മണിയ്ക്ക് എനിക്ക് വന്ന അതേ രോഗം, സിംപിളായി മാറ്റാമായിരുന്നു, പക്ഷെ...; അവന് പേടിയായിരുന്നു!
മലയാളികളുടെ പ്രിയങ്കരനായ നടനാണ് കലാഭവന്‍ മണി. സാധാരണക്കാര്‍ തങ്ങളുടെ സൂപ്പര്‍ താരമായി നെഞ്ചേറ്റിയ നടന്‍. മണിയില്ലാത്തൊരു ജീവിതം ശരാശരി മലയാളിയ്ക്ക് ചിന്തിക്കുക പോലും ഇന്ന് അസാധ്യമാണ്. മരിച്ച് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും മണിയുടെ പാട്ടോ സിനിമകളോ ഇല്ലാത്ത ഒരു ദിവസം പോലും ഒരു ശരാശരി മലയാളിയുടെ ജീവിതത്തില്‍ കടന്നു പോകുന്നില്ല. ഓട്ടോറിക്ഷകളിലും ബസുകളിലുമൊക്കെയായി മണിയിപ്പോഴും പാട്ടുപാടി മലയാളി ജീവിതത്തിന് നിറം പകരുകയാണ്.
ഇപ്പോഴിതാ മണിയെക്കുറിച്ചും താരത്തിന്റെ ജീവനെടുത്ത രോഗാവസ്ഥയെക്കുറിച്ചും സംസാരിക്കുകയാണ് സലീം കുമാര്‍. കലാഭവന്‍ മണിയും സലീം കുമാറും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് സിനിമയിലേക്ക് എത്തുന്നതിനും ഒരുപാട് മുമ്പാണ്. മിമിക്രി വേദികളിലൂടെ ആരംഭിച്ച ആ സൗഹൃദം പിന്നീട് വളര്‍ന്ന് പന്തലിക്കുകയായിരുന്നു.

തനിക്കും മണിയ്ക്കും വന്നത് ഒരേ രോഗമായിരുന്നുവെന്നും എന്നാല്‍ മണി ചികിത്സിക്കാന്‍ തയ്യാറായില്ലെന്നാണ് സലീം കുമാര്‍ പറയുന്നത്. ശരിയായ സമയത്ത് ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ കലാഭവന്‍ മണി മരിക്കില്ലായിരുന്നുവെന്നും സലീം കുമാര്‍ പറയുന്നുണ്ട്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ കൂട്ടുകാരനെക്കുറിച്ച് സംസാരിച്ചത്.
മണിയുടെ മരണം അപ്രതീക്ഷിതം ആയിരുന്നു. അസുഖമുണ്ട് എന്നറിയാമെങ്കില്‍ പോലും പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പ്രിയ കൂട്ടുകാരന്റെ വേര്‍പാടിനെക്കുറിച്ച് സലീം കുമാര്‍ പറയുന്നത്. കുറച്ചൊക്കെ മണിയും സൂക്ഷിക്കേണ്ടതായിരുന്നു. ഡോക്ടറെ കണ്ടു ചികിത്സിച്ചിരുന്നില്ല. ഡോക്ടര്‍ എന്നെ വിളിച്ചിട്ട് മണിയോടൊന്നു വന്ന് ചികിത്സ എടുക്കാന്‍ പറ എന്നു പറഞ്ഞു എന്നും സലീം കുമാര്‍ തുറന്നു പറയുന്നുണ്ട്.
അതേസമയം എനിക്ക് വന്ന അതേ അസുഖം തന്നെയാണ് അവനും വന്നത്. സിംപിള്‍ ആയി മാറ്റാന്‍ പറ്റുമായിരുന്നു. അവന്‍ പേടി കാരണം അതും കൊണ്ടുനടന്നു എന്നാണ് താരം പറയുന്നത്. അപ്പോഴും കസേരയില്‍ ഇരുന്നു പോലും സ്റ്റേജ് ഷോകള്‍ ചെയ്തിരുന്നുവെന്നും സലീം കുമാര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. മണിയെ അലട്ടിയിരുന്ന പേടിയെക്കുറിച്ചും സലീം കുമാര്‍ സംസാരിക്കുന്നുണ്ട്.

അസുഖമുണ്ടെന്ന കാര്യം മണി അംഗീകരിക്കാന്‍ തയാറായിരുന്നില്ല. ജനങ്ങള്‍ എന്തുവിചാരിക്കും, സിനിമാക്കാര്‍ അറിഞ്ഞാല്‍ അവസരങ്ങള്‍ നഷ്ടമാകുമോ, എന്നെല്ലാമുള്ള ഭയമായിരുന്നിരിക്കാം. യാഥാര്‍ഥ്യത്തിന്റെ പാതയില്‍ പോയിരുന്നെങ്കില്‍ മണി ഇന്നും ജീവിച്ചിരുന്നേനെ എന്നാണ് സലീം കുമാര്‍ പറയുന്നത്. 2016ലായിരുന്നു കലാഭവന്‍ മണിയുടെ മരണം. മണിയെ ഒരു നോക്ക് കാണാനായി ലക്ഷങ്ങളായിരുന്നു എത്തിച്ചേര്‍ന്നത്. തന്റെ 45-ാം വയസിലാണ് താരം മരണപ്പെടുന്നത്.
അതേസമയം കലാഭവന്‍ മണിയുടെ മരണനാന്തരം വലിയ വിവാദങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചു. മണിയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെടുകയും പിന്നീട് അതൊരു അന്വേഷണത്തിലേക്ക് എത്തുകയുമായിരുന്നു. മലയാള സിനിമയിലെ മുന്‍നിര താരങ്ങളെ പോലും ചോദ്യം ചെയ്യുകയുണ്ടായി. എന്നാല്‍ ഒടുവില്‍ കേസ് തള്ളിപ്പോവുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ച നടനാണ് മണി. അഭിനയത്തിന് പുറമെ ഗായകനായും അദ്ദേഹം കയ്യടി നേടി. നാടന്‍പാട്ടിനെ പോപ്പുലറാക്കാനുള്ള മണിയുടെ സംഭവാന വളരെ വലുതായിരുന്നു.


Click it and Unblock the Notifications