'അദ്ദേഹം എനിക്ക് നൽകിയ ഉപദേശം അടുത്ത സിനിമയിൽ തന്നെ തെറ്റിച്ചു!'; അൽഫോൺസ് പുത്രനെ കുറിച്ച് സായ് പല്ലവി
മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ തന്നെ വലിയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് സായ് പല്ലവി. നിരവധി ആരാധകരാണ് നടിക്കുള്ളത്. പല നായികാ സങ്കൽപങ്ങളും തിരുത്തിയാണ് സായ് പല്ലവി തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റെതായ ഇടം കണ്ടെത്തിയത്.
തന്റെ അഭിനയ മികവും കൊണ്ടും നൃത്തത്തിലെ കഴിവ് കൊണ്ടുമാണ് സായ് പല്ലവി ആരാധകരുടെ ഇഷ്ടം നേടിയെടുത്തത്. റിയാലിറ്റി ഷോയിലൂടെയാണ് സായ് പല്ലവി സിനിമയിലേക്ക് എത്തുന്നത്. 2008 ൽ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത 'ഉങ്കലിൽ യാർ അടുത്ത പ്രഭുദേവ' എന്ന ഡാൻസ് റിയാലിറ്റി ഷോയിലെ വിജയി ആയിരുന്നു നടി.

റിയാലിറ്റി ഷോ വിന്നറായതോടെ സായ് പല്ലവി സംവിധായകൻ അൽഫോൻസ് പുത്രന്റെ ശ്രദ്ധനേടുകയും. അൽഫോൺസ് സായിയെ നിവിൻ പോളി നായകനായ പ്രേമം എന്ന സിനിമയിൽ നായികയാകുകയുമായിരുന്നു. 2015 ൽ പുറത്തിറങ്ങിയ പ്രേമത്തിൽ മലർ മിസ്സായി എത്തിയ സായ് പല്ലവി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.
സിനിമ തെന്നിന്ത്യ മുഴുവൻ ഹിറ്റായതോടെയാണ് സായ് പല്ലവിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. സായ് പല്ലവിയുടെ തെലുങ്കിലും തമിഴിലുമായി അവസാനമിറങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. തെലുങ്കിൽ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവിയിന്ന്. മലയാളത്തിൽ പ്രേമത്തിന് ശേഷം കാലി, അതിരൻ എന്നിങ്ങനെ രണ്ടു ചിത്രങ്ങളിൽ മാത്രമാണ് നടി അഭിനയിച്ചത്.

അതേസമയം, സായ് പല്ലവി തന്റെ ആദ്യ സംവിധായകൻ അൽഫോൺസ് പുത്രനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേ നേടുന്നത്. മറ്റു സംവിധായകരിൽ നിന്ന് വ്യത്യസ്തമായി അൽഫോൺസ് എങ്ങനെ സിനിമയെ നോക്കി കാണുന്നു എന്നും പ്രേമത്തിലേക്ക് തന്നെ തിരഞ്ഞെടുത്തപ്പോൾ നൽകിയ ഉപദേശത്തെ കുറിച്ചും സായ് പല്ലവി പറയുന്നുണ്ട്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

'അൽഫോൺസ് എന്താണ് ഷൂട്ട് ചെയ്യുന്നതെന്ന് നമുക്ക് മനസിലാവില്ല. ഒരു ബുക്കിൽ എഴുതി വെച്ചിരിക്കുന്നത് ചിട്ടയോടെ എടുക്കുന്ന രീതിയല്ല അദ്ദേഹത്തിന്റേത്. ആ സമയത്ത് അദ്ദേഹത്തിന് പ്രചോദനം നൽകുന്നത് എന്താണോ അതിന് പിന്നാലെ പോകും. ഒരു ചിത്രശലഭത്തെ കണ്ടു, അതിന്റെ പിറകെ പോയി. ഒരു കുട്ടിയെ പോലെയാണ്,'

'പ്രകൃതിയുമായി ആശയവിനിമയം നടത്തുന്ന ഒരു ഘടകം അദ്ദേഹത്തിലുണ്ട്. അദ്ദേഹത്തിന്റെ ചുറ്റുപാടും നടക്കുന്നതിനെ സ്വീകരിക്കുകയും അതിനെ വരച്ചുകാട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നയാളാണ് അല്‍ഫോന്‍സ്. ഞങ്ങൾ ആദ്യം പരിചയപ്പെട്ടപ്പോൾ എന്താണ് എന്റെ കഴിവ് എന്നാണ് അദ്ദേഹം ചോദിച്ചത്. ഞാൻ ഒരു ഡാൻസറാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു,'

'എന്നോട് പാടാനും കരയാനും ഒക്കെ ആവശ്യപ്പെട്ടു. ആ സമയത്ത് വളരെയധികം സമ്മർദ്ദത്തിലായിരുന്നു ഞാൻ. ഇതിന് മുമ്പ് അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ എന്തൊക്കെയോ കാട്ടിക്കൂട്ടി, ഒരു തുള്ളി കണ്ണുനീർ വരുത്തി,'
'അപ്പോൾ അദ്ദേഹം പറഞ്ഞു, നോക്കു പല്ലവി, ഒരു സ്വകാര്യ ഉപദേശം തരാം, സിനിമയിൽ ഒരിക്കലും കരയാൻ പാടില്ല,' എന്നായിരുന്നു അത്. പക്ഷെ എന്റെ അടുത്ത സിനിമയായ കലിയിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. ഒരുപാട് കരയേണ്ടി വന്നു. അദ്ദേഹം വിചാരിച്ചിട്ടുണ്ടാവും അദ്ദേഹത്തിന്റെ ഉപദേശം ഞാൻ സ്വീകരിച്ചിട്ടില്ലെന്ന്,' സായ് പല്ലവി പറഞ്ഞു.


Click it and Unblock the Notifications











