ആരാടാ ഈ ക്ഷയരോഗി? എന്ന് ഹാജിയാര്‍; തീയേറ്ററില്‍ നിന്നും ഇറങ്ങിയോടിയ മധു; മനസ് തുറന്ന് താരം
മലയാള സിനിമയുടെ കാരണവരാണ് മധു. അദ്ദേഹത്തിന്റെ കരിയര്‍ പരിശോധിച്ചാല്‍ ലഭിക്കുക മലയാള സിനിയുടെ തന്നെ ചരിത്രമായിരിക്കും. നായകനായും സഹനടനായുമെല്ലാം തിളങ്ങി നിന്ന മധു മലയാളത്തിലെ സൂപ്പര്‍ താരമായിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും മലയാളി മറക്കാത്ത പേരാണ് മധു എന്നത്. ഇപ്പോഴിതാ മധു നായകനായി എത്തിയ ഭാര്‍ഗ്ഗവി നിലയം മറ്റൊരു രൂപത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്.
നീല വെളിച്ചം എന്ന സിനിമയിലൂടെയാണ് ഭാര്‍ഗ്ഗവി നിലയം വീണ്ടും ചര്‍ച്ചയാകുന്നത്. ബഷീറിന്റെ അതേ കഥയെ ആസ്പദമാക്കി ആഷിഖ് അബുവാണ് നീലവെളിച്ചം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായികയായി റിമ കല്ലിങ്കല്‍ എത്തിയപ്പോള്‍ നായകന്മാരായി വേഷമിട്ടത് ടൊവിനോ തോമസും റോഷന്‍ മാത്യുവുമായിരുന്നു. ഇപ്പോഴിതാ ഭാര്‍ഗ്ഗവീ നിലയത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മധു.

വനിതയ്ക്ക് വേണ്ടി റിമ കല്ലിങ്കലുമായി നടത്തിയ സംഭാഷണത്തിലാണ് മധു മനസ് തുറക്കുന്നത്. എങ്ങനെയാണ് താന്‍ ഭാര്‍ഗ്ഗവീ നിലയത്തിലേക്ക് എത്തിയതെന്നാണ് മധു പറയുന്നത്. താന്‍ ആദ്യമായി അഭിനയിച്ച മൂടുപടം എന്ന സിനിമയുടെ ക്യാമറാമാനായിരുന്നു വിന്‍സന്റ് മാഷ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭാര്‍ഗ്ഗവീ നിലയം എന്നാണ് മധു പറയുന്നത്.
നിര്‍മ്മാതാവ് ചന്ദ്രതാര പ്രൊഡക്ഷന്‍സ് ഉടമ പരീക്കുട്ടി സാറിന് സിനിമ തെരഞ്ഞെടുക്കുമ്പോള്‍ ഒറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. സിനിമ കണ്ടു സ്ത്രീകള്‍ കരയണം. അത്തരം സിനിമകള്‍ വിജയിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. സിനിമകളുടെയെല്ലാം പാറ്റേണില്‍ നിന്നു വ്യത്യസ്തമായാണ് ഭാര്‍ഗവീ നിലയം ഒരുക്കിയത്. തീര്‍ത്തും വ്യത്യസ്തം. തന്നെ സംബന്ധിച്ചിടത്തോളം ഒരു നടനെന്ന രീതിയില്‍ അംഗീകാരം കിട്ടിയ ചിത്രമായിരുന്നുവെന്നും മധു പറയുന്നത്.
തീയേറ്ററിലെത്തിയ എന്റെ ആറാമത്തെ സിനിമയാണെന്ന് തോന്നുന്നു. ഞാനെപ്പോഴും ആലോചിച്ചിട്ടുണഅട് ആ റോള്‍ എന്തുകൊണ്ട് വിന്‍സന്റ് മാഷ് തുടക്കകാരനായ എനിക്കു തന്നു എന്ന്. ഏതാണ്ട് ഒരു മണിക്കൂറോളം ഞാന്‍ ഒറ്റയ്ക്കാണു സിനിമ മുന്നോട്ട് കൊണ്ടു പോകേണ്ടത്. നായകനോ നായികയോ പ്രധാന കഥാപാത്രങ്ങളോ ഒന്നും അതുവരെ സ്‌ക്രീനില്‍ എത്തുന്നില്ല. എന്തിന് ആദ്യത്തെ ഒരു മണിക്കൂറില്‍ ഒരു പാട്ടു പോലുമില്ലെന്നും മധു പറയുന്നു.
പിന്നെയാണ് അതിനുള്ള ഉത്തരം കിട്ടിയത്. അദ്ദേഹം എന്നില്‍ കണ്ട പ്ലസ് പോയന്റ് ഞാന്‍ ഒരു തുടക്കക്കാരന്‍ ആണെന്ന് തന്നെയാണ്. അദ്ദേഹം പറഞ്ഞു തരുന്നത് അതുപോലെ സ്‌ക്രീനില്‍ എത്തിക്കുന്ന ഒരാള്‍ എന്നാണ് മധു പറയുന്നത്. പിന്നാലെ തന്റെ തുടക്കകാലത്ത് അഭിനയിച്ച കുട്ടിക്കുപ്പായം എന്ന സിനിമയുമായി ബന്ധപ്പെട്ടൊരു അനുഭവവും മധു പങ്കുവെക്കുന്നുണ്ട്.

ഒരു തമാശ പറയാം. കുട്ടിക്കുപ്പായം റിലീസ് ചെയ്തപ്പോള്‍ ഞാന്‍ മറ്റൊരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു. തൃശുരാണ് ലൊക്കേഷന്‍. കുട്ടിക്കുപ്പായം അഴിടെ റിലീസ് ചെയ്യുന്നു. ആ സിനിമ കാണാന്‍ ഞാനും ഒരു ചങ്ങാതിയും കൂടി സെക്കന്റ് ഷോയ്ക്ക് കയറി. പടം തുടങ്ങി കുറച്ച് സമയം കഴിഞ്ഞാണ് എത്തിയത്. ബാല്‍ക്കണിയില്‍ ഞങ്ങളിരുന്ന സീറ്റിനു മുന്നില്‍ ഒരു പയ്യനും പ്രായമുള്ള ഹാജിയാരും ഉണ്ടെന്നും മധു പറയുന്നു.
സിനിമയിലൊരു പാട്ടുണ്ട്. പാട്ടില്‍ എന്നെ കണ്ടതും ഹാജിയാര്‍ ഉറക്കെ ആരാടാ ഈ ക്ഷയരോഗി? അത്രയ്ക്ക് മെലിഞ്ഞ രൂപമായിരുന്നു എന്റേത്. അതുകേട്ട് ആള്‍ക്കാര്‍ പൊട്ടിച്ചിരിച്ചു. ഞാന്‍ മുന്നോട്ട് നീങ്ങി. അദ്ദേഹം കേള്‍ക്കാന്‍ പറഞ്ഞു, പുതിയ നടനാ, പേര് മധു. പിന്നെ പതുക്കെ തീയേറ്ററില്‍ നിന്നിറങ്ങിയ ഒറ്റയോട്ടമായിരുന്നുവെന്നാണ് മധു പറയുന്നത്. അതേസമയം ഭാര്‍ഗ്ഗവീ നിലയം ഇറങ്ങിയതോടെ നടനെന്ന നിലയില്‍ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി. അന്നൊക്കെ റോഡില്‍ കൂടെ പോകുന്നവര്‍ താന്‍ വീട്ടിലുണ്ടെങ്കില്‍ ഉറക്കെ ഭാര്‍ഗ്ഗവിക്കുട്ടീ എന്ന് വിളിക്കുമായിരുന്നുവെന്നും മധു പറയുന്നു.


Click it and Unblock the Notifications











