എനിക്ക് അഭിനയിക്കാൻ താത്പര്യമില്ല, മലയാളത്തിൽ നിന്ന് അത്രക്കും അവസരങ്ങൾ കിട്ടിയില്ല: സന അൽത്താഫ്
ഹക്കീം ഷാജഹാൻ പൊതുവേ സോഷ്യൽ മീഡിയയിൽ അത്രക്കും ആക്ടീവ് അല്ല. ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടെങ്കിൽ പോലും പ്രേക്ഷകരുമായി അത്ര ഇടപഴകാൻ മടി കാണിക്കുന്ന ഒരു താരമായി പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരത്തിൽ സിനിമാ പ്രമോഷനുകളിൽ കൂടുതൽ ഹക്കീമിന്റെ സ്വാധീനം ഉണ്ടാവാറില്ല. മുൻപ് സന അൽത്താഫുമായുള്ള ചില ചിത്രങ്ങൾ ഹക്കീം പോസ്റ്റ് ചെയ്തെങ്കിലും വിവാഹത്തെ കുറിച്ച് പ്രേക്ഷകർക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല.
"എന്നോട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് സോഷ്യൽ മീഡിയയിലൂടെ നല്ല ബന്ധം ഉണ്ടാക്കിയെടുക്കണം എന്ന്. എന്നാൽ എനിക്ക് പലപ്പോഴും സാധിക്കാറില്ല. മറ്റുള്ളവർ പറഞ്ഞിട്ടാണ് ഓരോ സിനിമക്കും വേണ്ടി പ്രമോഷന്റെ ഭാഗമായെങ്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. അല്ലാതെ എനിക്ക് അത്തരത്തിലൊരു ചിന്ത ഉണ്ടാവാറില്ല. അതിന്റെ കാരണം വ്യക്തമല്ല. പിന്നെ എന്റെ ഫോട്ടോയുടെ താഴെ വന്ന് ആർക്കും കമന്റ് ചെയ്യാൻ സാധിക്കില്ല. കാരണം കമന്റ് സെക്ഷൻ ഞാൻ ഓഫാക്കി വെച്ചിരിക്കുകയാണ്."

"ഞാൻ ആരെയും ഫോളോ ചെയ്യുന്നില്ല. ഒരു പ്രത്യേക തരം സോഷ്യൽ മീഡിയ ജീവിയാണ് ഞാൻ. ആർക്കും വന്ന് ഫോട്ടോസ് കണ്ട് പോകാം. പക്ഷേ ആർക്കും ഒന്നും പറയാൻ പറ്റില്ല. മാത്രമല്ല നമ്മളോട് ആർക്കും നീ അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്ന് പറയാൻ പറ്റില്ല." ഹക്കീം ഷാജഹാൻ വനിതയിലൂടെ പറഞ്ഞു. സോഷ്യൽ മീഡിയ ഉപയോഗം ഹക്കീമിനു മാത്രമല്ല, സനക്കും ഒട്ടും താത്പര്യമില്ല എന്ന് പറഞ്ഞു.
ഒടിയനു ശേഷം പിന്നീട് സന അൽത്താഫിനെ സിനിമയിൽ കണ്ടിട്ടില്ല. അതിനു പിന്നിൽ മറ്റെന്തെങ്കിലും കാര്യമുണ്ടോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ സനയുടെ മറുപടി ഇങ്ങനെയാണ്. "ബി.കോം, ബി.എസ്.സി ചെയ്തു. പിന്നീട് സി.എ പഠിച്ച് ജോലിക്ക് കയറി. ഇപ്പോൾ സി.പി.എ ചെയ്യുന്നുണ്ട്. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ എനിക്ക് സിനിമയിൽ അഭിനയിക്കാൻ വലിയ താത്പര്യം ഇല്ല. അതിനാലാണ് ഇപ്പോൾ സിനിമയിൽ സജീവമല്ലാത്തത്. പിന്നെ എനിക്ക് കിട്ടിക്കൊണ്ടിരുന്ന കഥാപാത്രങ്ങൾ വെച്ച് നല്ല കരിയർ ഉണ്ടാക്കാൻ പറ്റുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല."

"അവസരങ്ങൾ വന്നിട്ടില്ല എന്ന് ഒരിക്കലും പറയില്ല. മലയാളത്തേക്കാൾ കൂടുതൽ തമിഴിൽ നിന്ന് ഒരുപാട് അവസരങ്ങൾ വന്നിരുന്നു. എന്നാൽ അത്രയും വലിയ സിനിമകൾ ആണോ എന്ന് ചോദിച്ചാൽ അങ്ങനെ ഇല്ല. വലിയ സാധ്യതയൊന്നും അത്തരം സിനിമകളിലൂടെ കിട്ടുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല. ചിലപ്പോൾ ഒരു അഞ്ചു വർഷം വരെ സിനിമകൾ കിട്ടിയേക്കും. എന്നാൽ സിനിമ ചെയ്ത് ഒരു കരിയർ ഉണ്ടാക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നിയില്ല. പിന്നെ എനിക്ക് താത്പര്യവുമില്ല." സന അൽത്താഫ് പറഞ്ഞു.
എനിക്ക് സിനിമ ചെയ്യണമെങ്കിൽ ജോലി രാജി വെച്ച് സിനിമ ചെയ്യേണ്ടതുണ്ട്. അത്രയും റിസ്ക് എടുക്കാൻ പാകത്തിനുള്ള സിനിമകൾ ആയിരുന്നില്ല വന്നിരുന്നത്. സന കൂട്ടിച്ചേർത്തു. ബസൂക്ക, മീശ എന്നീ സിനിമകളാണ് ഹക്കീം അഭിനയിച്ച് റിലീസിനൊരുങ്ങുന്നത്. ഇരുവരുടേയും വിവാഹം ഈ മാർച്ചിലായിരുന്നു കഴിഞ്ഞത്. സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യപ്പെട്ട ഒരു വിവാഹം തന്നെയായിരുന്നു ഹക്കീം- സന വിവാഹം.


Click it and Unblock the Notifications











