കല്യാണമേ വേണ്ടെന്ന് ഉറപ്പിച്ചതാണ് ഞാന്‍! പ്രണയത്തിലാകുന്നത് ലോക്ക്ഡൗണ്‍ കാലത്ത്; മനസ് തുറന്ന് സനയും ഹക്കീമും
ഈയ്യടുത്താണ് നടന്‍ ഹക്കീം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായത്. തീര്‍ത്തും സ്വകാര്യമായിട്ടായിരുന്നു വിവാഹവും തുടര്‍ന്നുള്ള ആഘോഷങ്ങളുമെല്ലാം നടന്നത്. രജിസ്റ്റര്‍ മാര്യേജായിരുന്നു ഇരുവരും തിരഞ്ഞെടുത്തത്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് മുമ്പെവിടേയും സനയും ഹക്കീമും സംസാരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ഈ വിവാഹം.
താരവിവാഹത്തിന് മാധ്യമങ്ങളും ഉണ്ടായിരുന്നില്ല. വിവാഹ ശേഷം അഭിമുഖങ്ങളും ഇരുവരും നല്‍കിയിരുന്നില്ല. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയകഥ പങ്കുവെക്കുകയാണ് സന അല്‍ത്താഫും ഹക്കീം ഷാജഹാനും. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''30 വയസ്സു വരെ ജീവിതത്തില്‍ കല്യാണമേ വേണ്ട എന്നുറപ്പിച്ചതാണ് ഞാന്‍. അതു വീട്ടില്‍ പറഞ്ഞ് സമ്മതം വാങ്ങിയതുമാണ്. സനയുമായി സംസാരിച്ച് അടുപ്പത്തിലായപ്പോള്‍ കല്യാണം കഴിച്ചാലോ എന്നായി. ഹക്കീം. സത്യത്തില്‍ എനിക്കും കല്യാണം എന്ന ഏര്‍പ്പാടിനോട് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ഏതെങ്കിലും സുഹൃത്തുക്കള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചാല്‍ എന്തിനാ നിങ്ങള്‍ കല്യാണം കഴിക്കുന്നേ എന്ന് ചോദിച്ചിരുന്നു ആളാണ് ഞാന്‍'' എന്നാണ് സന പറയുന്നത്.
''സഹോദരിയുടെ വിവാഹം 26-ാം വയസ്സിലായിരുന്നു. ഇത്ര നേരത്തെ കല്യാണം വേണോ മുപ്പതായിട്ടു പോരേ എന്നായിരുന്നു എന്റെ ഉപദേശം. ആ ഞാന്‍ 24 വയസ്സില്‍ കല്യാണം കഴിക്കാന്‍ പോകുന്നു എന്നിറഞ്ഞപ്പോള്‍ എല്ലാവരും കൂടി കളിയാക്കി കൊന്നു. ജോലി കിട്ടി ബെംഗളൂരുവിലെത്തി ഒറ്റയ്ക്ക് താമസം തുടങ്ങിയപ്പോഴാണ് കല്യാണം കഴിക്കണം, കുടുംബം വേണം എന്നുള്ള തോന്നല്‍ തുടങ്ങിയത്. അപ്പോഴേക്കും ഹക്കിമുമായി അടുപ്പമായിരുന്നു. ഒടുവില്‍ വീട്ടുകാരോടു അങ്ങോട്ടു പോയി ചോദിച്ചു. പ്ലീസ് ഒന്നു കെട്ടിച്ചു തരുമോ എന്ന്'' സന പറയുന്നു.
ഞങ്ങള്‍ തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. എതിര്‍പ്പുകളൊന്നുമുണ്ടായില്ലെന്നാണ് ഹക്കീം പറയുന്നത്. കുറേ വര്‍ഷം മുമ്പ് തമിഴ് സിനിമയ്ക്ക് വേണ്ടി അഭിനയ പരിശീലനം നടത്തിയിരുന്നു. ആക്ട് ലാബിലെ സജീവ് സാര്‍ വീട്ടില്‍ വന്നാണ് ട്രെയ്നിംഗ് തന്നിരുന്നത്. കൂട്ടത്തില്‍ ചിലപ്പോള്‍ ഹക്കീമും ഉണ്ടാകാറുണ്ട്. അങ്ങനെ തമ്മില്‍ പരിചയപ്പെട്ടുവെന്നാണ് സന പറയുന്നത്.

പിന്നീട് കോവിഡിന്റെ ഫസ്റ്റ് ലോക്ഡൗണ്‍ കാലത്താണ് പരിചയം പുതുക്കുന്നത്. എന്റെ അതേ ഫ്ളാറ്റ് സമുച്ചയത്തിലാണ് ഹക്കിയും സഹോദരനും താമസിച്ചിരുന്നത്. ഇടയ്ക്ക് ലിഫ്റ്റില്‍ വച്ചൊക്കെ കാണും. അങ്ങനെ കൂട്ടായി. രണ്ടാളും വീട്ടില്‍ കുടുങ്ങിയിരിപ്പല്ലേ. എങ്ങോട്ടും പോകാനുമില്ല. ഒന്നും ചെയ്യാനുമില്ല. കൂടുതല്‍ സംസാരിച്ചതോടെ പരസ്പരം ഒരിഷ്ടം തോന്നിത്തുടങ്ങിയെന്നും സന പറയുന്നു.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊന്നും രണ്ടു പേരും പറഞ്ഞിട്ടില്ല. ഒരു ഘട്ടമെത്തിയപ്പോള്‍ കല്യാണം കഴിച്ചാലോ എന്നായി. വീട്ടില്‍ കാര്യം അവതരിപ്പിച്ചപ്പോഴേ സമ്മതം കിട്ടി. കല്യാണമേ വേണ്ട എന്നു പ്രഖ്യാപിച്ച ഒരാള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതേ ഭാഗ്യം എന്ന മട്ടിലായിരുന്നു വീട്ടുകാരുടെ പ്രതികരണം എന്നും ഹക്കീം പറയുന്നു.


Click it and Unblock the Notifications











