മഹായാനം നിര്‍മ്മിച്ച് കടം കയറി നാടുവിട്ട അച്ഛന്‍, ഇത് ഞങ്ങളുടെ പ്രതികാരമാണ്; വികാരഭരിതനായി റോണി
മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിലൂടെ നടനില്‍ നിന്നും തിരക്കഥയിലേക്കും ചേക്കേറിയിരിക്കുകയാണ് റോണി ഡേവിഡ് രാജ്. ചിത്രത്തില്‍ മികച്ചൊരു വേഷം അവതരിപ്പിക്കുക കൂടി ചെയ്ത റോണിയും ഷാഫിയും ചേര്‍ന്നാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥ. സിനിമയുടെ സംവിധാനം റോണിയുടെ സഹോദരനായ റോബിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചേട്ടന്റേയും അനിയന്റേയും ഈ വിജയം ഒരു പ്രതികാരം കൂടിയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനായി മഹായാനം എന്ന സിനിമ ചെയ്ത അച്ഛന്റെ മക്കളാണ് റോബിയും റോണിയും. മഹായാനം നിരൂപക പ്രശംസ നേടിയെങ്കിലും തീയേറ്ററില്‍ കനത്ത പരാജയമാണ് നേരിട്ടത്. ഇതോടെ നിര്‍മ്മാതാവിന് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരികയും നാട് വിടേണ്ടി വരികയുമൊക്കെ ചെയ്തു. കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയം തങ്ങളുടെ പ്രതികാരമെന്നാണ് റോണി പറയുന്നത്.

ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് റോണി മനസ് തുറന്നത്. ''ശരിക്കും പറഞ്ഞാല്‍ ഹിന്ദി സിനിമയിലൊക്കെ പറയുന്നത് പോലത്തൊന്നാണ്. മമ്മൂക്കയുടെ പഴയൊരു സിനിമ സംവിധാനം ചെയ്തത് എന്റെ അച്ഛനാണ്. മഹായാനം. ജോഷി സാറായിരുന്നു സംവിധാനം. കൃത്യമായി എക്‌സിക്യൂട്ട് ചെയ്യാന്‍ അച്ഛന് അറിയാത്തതിനാല്‍ അത് ഭയങ്കരമായ സാമ്പത്തിക ബുദ്ധിമുട്ടായി. അങ്ങനെ ഇവിടുന്ന് നാടുവിട്ടവരാണ് ഞങ്ങള്‍. ഇന്ന് ഞങ്ങളുടെ പ്രതികാരമാണ്. ചേട്ടന്റേയും അനുജന്റേയും പ്രതികാരം. അതേനായകനെ വച്ച് 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഹിറ്റടിച്ചു'' എന്നാണ് റോണി പറയുന്നത്.
നാളെ ഓസ്‌കാര്‍ കിട്ടിയാലും എനിക്ക് ഇന്ന് കിട്ടിയ ഈ സന്തോഷം കിട്ടില്ലെന്നാണ് റോണി പറയുന്നത്. അതേസമയം സിനിമ കണ്ട ശേഷം അനിയനെ കെട്ടിപ്പിടിച്ച് കരയുന്ന റോണിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. ഈ സമയത്ത് മാധ്യമ പ്രവര്‍ത്തകരോട് താന്‍ ഷൂട്ട് ചെയ്യരുതേ എന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അവര്‍ കൂട്ടാക്കിയില്ലെന്നും റോണി പറയുന്നുണ്ട്.
''അനുജനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ഞാന്‍. മീഡിയയക്കാരോട് ദയവ് ചെയ്ത് എടുക്കല്ലേ എന്ന് പറഞ്ഞാല്‍ പോലും അത് മനസിലാക്കാനുള്ള ബുദ്ധിയില്ലാത്തവരാണ്. നമ്മുടെ ഇമോഷണല്‍ മൊമന്റാണ്. അത് എടുക്കല്ലേ എന്ന് പറഞ്ഞിട്ടും എടുത്തു. ഒടുവില്‍ ഇരുട്ടത്തേക്ക് അവനെ കൂട്ടിക്കൊണ്ടു പോയി നിന്ന് കരയുകയായിരുന്നു. എനിക്ക് ഈ ദിവസം വളരെ സ്‌പെഷ്യലാണ്'' എന്നാണ് റോണി പറയുന്നത്.
അന്ന് റോബിയ്ക്ക് നാല് വയസായിരുന്നു. ഞാന്‍ കുറച്ചു കൂടി മുതിര്‍ന്നതാണ്. അന്ന് ആ സംഭവമുണ്ടായപ്പോള്‍ ഞങ്ങള്‍ താമസിച്ചു കൊണ്ടിരുന്ന വീടും, പണിതു കൊണ്ടിരുന്ന വീടും വിട്ടിട്ടാണ് നാടു വിടുന്നത്. അത്രമാത്രം സാമ്പത്തിക ബുദ്ധിമുട്ടായിരുന്നുവെന്നും റോണി പറയുന്നു. തങ്ങള്‍ സിനിമയിലേക്ക് വരുന്നതിനെ അച്ഛന്‍ എതിര്‍ത്തതിനെക്കുറിച്ചും റോണി സംസാരിക്കുന്നുണ്ട്.
കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ നാടകമൊക്കെ ചെയ്യുമായിരുന്നു. എടാ നീയിത് ചെയ്യല്ലേ എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. നീ സിനിമയിലേക്കാണ് പോകുന്നത്, വീണ്ടും അങ്ങോട്ട് പോകരുത്, ഞാന്‍ സിനിമ കാരണം ജീവിതം കളഞ്ഞതാണ്, നീയും അങ്ങോട്ട് പോകരുതെന്ന് പറയുമായിരുന്നുവെന്നാണ് റോണി പറയുന്നത്. സയന്‍സില്‍ മാര്‍ക്കുണ്ടെന്ന് പറഞ്ഞ് അദ്ദേഹം നിര്‍ബന്ധപൂര്‍വ്വം മെഡിസിന് ചെന്നൈയില്‍ കൊണ്ടു പോയി ചേര്‍ക്കുകയായിരുന്നു. ഇവിടെ കളിച്ചിരുന്ന നാടകം അവിടെ ചെന്നപ്പോള്‍ തമിഴ്‌നാടകങ്ങളായി മാറിയെന്ന് മാത്രമെന്നാണ് റോണി പറയുന്നത്.

അതേസമയം, റോബി വിഷ്വല്‍ കമ്യൂണിക്കേഷനൊക്കെ പഠിച്ച്, സോഫ്റ്റ് വെയര്‍ കമ്പനിയിലായിരുന്നു. പിന്നെ അവിടെ നിന്നും രാജിവച്ച് രാജീവ് മേനോന്റെ അസിസ്റ്റന്റായി. പത്ത് വര്‍ഷം കഴിഞ്ഞ് സ്വതന്ത്ര്യ ഛായാഗ്രാഹകനായി. ഞാനും ഇതിലെ സിനിമിയിലേക്ക് തന്നെ എത്തിയെന്നും റോണി പറയുന്നു. സിനിമ കണ്ട് അച്ഛന്‍ വളരെ ഇമോഷണലായെന്നാണ് റോണി പറയുന്നത്.
''അച്ഛന്‍ വളരെ ഇമോഷണലായി. ഞാന്‍ മമ്മൂക്കയൂടെ കൂടെ നിന്ന് അഭിനയിക്കുന്നത് കാണുമ്പോള്‍. അദ്ദേഹത്തിന്റെ അന്നത്തെ സിനിമയിലെ നായകനാണ്. ആ നായകന്റെ കൂടെയാണ് എന്റെ പടം. എനിക്ക് എട്ട് വയസാണ്. ഇന്ന് ആ നടന്റെ കൂടെ സിനിമ ചെയ്യുക എന്നാല്‍ ദൈവാനുഗ്രഹമല്ലേ'' എന്നാണ് അദ്ദേഹം പറയുന്നത്.


Click it and Unblock the Notifications