നാല് വര്‍ഷമായി, ഇപ്പോഴും ആ വേദന മറക്കാനായിട്ടില്ല, എനിക്കാരുടേയും പിന്തുണയില്ല: മനസ് തുറന്ന് സംയുക്ത
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സംയുക്ത. തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത താരമായി മാറുന്നത്. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമായ സംയുക്ത മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംയുക്തയുടെ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്. ഇത്തവണ മലയാളത്തിലല്ല തമിഴിലാണ് സംയുക്തയുടെ സിനിമയെത്തുന്നത്.
ധനുഷ് നായകനായ വാത്തി എന്ന ചിത്രമാണ് സംയുക്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. സര്‍ എന്ന പേരില്‍ ഈ സിനിമ തെലുങ്കിലുമെത്തുന്നുണ്ട്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. വാത്തിയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് സംയുക്ത ഇപ്പോള്‍. ഇതിനിടെയായിരുന്നു കഴിഞ്ഞ ദിവസം തന്റെ പേരിലെ ജാതിവാലായ മേനോന്‍ ഉപേക്ഷിക്കുന്നതായി സംയുക്ത അറിയിച്ചത്.

ജാതിപ്പേര് ഉപേക്ഷിക്കാനുള്ള സംയുക്തയുടെ തീരുമാനം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ പിന്നിട്ട വഴികളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ സംയുക്ത സംസാരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
സിനിമയില്‍ യാതൊരു പാരമ്പര്യവും ഇല്ലാതെ വന്ന ആളാണ് താനെന്നും അതിനാല്‍ ഒരു പിന്തുണയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും സംയുക്ത പറയുന്നു. സ്വയം പഠിച്ചും, അറിഞ്ഞും മുന്നോട്ട് വരികയായിരുന്നു. എന്നാല്‍ ഇപ്പോഴും എനിക്ക് ആരുടെയും പിന്തുണയില്ല എന്നാണ് സംയുക്ത തുറന്ന് പറയുന്നത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇവിടെ വരെ എത്തി എന്ന് തിരിച്ചറിയുമ്പോള്‍ കരച്ചില്‍ വരും എന്നും താരം തുറന്ന് പറയുന്നുണ്ട്. സ്വന്തം കഷ്ടപ്പാടിലൂടെ വിജയം കൈവരിച്ച താരത്തിന്റെ അഭിമാനം ആ വാക്കുകളിലുണ്ട്.

അതേസമയം, ജീവിതത്തില്‍ രണ്ട് കാര്യങ്ങള്‍ ഓര്‍ക്കുമ്പോഴാണ് ഞാന്‍ വളരെ അധികം ഇമോഷണലാവുന്നത് എന്നാണ് താരം പറയുന്നത്. ഒന്ന് എന്റെ അച്ചാച്ഛന്റെ മരണം ആണ്. 2018 ല്‍ ആണ് അദ്ദേഹം മരിച്ചത്. അച്ചാച്ചനായിരുന്നു എന്റെ എല്ലാം. അദ്ദേഹം പോയി എന്നത് എനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. ആ വേദനയില്‍ നിന്ന് ഇപ്പോഴും ഞാന്‍ പുറത്തേക്ക് വന്നിട്ടില്ല. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്നോട് കരഞ്ഞ് പോവും എന്നാണ് താരം പറയുന്നത്. തന്റെ ഫോണിന്റെ വാള്‍പേപ്പര്‍ അച്ചാച്ചനാണെന്നാണ് സംയുകത പറയുന്നത്.

വെറുതേ ഇരിക്കുമ്പോള്‍, ആ വാള്‍ പേപ്പര്‍ കുറച്ചധികം നേരം നോക്കിയിരുന്നാല്‍ പോലും എന്നോട് കരഞ്ഞ് പോകും. അച്ചാച്ഛന്റെ മരണ ശേഷം എല്ലാവരും പറഞ്ഞു, രണ്ട് വര്‍ഷം കൊണ്ട് എല്ലാം ശരിയാവും എന്ന്. പക്ഷെ നാല് വര്‍ഷം ആവുന്നു, എനിക്ക് ഇപ്പോഴും ആ വേദനയില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. വികാരഭരിതയായിട്ടാണ് സംയുക്ത സംസാരിക്കുന്നത്. അതേസമയം രണ്ടാമത്തെ കാരണമായി സംയുക്ത ചൂണ്ടിക്കാണിക്കുന്നത് തന്റെ കരിയര്‍ തന്നെയാണ്.

എനിക്ക് വളരണം എന്ന് വലിയ ആഗ്രഹം ആയിരുന്നു. ഒരുപാട് പാഷനും, എനര്‍ജ്ജിയും ആത്മവിശ്വാസവും എല്ലാം എന്റെയുള്ളില്‍ ഉണ്ടായിരുന്നു. പക്ഷെ എന്തുണ്ട് എങ്കിലും ദൈവത്തിന്റെ പിന്തുണ കൂടെ വേണമല്ലോ. സാഹചര്യവും സമയവും എല്ലാം ശരിയായ നേരത്ത് വരണം. എനിക്ക് അത് എല്ലാം ഓരോ ഘട്ടത്തിലും യാദൃശ്ചികമായി തന്നെ കിട്ടി എന്നത് ഓര്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നും എന്നാണ് സംയുക്ത പറയുന്നത്. അത് തനിക്ക് ലഭിച്ച അനുഗ്രഹമാണെന്നാണ് സംയുക്ത അഭിപ്രായപ്പെടുന്നത്.
ആഗ്രഹിച്ചത് എനിക്ക് തന്നതിന് ഞാന്‍ ഈ പ്രപഞ്ചത്തോട് നന്ദി പറയുന്നു എന്നാണ് സംയുകത പറയുന്നത്. അത് കാരണം ഞാന്‍ കൂടുതല്‍ സ്പിരിച്വല്‍ ആവുന്നത് പോലെ എനിക്ക് തോന്നും. ചിന്തിച്ചിരിയ്ക്കുമ്പോള്‍ വളരെ ഇമോഷണലാണ് എന്റെ വഴികള്‍ എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

2016 ല്‍ പോപ്പ് കോണ്‍ എന്ന സിനിമയിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. പക്ഷെ 2018 ല്‍ ഇറങ്ങിയ തന്റെ രണ്ടാമത്തെ ചിത്രമായ തീവണ്ടിയാണ് സംയുക്തയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്. പിന്നീല് വന്ന ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വെള്ളം, വോള്‍ഫ് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബൂമറാംഗാണ് മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച സിനിമ. വാത്തിയാണ് പുതിയ സിനിമ.


Click it and Unblock the Notifications