ഇരിക്കാൻ പറയും പക്ഷേ കസേര കാണില്ല; അന്നത്തെ അനുഭവം! ഇന്ന് ഒരുപാട് മാറി; റഹ്മാൻ പറയുന്നു
ഒരുകാലത്ത് മലയാള സിനിമയിൽ റൊമാന്റിക് ഹീറോയായി തിളങ്ങി നിന്ന നടനാണ് റഹ്‌മാന്‍. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമെല്ലാം നിരവധി സിനിമകളിൽ റഹ്മാൻ അഭിനയിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെയാണ് റഹ്മാൻ നേടിയെടുത്തത്. സൂപ്പർ താരമായി വളരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പരാജയങ്ങൾ റഹ്മാന്റെ കരിയറിന് വെല്ലുവിളിയാവുകയായിരുന്നു. കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായെങ്കിലും ഇപ്പോഴും സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് റഹ്മാൻ.
സമരയാണ് റഹ്‌മാന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടൻ. ഒരിടവേളയ്ക്ക് ശേഷം റഹ്മാൻ പ്രധാന വേഷത്തിൽ എത്തുന്ന മലയാള ചിത്രമാണ് ഇത്. അതിനിടെ മലയാള സിനിമയ്ക്ക് ഉണ്ടായ മാറ്റങ്ങളെ കുറിച്ച് റഹ്മാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. പണ്ടത്തേതിൽ നിന്നും സിനിമ മേഖലയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്നുണ്ടായിരുന്ന കൂട്ടായ്മയാണ് ഇന്ന് മിസ് ചെയ്യുന്നതെന്നും റഹ്മാൻ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

പണ്ടത്തേതിൽ നിന്നും ഇന്ന് ഒരുപാട് വ്യത്യാസങ്ങളുണ്ടെന്ന് റഹ്‌മാൻ പറയുന്നു. അന്ന് കാരവൻ ഒന്നുമില്ല. അന്ന് പിലപ്പോൾ ഇരിക്കാൻ പോലും എനിക്ക് കസേര കിട്ടില്ല. ഇരിക്കാൻ പറയും പക്ഷേ കസേര ഉണ്ടാകില്ല. ഇന്നിപ്പോൾ ടെക്‌നോളജി മാറി. കാരവൻ വന്നു, അങ്ങനെ മാറ്റങ്ങൾ വന്നു. അന്നത്തെ ഒരു കുട്ടായ്മയാണ് ഞാൻ ഇന്ന് മിസ് ചെയ്യുന്നത്, ഒരുമിച്ചിരുന്നു ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു. ലഞ്ച് കഴിക്കുന്നു, അങ്ങനെയൊന്നും ഇന്നില്ല. ഇന്ന് ഒരു ഷോട്ട് കഴിഞ്ഞാൽ എല്ലാവരും കാരവനിൽ കയറി ഇരിക്കും, അവിടെ തന്നെയാണ് ഭക്ഷണവും, റഹ്മാൻ പറഞ്ഞു.
സമാര എന്ന സിനിമ താൻ തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെ കുറിച്ചും റഹ്മാൻ അഭിമുഖത്തിൽ സംസാരിച്ചു. 'ഒരു ആക്ടർ എപ്പോഴും വ്യത്യസ്ത വേഷങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുക. ഓരോ പടത്തിന്റെ വിജയത്തിന് ശേഷവും ഞങ്ങൾ കുറച്ചുകൂടി പക്വത ഉള്ളവരാകും, സീരിയസ് ആകും. കൊറോണ കഴിഞ്ഞ ഉടനെ വന്ന പ്രൊജക്ട് ആയിരുന്നു ഇത്. സൂം മീറ്റിംഗിലൂടെയാണ് ആദ്യം സംസാരിച്ചത്',

'കഥയെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് അത് ആദ്യം മനസിലായില്ല. പിന്നെ പുള്ളി ഒരു ദിവസം ചെന്നൈയിൽ വന്ന് മൊത്തം സ്ക്രിപ്റ്റും പറഞ്ഞു തന്നു. അപ്പോൾ എനിക്കിഷ്ടപ്പെട്ടു. പിന്നെ ലൊക്കേഷൻ എവിടെയാണെന്ന് ചോദിച്ചപ്പോഴാണ് കശ്മീർ എന്നു പറഞ്ഞത്, അപ്പോൾ ഞാനൊന്ന് പേടിച്ചു. കാരണം പുതിയ ഡയറക്ടർ ഒക്കെയാണ്, പ്രൊഡ്യൂസർ സമ്മതിക്കുമോയെന്ന് കരുതി. പ്രൊഡ്യൂസർ റെഡിയാണെന്ന് പറഞ്ഞു പ്രൊഡ്യൂസറുമായി സംസാരിച്ചപ്പോൾ അവർക്ക് ഈ സബ്ജക്ടിൽ ഭയങ്കര വിശ്വാസം. ആ ഒരു കോൺഫിഡൻസിലാണ് ഞാനിത് ഏറ്റെടുത്തത്', റഹ്‌മാൻ പറയുന്നു.
എനിക്കും വ്യത്യസ്തമായി തോന്നി. മൊത്തത്തിൽ ഇതിന്റെ പശ്ചാത്തലവും ക്യാരക്ടറിന്റെ സ്വഭാവവും, കഥയുമൊക്കെ ഇന്ററസ്റ്റിങ് ആയിട്ട് തോന്നിയെന്നും റഹ്മാൻ പറഞ്ഞു. നവാഗതനായ ചാൾസ് ജോസഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. റഹ്മാന് പുറമെ നടൻ ഭരതും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications