എനിക്ക് ഭേദമായി വരുന്നു, എല്ലാവരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി; ആരാധകരോട് മിഥുൻ
തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മിഥുൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകനാണ് മിഥുന്‍ രമേഷ്. നടനായി സിനിമയിലേക്ക് എത്തിയതാണ് മിഥുൻ. പിന്നീട് ഡബ്ബിങ് ആർട്ടിസ്റ്റായും ആര്‍ജെ ആയിട്ടുമൊക്കെ മാറുകയായിരുന്നു താരം. ഒടുവിൽ അവതാരകനും കൂടി ആയി മാറിയതോടെയാണ് മിഥുൻ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്.
ഫ്‌ളവേഴ്‌സ് ചാനലിലെ സൂപ്പർ ഹിറ്റ് പരിപാടിയായ കോമഡി ഉത്സവത്തിന്റെ അവതാരകനായാണ് മിഥുന്‍ ശ്രദ്ധ നേടിയത്. അതോടെ മലയാളികളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായി മാറുകയായിരുന്നു നടൻ.
അതുവരെ കണ്ടിരുന്ന പുരുഷ അവതാരകരിൽ നിന്നൊക്കെ വ്യത്യസ്തനായിരുന്നു മിഥുൻ. തന്റെ തനത് ശൈലിയിലൂടെ മിഥുൻ പ്രേക്ഷകരുടെ ഇഷ്ടം നേടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മിഥുന്‍. ഭാര്യ ലക്ഷ്മിയ്‌ക്കൊപ്പമുള്ള മിഥുന്റേയും രസകരമായ വീഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്.

ഇടയ്ക്ക് കോമഡി ഉത്സവത്തിൽ നിന്ന് മിഥുൻ മാറി നിന്നിരുന്നു ഷോയുടെ തിരിച്ചുവരവിൽ ആയിരുന്നു ഇത്. ആരാധകരെ ഇത് നിരാശരാക്കിയിരുന്നു. എന്നാൽ അടുത്തിടെ മിഥുൻ വീണ്ടും ഷോയുടെ അവതാരകനായി എത്തിയിരുന്നു. ഷോയും ഹിറ്റായി മാറി.
എന്നാൽ അതിനിടെയാണ് അപ്രതീക്ഷിതമായ ഒന്ന് മിഥുന്റെ ജീവിതത്തിൽ ഉണ്ടായത്. ബെൽസി പാൾസി രോഗ ബാധിതനാവുകയായിരുന്നു നടൻ. മിഥുൻ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് മിഥുൻ ദിവസങ്ങൾക്ക് മുൻപ് തുറന്ന് പറഞ്ഞത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല. കണ്ണുകള്‍ താനേ അടഞ്ഞ് പോകുന്ന അവസ്ഥ എന്നായിരുന്നു മിഥുൻ പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്.
ഇപ്പോഴിതാ തന്റെ നിലവിലെ അവസ്ഥയെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് നടൻ. എനിക്ക് ഭേദപ്പെട്ടു വരുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും, സ്നേഹത്തിനും നന്ദി എന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. മിഥുന്റെ തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ആരാധകർ അറിയിക്കുന്നത്.
അതേസമയം, മിഥുൻ രമേശിന്റെ വീഡിയോയിൽ നിന്നും മനസിലാകുന്നത് അദ്ദേഹത്തെ വലിയ രീതിയിൽ രോഗം ബാധിച്ചിട്ടില്ല എന്നാണെന്ന് ഡോക്ടർ രാജേഷ് കുമാർ പറഞ്ഞിരുന്നു. മിഥുന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ ആയിരുന്നു ഇത്.
രണ്ടാഴ്ച കൊണ്ടൊക്കെ സാധാരണ നിലയിലേക്ക് വരാൻ അദ്ദേഹത്തിന് കഴിയും. തിരിച്ച് വരുമ്പോൾ അവരെ കംഫർട്ട് ആക്കുക. റെസ്റ്റ്, ഉറക്കം, എന്നിവ അത്യാവശ്യമാണെന്നും ഡോക്ടർ രാജേഷ് കുമാർ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

നേരത്തെ നടന്‍ മനോജ് കുമാറിനും സമാനമായ ബെൽസ് പാളസി രോഗം വന്നിരുന്നു. മിഥുനെക്കാൾ മോശം അവസ്ഥയിലാണ് അന്ന് നടൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. തുടര്‍ന്ന് താരം ചികിത്സ തേടുകയും പഴയ നിലയിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. ഏകദേശം ഒരു ലക്ഷം ജനങ്ങളിൽ അമ്പതു അറുപത് പേർക്കെങ്കിലും ഈ അസുഖം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
എന്താണ് ഈ രോഗത്തിന്റെ കാരണം എന്നതില്‍ പൂര്‍ണമായും ഒരു ഉത്തരം ഇനിയും ലഭ്യമല്ല. പത്ത് ശതമാനം കാരണം പറയുന്നത് ചിക്കന്‍ പോക്‌സിന്റെ കുടുംബത്തില്‍ പെട്ടൊരു വൈറസ് മൂലമാണെന്നാണ്. എന്തായാലും മിഥുന്റെ തിരിച്ചുവരിവനായി കാത്തിരിക്കുകയാണ് ആരാധകർ. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേർ താരത്തിന് പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്.


Click it and Unblock the Notifications