എന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ ഇവൻ വേണ്ടെന്നാണ് നിർമ്മാതാവ് പറഞ്ഞത്, സംവിധായകന്റെ നിർബന്ധമായിരുന്നു: സിജു സണ്ണി
തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് രോമാഞ്ചം സിനിമ. സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവരെയും ഒരു കൂട്ടം പുതുമുഖങ്ങളെയും പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.
ബാംഗ്ലൂരിൽ ഒരുമിച്ച് താമസിക്കുന്ന ഒരു സംഘം യുവാക്കളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിത്തു മാധവനാണ്. ഗപ്പി സംവിധായകൻ ജോൺ പോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ, ജോബി ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിലും പുറത്തും ഹൗസ് ഫുള്ളായി ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രവും ആരാധകരുടെ മനസ് കീഴടക്കുകയാണ്. ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്നത് സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയനായ സിജു സണ്ണിയാണ്.
ആദ്യമായി ഒരു മുഴുനീള കഥാപാത്രമായി എത്തുന്ന സിജു കയ്യടി വാങ്ങി കൂട്ടുകയാണ്. ചിത്രത്തിൽ മുകേഷ് എന്ന കഥാപാത്രത്തെയാണ് സിജു സണ്ണി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ക്ലബ് എഫ് എമ്മിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സിനിമയുടെ പിന്നാമ്പുറ കഥകൾ പറയുകയാണ് സിജു സണ്ണി.

ആദ്യം തന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ നിർമാതാവ് ജോൺ പോൾ ഞാൻ ഈ സിനിമയിൽ വേണ്ടെന്ന് പറഞ്ഞിരുന്നു എന്നും സംവിധായകൻ ജിത്തു മാധവന്റെ നിർബന്ധം കൊണ്ടാണ് താൻ സിനിമയുടെ ഭാഗമായതെന്നുമാണ് സിജു പറയുന്നുണ്ട്. തനിക്ക് വേണ്ടി ജിത്തു ഒരുപാട് ഫൈറ്റ് ചെയ്തെന്നും അതിനെ കുറിച്ച് നിർമാതാവ് ഉൾപ്പെടെ തന്നോട് പറഞ്ഞിരുന്നെന്നും സിജു പറയുന്നു. സിജുവിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'സിനിമയിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും ജിത്തുവേട്ടൻ നിർമാതാവ് ജോണേട്ടനോട് സംസാരിക്കുമായിരുന്നു. ഓരോരുത്തരുടെയും ഫോട്ടോയൊക്കെ കാണിച്ച് ജിത്തുവേട്ടൻ ജോണേട്ടന് പരിചയപ്പെടുത്തി കൊടുത്തു. അപ്പോൾ തന്നെ പുള്ളി പറഞ്ഞു സിജു വേണ്ടെന്ന്. സിജു ഈ സിനിമയ്ക്ക് വർക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു,'
'പക്ഷെ ജിത്തുവേട്ടൻ നിർബന്ധം പിടിച്ചത് കൊണ്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. ജോണേട്ടൻ തന്നെ എന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ജിത്തു നിനക്ക് വേണ്ടി ഒരുപാട് ഫൈറ്റ് ചെയ്തിട്ടുണ്ടെന്ന്. പിന്നെ കണ്ട് കണ്ട് പുള്ളിക്കും ഓക്കെയായി. അതായത് പ്രൊഡ്യൂസർ തന്നെ വേണ്ടെന്ന് പറഞ്ഞ ഒരാളാണ് ഞാൻ,' സിജു പറഞ്ഞു.

ബാക്കി എല്ലാവരും സെറ്റാണ് സിജുവിനെ വേണ്ടെന്നായിരുന്നു നിർമ്മാതാവിന്റെ വാക്കുകളെന്നും സിജു ഓർക്കുന്നു. സിനിമയിലെ ചെമ്പൻ വിനോദിന്റെ കഥാപാത്രത്തെ കുറിച്ചും സിജു സംസാരിക്കുന്നുണ്ട്. ചെമ്പൻ ചേട്ടന്റെ സീൻ നേരത്തെ പ്ലാൻ ചെയ്തിരുന്നതാണ്.
പക്ഷെ അത് പെട്ടെന്നാണ് ഷൂട്ട് ചെയ്തത്. ആ സമയം ചെന്നൈയിൽ വിക്രത്തിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. അതുപോലെ തന്നെ തല്ലുമാലയുടെ ഷൂട്ടിനായി ദുബായ്ക്കും പോകണം. ആകെ ഒറ്റ രാത്രി മാത്രമാണ് പുള്ളി ഇവിടെയുള്ളത്. ആ തിരക്കിനിടയിലാണ് ആ സീൻ ഷൂട്ട് ചെയ്തത്.

മുഴുവൻ ക്രൂവും ഓടി നടന്നാണ് അത് ഷൂട്ട് ചെയ്തത്. അതിന്റെ ഔട്ട് എന്തായാലും രസകരമായി വന്നു. ഒരുപാട് ആളുകൾക്ക് ഇഷ്ടപ്പെട്ട സീനായിരുന്നു അത്. പലരും ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ആ സീനിനെ കുറിച്ചാണെന്നും സിജു സണ്ണി പറഞ്ഞു.
നേരത്തെ സിനിമയ്ക്കായി താൻ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചൊക്കെ സിജു തുറന്ന് പറഞ്ഞിരുന്നു. വൃത്തിയില്ലാത്ത മുകേഷ് എന്ന കഥാപാത്രമാകാൻ സംവിധായകൻ വിളിച്ച് പറഞ്ഞപ്പോൾ മുതൽ ഒരു ഉഴപ്പനായി ജീവിക്കാൻ തുടങ്ങിയെന്നും, മുടി വെട്ടാതെ, നഖം വെട്ടാതെ, ഷർട്ട് ഇടാതെ നടക്കുന്ന എന്നെ കണ്ടിട്ട് വീട്ടുകാർക്ക് വെറുപ്പായെന്നും സിജു പറഞ്ഞിരുന്നു.


Click it and Unblock the Notifications