തതിനാലായിരുന്നു അങ്ങനെ വൈകിയത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡിഗ്രി തീര്‍ക്കാനായില്ല. ബ്രേക്കുകള്‍ കാരണം നാല് വര്‍ഷത്തിലധികം വേണ്ടി വന്നു'' എന്നും രേണുക പറയുന്നു.

ഡിഗ്രി കഴിയുമ്പോള്‍ 21 കഴിഞ്ഞിരുന്നു. അതിനാല്‍ കല്യാണം കഴിപ്പിക്കാമെന്ന് അച്ഛന്‍ കരുതി. അന്ന് അങ്ങനെയാണ്. ഇന്ന് 28 ലും 29 ലുമൊക്കെയാണ് കുട്ടികള്‍ കല്യാണം കഴിക്കുന്നത്. അന്ന് 21 ആയിരുന്നു കല്യാണ പ്രായം. കല്യാണം കഴിച്ച് പോയാല്‍ സേഫ് ആണല്ലോ എന്ന് കരുതിയാണ് കല്യാണം കഴിപ്പിക്കുന്നത്. സിനിമ ഡിഗ്രി വിടുന്നതോടു കൂടി നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നു. കനകസിംഹാസനവും തമിഴിലെ ചില സിനിമകളൊക്കെ ആ സമയത്ത് വന്നിരുന്നു. കനകസിംഹാസനം വരുന്നത് കല്യാണം ഉറപ്പിച്ച ശേഷമാണ്. അതേക്കുറിച്ച് ഞാന്‍ സൂരജിനോട് സംസാരിച്ചിരുന്നുവെന്നും താരം പറയുന്നു.
നമ്മളിന് ശേഷം മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും, വര്‍ഗ്ഗം, പതാക തുടങ്ങിയ സിനിമകളിലും മീര അഭിനയിച്ചു. തമിഴില്‍ ദാസ്, കലാഭ കാദലന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുള്ള രേണുക തെലുങ്കിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. 2006 നവംബറിലായിരുന്നു രേണുകയുടെ വിവാഹം. രേണുകയ്ക്കും സൂരജിനും രണ്ട് മക്കളാണുള്ളത്, സ്വാതിയും അനികയും. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന രേണുക നൃത്ത രംഗത്ത് സജീവമാണ്.


Click it and Unblock the Notifications











