മലയാളത്തില്‍ വാണിജ്യ സിനിമകള്‍ കുറവ്, ചിലതില്‍ അഭിനയിക്കുമ്പോള്‍ ഒരു ഫീലും തോന്നില്ല: സംയുക്ത
വളരെ ബുദ്ധിമുട്ടിയാണ് തെലുങ്ക് പഠിച്ചത്. കാരണം താന്‍ അവരുടെ ഇടയില്‍ ഉള്ള ഒരാളെന്ന തോന്നലുണ്ടാകണമെന്ന ചിന്തയാണെന്നാണ് സംയുക്ത പറയുന്നത്
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സംയുക്ത മേനോന്‍. ടൊവിനോയുടെ നായികയായി തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ നിരവധി ഹിറ്റുകളുടെ ഭാഗമായി സംയുക്തയെത്തി. ഇപ്പോഴിതാ മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിക്കുകയാണ് സംയുക്ത. തമിഴില്‍ ധനുഷിന്റെ നായികയായി അഭിനയിച്ച വാത്തി ഈയ്യടുത്താണ് തീയേറ്ററിലേക്ക് എത്തിയത്.
ഇതിനിടെ സംയുക്തയുടെ പേര് വിവാദങ്ങളുടെ പേരിലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ പേരിലെ മേനോന്‍ എന്നത് താന്‍ ഉപേക്ഷിക്കുകയാണെന്ന സംയുക്തയുടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമൊക്കെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പുതിയ മലയാള സിനിമയായ ബൂമറാംഗിന്റെ പ്രൊമോഷനില്‍ നിന്നും സംയുക്ത വിട്ടു നിന്നത് വിവാദമായി മാറിയിരുന്നു.

ഇപ്പോഴിതാ മലയാള സിനിമയെക്കുറിച്ച് മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുമൊക്കെ സംയുക്ത പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ് തുറക്കുന്നത്. മലയാളത്തില്‍ വാണിജ്യ സിനിമകള്‍ കുറവാണെന്നാണ് സംയുക്ത പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
മലയാള സിനിമയില്‍ വാണിജ്യ സിനിമകള്‍ കുറവാണെന്നാണ് സംയുക്ത പറയുന്നത്. അതേസമയം തനിക്ക് എള്‌ലാ നല്ല സിനിമകളും ചെയ്യണെന്നും അതിനാല്‍ താന്‍ ഭാഷയെക്കുറിച്ച് ടെന്‍ഷനടിക്കുന്നില്ലെന്നും സംയുക്ത വ്യകമാക്കുകയാണ്. താന്‍ എല്ലാ ഭാഷയും പഠിച്ചിട്ടുണ്ടെന്നും സംയുകത പറയുന്നുണ്ട്. താന്‍ വളരെ ബുദ്ധിമുട്ടിയാണ് തെലുങ്ക് പഠിച്ചത്. കാരണം താന്‍ അവരുടെ ഇടയില്‍ ഉള്ള ഒരാളെന്ന തോന്നലുണ്ടാകണമെന്ന ചിന്തയാണെന്നാണ് സംയുക്ത പറയുന്നത്. അവരില്‍ ഒരാളാണെന്ന് തന്നെ തോന്നണം എന്നാണ് താരത്തിന്റെ ലക്ഷ്യം.

മറിച്ച് താന്‍ വന്ന് ഇംഗ്ലീഷില്‍ സംസാരിക്കുകയാണെങ്കില്‍ ഏതോ ഇംഗ്ലീഷുകാരി എന്നാകും അവര്‍ ചിന്തിക്കുക. എന്നാല്‍ തമിഴ് സംസാരിച്ചാല്‍ നമ്മളുടെ പെണ്ണ് എന്ന തോന്നല്‍ അവര്‍ക്കുണ്ടാകുമെന്നാണ് സംയുക്ത അഭിപ്രായപ്പെടുന്നത്. എല്ലാ സിനിമയ്ക്ക് വേണ്ടിയും താന്‍ എഫേര്‍ട്ട് ഇടാറുണ്ടെന്ന് പറയുന്ന സംയുക്ത എന്നാല്‍ തനിക്ക് പ്രധാന്യമുണ്ടെന്ന് തോന്നണമെന്നും വ്യക്തമാക്കുന്നുണ്ട്. ഒരു സിനിമ ചെയ്താല്‍ അതിന്റെ പ്രൊമോഷന് പോകുമ്പോള്‍ ക്യാരക്ടറിനെക്കുറിച്ച് പറയാന്‍ കുറേ വേണമെന്നാണ് സംയുക്ത പറയുന്നത്.

പക്ഷെ ചില സിനിമകള്‍ അഭിനയിക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു ഫീലും തോന്നില്ലെന്നും സംയുക്ത പറയുന്നുണ്ട്. താന്‍ എപ്പോഴും ബാലന്‍സ് ചെയ്ത് അഭിനയിക്കാനാണ് ശ്രദ്ധിക്കാറുള്ളതെന്നും താരം പറയുന്നുണ്ട്. അതേസമയം സംയുക്ത പ്രൊമോഷനില്‍ നിന്നും മാറി നിന്നത് വലിയ വിവാദമായിരുന്നു. സംയുക്ത നായികയായി എത്തുന്ന ബൂമറാംഗ് എന്ന ചിത്രത്തില്‍ നിന്നുമാണ് താരം മാറി നിന്നത്. ഷൈന്‍ ടോം ചാക്കോയാണ് താരത്തിന്റെ അഭാവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. പിന്നാലെ ചിത്രത്തിലെ മറ്റൊരു താരമായ ബൈജുവും രംഗത്തെത്തിയിരുന്നു.

പ്രൊമോഷന് വിളിച്ചപ്പോള്‍ സംയുക്ത വന്നില്ലെന്നാണ് നിര്‍മ്മാതാവിന്റെ ആരോപണം. താന്‍ മലയാളത്തില്‍ അഭിനയിക്കുന്നില്ലെന്നും ഇപ്പോള്‍ 35 കോടിയുടെ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രൊമോഷനില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുമാണ് സംയുക്ത പറഞ്ഞതെന്നാണ് നിര്‍മ്മാതാവിന്റെ പ്രതികരണം. സംഭവം അധികം വൈകാതെ വിവാദമായി മാറുകയും ചെയ്തു.

അതേസമയം ധനുഷിന്റെ നായികയായി അഭിനയിച്ച വാത്തിയാണ് സംയുക്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നാലെ തമിഴിലും തെലുങ്കിലുമൊക്കെ സംയുക്തയുടേതായി സിനിമകള്‍ തയ്യാറെടുക്കുന്നുണ്ട്. മലയാളത്തില്‍ കടുവിയിലാണ് സംയുക്തയെ ഒടുവിലായി കണ്ടത്. തമിഴിനും തെലുങ്കിനും പുറമെ കന്നഡയിലും സംയുക്ത ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. തീവണ്ടി, ലില്ലി, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വെള്ളം, തുടങ്ങിയ സിനിമകളിലൂടെയാണ് മലയാളത്തിലൊരു ഇടം നേടിയെടുക്കുന്നത്.


Click it and Unblock the Notifications











