മഞ്ജുവിന്റെ ജീവന്‍ അപകടത്തില്‍, മറ്റാരുടെയോ നിര്‍ദ്ദേശത്തിന് വഴങ്ങി ജീവിക്കുന്നു; ഇഷ്ടം പറഞ്ഞപ്പോള്‍ നിരസിച്ചു

മഞ്ജു വാര്യരെ വിടാതെ സനല്‍കുമാര്‍ ശശിധരന്‍.
നേരത്തെ മഞ്ജു വാര്യരുമായി പ്രണയത്തിലാണെന്നും ചിലര്‍ നടിയുടെ ജീവന്‍ അപഹരിക്കാന്‍ നോക്കുകയാണെന്നും സനല്‍ കുമാര്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ നടിക്കെതിരെ വീണ്ടുമൊരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സനല്‍ കുമാര്‍. മഞ്ജു വാര്യര്‍ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍. റിലീസ് മുടങ്ങിപ്പോയ ഈ സിനിമ കഴിഞ്ഞ ദിവസം സനല്‍ സോഷ്യല്‍ മീഡിയിയലൂടെ പുറത്ത് വിട്ടിരുന്നു.

നീണ്ടൊരു പോസ്റ്റിലൂടെയാണ് സനല്‍കുമാര്‍ മഞ്ജുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണെന്നും മഞ്ജു വാര്യര്‍ മറ്റ് ചിലരുടെ നിയന്ത്രണത്തിലാണെന്നുമാണ് സനല്‍കുമാര്‍ ശശിധരന്‍ ആരോപിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Manju Warrier

ഇത്തിരി നീണ്ട പോസ്റ്റാണ് സാവകാശം വായിച്ചാല്‍ മതി .എന്നെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ട അപവാദങ്ങളില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു ഞാന്‍ മഞ്ജു വാര്യരെ പിന്നാലെ നടന്നു ശല്യം ചെയ്തു എന്ന കള്ളക്കഥ. പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മഞ്ജു വാര്യരോട് ഞാന്‍ പ്രണയം പറഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ സമ്മതിച്ചതോടെ ആ കെട്ടുകഥയ്ക്ക് ജനസമ്മിതിയും കിട്ടി. താരാരാധന മൂത്ത് അവരുടെ കൂടെ നിന്ന് സെല്‍ഫിയെടുക്കാന്‍ കൊതിച്ചുനടക്കുന്ന ആരാധകവൃന്ദം, എന്നെ അവരിലൊരാളായി കരുതുകയും താരങ്ങളെ അടുത്തുകിട്ടിയാല്‍ അവര്‍ ചെയ്യുന്നതൊക്കെ സങ്കല്‍പിക്കുകയും ചെയ്തു. അതുകൊണ്ട് ഞാന്‍ ആരാധനയും പ്രണയവും കൊണ്ട് അവരെ ജീവിക്കാന്‍ അനുവദിക്കാതെ പിന്നാലെ പാഞ്ഞു എന്നാണ് പൊതു ധാരണ. സത്യം അതല്ല. എന്നോട് ഒരു പ്രത്യേക അടുപ്പം അവര്‍ കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ ഫലമായിട്ടാണ് ഞാനവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ പോലും തുടങ്ങിയത്.

പക്ഷേ ഞാനിത് പറയുമ്പോഴും സ്വന്തം സ്വഭാവവിശേഷങ്ങള്‍ എന്നില്‍ ആരോപിച്ചുകൊണ്ട് ഞാന്‍ തന്നെയാണ് കുറ്റക്കാരന്‍ എന്ന് പൊതുജനം വിശ്വസിക്കുന്നത് എന്റെ കുഴപ്പമല്ല.
സത്യത്തില്‍ ഞാനുമായി ആശയവിനിമയം തുടങ്ങിയതു പോലും മഞ്ജു വാര്യര്‍ തന്നെയാണ്. സെക്‌സി ദുര്‍ഗയുടെ ലിങ്ക് ചോദിച്ചുകൊണ്ട് അവര്‍ അയച്ച മെസേജും സിനിമ കണ്ടതിനു ശേഷമുള്ള ചാറ്റുകളുമാണ് 'കയറ്റം' എന്ന സിനിമയിലേക്ക് വഴിവെച്ചത്. ഞാന്‍ അയച്ച അപൂര്‍ണമായ സ്‌ക്രിപ്റ്റ് വായിച്ച ശേഷം സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല അത് പ്രൊഡ്യൂസ് ചെയ്യാനും അവര്‍ സന്നദ്ധയാവുകയായിരുന്നു. അവരോട് ഞാന്‍ നിര്‍ദ്ദേശിച്ചിട്ടാണ് ഷാജി മാത്യു ആ ചിത്രത്തിലേക്ക് നിര്‍മാണ പങ്കാളിയായി എത്തുന്നത്.

ജീവിതത്തേക്കാള്‍ വലുതായ ഒരു ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച മഞ്ജു വാര്യര്‍ എന്ന ഇമേജിനോട് എനിക്ക് തീരെ താല്പര്യം ഇല്ലാത്തതുകൊണ്ടായിരുന്നു സിനിമയുടെ നിര്‍മാണം അവര്‍ ഒറ്റയ്ക്ക് വഹിക്കാം എന്നു പറഞ്ഞിട്ടും ഞാന്‍ എന്റെ മറ്റു സിനിമകളുടെ നിര്‍മതാവായ ഷാജിയെ അതിലേക്ക് കൊണ്ടു വന്നത്. (അതില്‍ എനിക്കെതിരെ ഒരു ചതി ഒളിഞ്ഞിരുന്നു എന്നത് വേറെ കാര്യം).

ആ സിനിമയുടെ പ്രാരംഭ ചര്‍ച്ചകളില്‍ മഞ്ജുവാര്യരുമായി സംസാരിച്ചപ്പോള്‍ അവരെക്കുറിച്ച് പുറമെ സൃഷ്ടിക്കപ്പെട്ട ഇമേജ് അല്ല യഥാര്‍ത്ഥത്തിലുള്ള മഞ്ജു വാര്യര്‍ എന്ന് എനിക്ക് തോന്നിത്തുടങ്ങി. ഏതാണ്ട് എന്റെതിന് സമാനമായ ജീവിതവീക്ഷണങ്ങളും നിലപാടുകളും അവരില്‍ കണ്ടതോടെ എനിക്ക് അവരോട് ഒരു ഇഷ്ടവും തോന്നി. എന്നാല്‍ സിനിമയുടെ ചര്‍ച്ചകള്‍ മുന്നോട്ട് പോയപ്പോള്‍ അതുവരെയില്ലായിരുന്ന ഒരാള്‍ രംഗപ്രവേശം ചെയ്തു. മാനേജര്‍ എന്ന് പരിചയപ്പെടുത്തിയ ബിനീഷ് ചന്ദ്രനായിരുന്നു അത്. സിനിമയുടെ കാര്യങ്ങള്‍ അയാളോട് ചര്‍ച്ചചെയ്യാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ എനിക്ക് യോജിക്കാന്‍ കഴിയാത്ത നിലയിലേക്ക് പോയി. അയാള്‍ മുന്നോട്ട് വെച്ച ഒരു കരാര്‍ എനിക്ക്

സ്വീകാര്യമല്ലാത്തതുകൊണ്ട് ആ സിനിമയില്‍ നിന്ന് പിന്മാറുന്ന കാര്യം പോലും ഒരിക്കല്‍ ഞാന്‍ ആലോചിച്ചു. അക്കാര്യം ഞാന്‍ മഞ്ജു വാര്യരോട് പറഞ്ഞപ്പോള്‍ അയാളോട് സംസാരിച്ചിട്ട് പറയാം എന്നു പറഞ്ഞ അവര്‍ പിന്നീട് 'നമുക്ക് ഒരു കരാര്‍ വേണമോ? ' എന്ന ചോദ്യവുമായിട്ടാണ് മടങ്ങി വന്നത്. ഞാന്‍ സ്വതന്ത്ര സിനിമകള്‍ ആയിരുന്നു എടുത്തിരുന്നത് എന്നതിനാല്‍ അതിനുമുന്‍പുള്ള സിനിമകളിലൊന്നും കരാറുകള്‍ ഇല്ലായിരുന്നു. അത് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ എന്നാല്‍ കയറ്റത്തിലും കരാര്‍ വേണ്ട വിശ്വാസം മതി എന്ന രീതിയില്‍ മുന്നോട്ട് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എങ്കിലും മാനേജര്‍ എന്ന നിലയിലല്ലാത്ത ഒരു സ്വാധീനം ബിനീഷ് ചന്ദ്രന് അവരില്‍ ഉണ്ട് എന്ന് തോന്നിയതു കൊണ്ട് ഞാന്‍ അവരോട് ഒരകലം സൂക്ഷിക്കാന്‍ ശ്രമിച്ചു. പിന്നീട് ബിനു നായര്‍ എന്നൊരാള്‍ സഹായി എന്ന നിലയില്‍ രംഗത്തു വന്നു. താമസിയാതെ ബിനീഷ് ചന്ദ്രനും ബിനു നായരും സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാരായി. ഇതൊക്കെയും എനിക്ക് അവരോടുള്ള അടുപ്പം കുറയ്ക്കാന്‍ കാരണമായി.

കയറ്റത്തിന്റെ ഷൂട്ടിനിടയില്‍ നേരത്തെ സ്‌ക്രിപ്റ്റിലുണ്ടായിരുന്ന ഒരു സീന്‍ ചെയ്യാന്‍ മഞ്ജു വാര്യര്‍ വിസമ്മതം പ്രകടിപ്പിച്ചതും എനിക്കവരോട് അലോസരമുണ്ടാക്കി. ആ സമയത്ത് ബിനീഷ് ചന്ദ്രനും ബിനു നായരും എന്നെ സമീപിച്ച് 'ചേട്ടാ ആവശ്യമുള്ള കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞാല്‍ മതി. ഞങ്ങള്‍ പറഞ്ഞു സമ്മതിപ്പിച്ചോളാം' എന്ന് പറഞ്ഞു. എനിക്കത് നല്ലതായി തോന്നിയില്ല. ആ സമയത്ത് അവരുമായുണ്ടായ ചെറിയ അലോസരം തീര്‍ക്കാന്‍ അഞ്ചോ പത്തോ മിനുട്ട് അവരുമായി ഒറ്റയ്ക്ക് സംസാരിക്കാന്‍ സാധിച്ചു. ഒറ്റയ്ക്ക് സംസാരിക്കുമ്പോഴുള്ള സ്ത്രീയല്ല അവരുടെ മാര്‍ക്കറ്റിംഗ് മീഡിയകള്‍ അവതരിപ്പിക്കുന്ന താരം എന്നെനിക്ക് അപ്പോഴും തോന്നി. എങ്കിലും അവരുമായി കാര്യമായി അടുപ്പമൊന്നും ഉണ്ടായില്ല.

ഒരിക്കല്‍ സൂര്യ ഫെസ്റ്റിവല്‍ സംഘാടകരിലൊരാള്‍ എന്നെ വിളിച്ച് തിരുവനന്തപുരത്ത് മഞ്ജു വാര്യര്‍ അവരുടെ ഒരു പ്രോഗ്രാമിന് വരുന്നുണ്ടെന്നും അതോടനുബന്ധിച്ചുള്ള ഒരു വിരുന്നില്‍ എന്നെയും ക്ഷണിക്കാന്‍ മഞ്ജു വാര്യര്‍ താല്പര്യപ്പെട്ടു എന്നും പറഞ്ഞു. എനിക്കതില്‍ എന്തോ കാരണം കൊണ്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. മറ്റൊരിക്കലും സൂര്യ ഫെസ്റ്റിവലിലെ മഞ്ജു വാര്യരുടെ ഡാന്‍സ് പ്രോഗ്രാമിന് അവര്‍ പറഞ്ഞതനുസരിച്ച് എന്നുപറഞ്ഞ് എന്നെ വിളിച്ചിട്ടുണ്ട്. കോവിഡ് കാരണം ആ പ്രോഗ്രാം നടന്നില്ല എന്നാണ് എന്റെ ഓര്‍മ.

കയറ്റത്തിന്റെ എഡിറ്റിംഗ് നടന്നു കൊണ്ടിരുന്ന സമയത്ത് ഞാനവരുമായി വീണ്ടും സംസാരിക്കാന്‍ തുടങ്ങി. സിനിമയുടെ ഗതിവിഗതികളും മനസ്സില്‍ വരുന്ന പുതിയ കഥകളും ഒക്കെയായിരുന്നു വിഷയം. ലോക സിനിമകളുടെ ഒരു കളക്ഷന്‍ ഒരു പെന്‍ ഡ്രൈവിലാക്കി ഞാനവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ലൊരു സൗഹൃദം വളര്‍ന്നു വന്ന സമയമായിരുന്നു അത്. ആ സമയത്ത് നേരില്‍ കാണണം എന്നാവശ്യപ്പെട്ട് അവരെന്നെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലേക്ക് വിളിച്ചു. ഞാനവിടെ പോവുകയും കുറച്ചു നേരം വെറുതെയിരുന്നിട്ട് തിരികെ പോരുകയും ചെയ്തു. എന്തോ ചര്‍ച്ചചെയ്യാനുണ്ട് എന്ന് പറഞ്ഞു വിളിപ്പിച്ചിട്ടും അവര്‍ കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല. എന്തുകൊണ്ടാവും അതെന്ന് ചിന്തിച്ചിട്ട് ഉത്തരം കിട്ടിയില്ല.

പിന്നീട് കയറ്റത്തിലെ 'ഇസ്തക്കോ' എന്ന പാട്ട് തനിക്ക് പാടണം എന്നാഗ്രഹമുണ്ടെന്നു പറഞ്ഞു. അങ്ങനെ എറണാകുളത്തു പോയി അവര്‍ പാടിയത് റെക്കോര്‍ഡ് ചെയ്തു. സിനിമയുടെ റിലീസ് വൈകുന്നത് ഞാന്‍ സൂചിപ്പിക്കുകയും അതുണ്ടാക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പറയുകയും ചെയ്തപ്പോള്‍ എനിക്കവര്‍ കുറച്ചു പണം തന്ന് സഹായിക്കാം എന്ന് പറഞ്ഞു. ഞാനത് ആദ്യം നിരസിച്ചു എങ്കിലും കയറ്റം സിനിമയിലെ എന്റെ അവകാശം അവര്‍ക്ക് എഴുതിക്കൊടുത്തുകൊണ്ട് പ്രതിഫലമായി ഞാന്‍ ആ പണം വാങ്ങി. ഇങ്ങനെ ദീര്‍ഘനാളത്തെ ഇടപെടല്‍ കൊണ്ട് ആരാധകര്‍ നെഞ്ചേറ്റിയ വിഗ്രഹം എന്ന നിലയിലല്ലാതെ എനിക്കവരെ നന്മകളുള്ള ഒരു സ്ത്രീ എന്ന് മനസിലാക്കാന്‍ കഴിഞ്ഞപ്പോഴാണ് ഞാന്‍ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അത് അവര്‍ നിഷേധിച്ചപ്പോള്‍ ഞാനത് തുടരുകയും ചെയ്തില്ല.

വളരെ നാളുകള്‍ക്ക് ശേഷം പിന്നീടെപ്പോഴോ അവര്‍ തന്നെ അവരുടെ അമ്മ എഴുതിയ ഒരു കഥയോ അനുഭവകുറിപ്പോ എനിക്കയച്ചു. അങ്ങനെ വീണ്ടും ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. 'തീയാട്ടം' എന്നപേരില്‍ ഒരു സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ അവര്‍ക്ക് വായിക്കാന്‍ കൊടുത്തു. അവര്‍ക്കത് ഇഷ്ടപ്പെടുകയും അഭിനയിക്കാനും കോപ്രൊഡ്യുസ് ചെയ്യാനും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ടോവിനോ തോമസും മുരളി ഗോപിയും അഭിനയിക്കാനും സെഞ്ചുറി പ്രൊഡക്ഷന്‍സ് പ്രൊഡ്യുസ് ചെയ്യാനും തയാറായ ആ പ്രോജെക്ട് നിലച്ചു പോയി.

ബിനീഷ് ചന്ദ്രന്‍ കാസ്റ്റിങ്ങില്‍ അനാവശ്യമായ ചില ഇടപെടലുകള്‍ നടത്തിയതിനാല്‍ അയാളോടൊപ്പം ജോലി ചെയ്യാന്‍ എനിക്ക് കഴിയില്ല എന്ന് ഞാന്‍ പറയുകയും തുടര്‍ന്ന് മഞ്ജു വാര്യര്‍ അതില്‍ നിന്ന് പിന്മാറുകയും ചെയ്യുകയായിരുന്നു. അവര്‍ ചെയ്യാനിരുന്ന കഥാപാത്രത്തിന് അനുയോജ്യമായ മറ്റൊരു നടിയെ ആലോചിച്ചു കണ്ടെത്താന്‍ കഴിയാതെ ഞാനത് ഉപേക്ഷിച്ചു. പിന്നീടാണ് 'വഴക്ക്' എന്ന സിനിമ ഞാന്‍ ചെയ്യുന്നത്.

'വഴക്ക്' സിനിമ കഴിഞ്ഞപ്പോള്‍ ആ സിനിമ കാണാന്‍ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട് മഞ്ജു വാര്യര്‍ വീണ്ടും മെസേജ് അയച്ചു. ഞാനതിന്റെ ഒരു പ്രൈവറ്റ് ലിങ്ക് അവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെ പുനരാരംഭിച്ച സംഭാഷണം 'കയറ്റം' എന്തുകൊണ്ട് റിലീസ് ആവുന്നില്ല എന്ന വിഷയത്തിലേക്ക് കടക്കുകയും ആദ്യം അതിന്റെ പാട്ടുകള്‍ റിലീസ് ചെയ്യാം എന്ന് ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ 'ഇസ്തക്കോ' എന്ന പാട്ട് റിലീസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തന്നെ വലിയ തടസങ്ങള്‍ ഷാജി മാത്യു, ബിനീഷ് ചന്ദ്രന്‍ എന്നിവരില്‍ നിന്നും എനിക്ക് നേരിട്ടു.

ഞാനത് അവരോട് പറഞ്ഞപ്പോള്‍ എനിക്കൊപ്പം നില്‍ക്കാന്‍ അവരെടുത്ത ശക്തമായ തീരുമാനം കണ്ടപ്പോഴാണ് അവര്‍ ഉള്ളിലെന്തോ അടക്കി വെയ്ക്കുന്നു എന്നെനിക്ക് തോന്നിയത്. പക്ഷേ അതോടെ ദുരൂഹമായ നിലയില്‍ അവരുമായുള്ള കമ്യുണിക്കേഷന്‍ നിലച്ചു.

പാട്ട് പുറത്തിറങ്ങിയതോടെ എനിക്കെതിരെയുള്ള അപവാദപ്രചാരണം ശക്തമായി. ആ സമയത്ത് എന്റെ ജീവന് പിന്നാലെ ഗുണ്ടകള്‍ ഉണ്ട് എന്ന് മനസിലായതിനാല്‍ ഞാന്‍ വീടുവിട്ടു. ഇന്ത്യമുഴുവന്‍ സഞ്ചരിച്ചു. ആ യാത്രയില്‍ സഞ്ചാരക്കുറിപ്പുകള്‍ പോലെ ഞാനവര്‍ക്ക് ഇമെയിലുകള്‍ അയച്ചിരുന്നു. മറുപടി ഉണ്ടായിരുന്നില്ല എങ്കിലും എന്റെ മെയിലുകള്‍ അവര്‍ വായിക്കുന്നുണ്ട് എന്ന സൂചനകള്‍ കണ്‍ഫ്യുസിംഗ് ആയിട്ടുള്ള അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.

പക്ഷേ അതൊന്നും നേരിട്ടുള്ള ആശയവിനിമയങ്ങള്‍ അല്ല. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായ ധാരണ വരുത്തുന്നതിനാണ് ഞാനവരെ നേരില്‍ കാണാന്‍ തീരുമാനിച്ചത്. അതല്ലാതെ തടഞ്ഞു നിര്‍ത്തി പ്രണയം പറയാനല്ല. ഒരേ ഒരു തവണ മാത്രമാണ് അതിനായി ശ്രമിച്ചിട്ടുള്ളതുപോലും. എന്നാല്‍ പരസ്പരം സംസാരിക്കാന്‍ അനുവദിക്കാത്ത നിലയില്‍ ബിനീഷ് ചന്ദ്രനും ബിനു നായരും സംഘവും ചേര്‍ന്ന് അവരെ ഒരു കാറില്‍ തള്ളിക്കയറ്റി കൊണ്ടു പോകുന്നതാണ് ഞാന്‍ കണ്ടത്.

ഞാനവരെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നുവെന്നും ഭീഷണിപ്പെടുത്തുന്നു എന്നുമൊക്കെയുള്ള കള്ളക്കഥകള്‍ ഒരടിസ്ഥാനവും ഇല്ലാത്തതാണ്. മറ്റൊരാളെ നേരില്‍ കണ്ട് ഒറ്റയ്ക്ക് സംസാരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലാണ് അവരെന്ന എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഈ പശ്ചാത്തലത്തില്‍ ഉള്ളതായിരുന്നു. അവ എഴുതുന്നതിന് മുന്‍പും ഞാനവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അവയ്ക്കും ഒരു ഫോണ്‍ കോളിലൂടെ പോലും മറുപടിയുണ്ടായില്ല.

ഒരിക്കല്‍ എന്റെ ഒരു പോസ്റ്റിനു ശേഷം അവര്‍ എന്നെ വിളിച്ചു. അതുപക്ഷെ എന്റെ സംശയങ്ങള്‍ കൂടുതല്‍ ബലവത്താക്കുന്നതായിരുന്നു. മൂന്നാമതൊരാളെ സാക്ഷിയാക്കുന്ന തരത്തില്‍ ഒരു കോണ്ഫറന്‍സ് കോള്‍ ആയിരുന്നു അത്. സാധാരണ സംസാരിക്കുന്ന രീതിയിലല്ലാത്ത അതിനാടകീയമായ സംസാരമുള്‍പ്പെടെ അടിമുടി ദുരൂഹതനിറഞ്ഞ പെരുമാറ്റങ്ങളായിരുന്നു അവരില്‍ നിന്നും ഉണ്ടായത്. ഇത്തരം കാരണങ്ങള്‍ കൊണ്ട് മറ്റാരുടെയോ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവരുടെ ജീവന്‍ അപകടത്തിലാണ് എന്നുമുള്ള തോന്നല്‍ എനിക്ക് ശക്തമായി. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകളില്‍ ഒക്കെയും അവരെ ടാഗ് ചെയ്തിട്ടും ഒരാഴ്ചയോളം അവര്‍ പരസ്യമായോ സ്വകാര്യമായോ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല.

ഒരു സുപ്രഭാതത്തില്‍ ഞാനറിയുന്നത് അവര്‍ എനിക്കെതിരെ ഒരു പരാതി കൊടുത്തു എന്നാണ്. ഞാനവരെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തി എന്നും പിന്തുടര്‍ന്ന് ശല്യപ്പെടുത്തി എന്നും അവരുടെ മാനേജര്‍മാരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമൊക്കെയാണ് പരാതിയില്‍ ഉള്ളത്. മെയ് മാസം നാല് രാത്രി എട്ടര മണിക്ക് എറണാകുളത്തെ സിറ്റി വനിതാ പോലീസ് സ്റ്റേഷനില്‍ അവര്‍ നേരിട്ട് ഹാജരായി മൊഴി പറഞ്ഞു കൊടുക്കുകയായിരുന്നുവത്രേ. പരാതിയിലെ കയ്യക്ഷരം മറ്റാരുടേതോ ആണ്. അഞ്ചു പേജുള്ള പരാതിയില്‍ അവസാനത്തെ പേജില്‍ മാത്രമാണ് മഞ്ജു വാര്യരുടെ ഒപ്പുള്ളത്.

പരാതിയിലെ ഏറ്റവും രസകരമായ സംഗതി ഞാനവര്‍ക്ക് കയറ്റത്തിന്റെ വര്‍ക്കിനിടെ പ്രണയം പറഞ്ഞ് മെസേജ് അയച്ചു എന്നും അവര്‍ അത് അപ്പോള്‍ തന്നെ ഒപ്പമുണ്ടായിരുന്ന ബിനീഷ് ചന്ദ്രനെയും ബിനു നായരേയും കാണിച്ചു എന്നുമാണ്. കയറ്റത്തിന്റെ ഷൂട്ടിനിടെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. സ്വകാര്യമായ ഒരു മെസേജ് തന്റെ ഒപ്പമുള്ള ആളുകളെ കാണിക്കുന്ന തരംതാണ പ്രവര്‍ത്തി ഒരിക്കലും അവര്‍ ചെയ്യില്ല എന്നെനിക്കറിയാം.

ആ കള്ള പരാതിയില്‍ എന്നെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുമ്പോള്‍ ഞാന്‍ ഫെയ്‌സ് ബുക്ക് ലൈവ് വന്നത് മാത്രമല്ല ഇന്റര്‍ നെറ്റിലുള്ള വീഡിയോ. ഒരു പോലീസുകാരന്‍ തത്സമയം ആരെയോ വീഡിയോ കോള്‍ ചെയ്ത് കാണിക്കുന്നുണ്ടായിരുന്നു. അതിലെ എന്നെ അപമാനിക്കുന്ന തരത്തിലുള്ള ഭാഗങ്ങളാണ് ഇന്റര്‍നെറ്റില്‍ കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ടത്. ആര്‍ക്കാണ് ആ പോലീസുകാരന്‍ വീഡിയോ കോള്‍ ചെയ്ത് എന്നെ ഉപദ്രവിക്കുന്നത് കാണിച്ചത് എന്ന് പരിശോധിച്ചാല്‍ ആരാണ് എനിക്ക് വേണ്ടി ക്വട്ടേഷന്‍ കൊടുത്തത് എന്ന് മനസിലാവും.

Manju Warrier

എന്തിനാണ് എളമക്കര പോലീസ് സ്റ്റേഷനില്‍ വെച്ച്, ഇനി മഞ്ജു വാര്യരെ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ പുറം ലോകം കാണാതെ അകത്താക്കി കളയുമെന്നും കൊന്നുകളയുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നെ ഭീഷണിപ്പെടുത്തിയത്? എന്തുകൊണ്ടാണ് കേസ് കോടതിയിലെത്തിക്കാതെ സ്റ്റേഷനില്‍ നിന്നും ജാമ്യം എടുത്ത് പോകാന്‍ അവര്‍ നിര്‍ബന്ധിച്ചത്?
കയറ്റം എന്തുകൊണ്ട് പുറത്തിറങ്ങുന്നില്ല? എന്തുകൊണ്ടാണ് അവര്‍ക്ക് എന്നോട് നേരിട്ട് സംസാരിക്കാന്‍ കഴിയാത്തത്? എന്തുകൊണ്ടാണ് എനിക്കെതിരെ കള്ളക്കേസ് ചമയ്ക്കാന്‍ പോലീസുകാര്‍ കൂട്ട് നില്‍ക്കുന്നത്? ദുരൂഹതകള്‍ നിരവധിയാണ്.

പക്ഷേ ഇതൊന്നും അന്വേഷിക്കപ്പെടില്ല. മഞ്ജു വാര്യര്‍ മൗനം ഭേദിക്കില്ല. കരുതുന്നതിനപ്പുറം വളര്‍ന്ന ഒരു മാഫിയയുടെ താല്പര്യങ്ങള്‍ ഇക്കാര്യത്തില്‍ ഉള്ളതിനാലാണത്. അവരുടെ നിസ്സഹായത ഞാന്‍ മനസിലാക്കുന്നു. പക്ഷേ പ്രണയ പരവശനായി ഞാന്‍ നിങ്ങളുടെയൊക്കെ ആരാധനാ മൂര്‍ത്തിയെ ഓടിച്ചിട്ട് ശല്യം ചെയ്യുകയായിരുന്നു എന്ന കഥ ഒരു കെട്ടുകഥ മാത്രമാണ് എന്നറിയുക. നിങ്ങള്‍ ആഘോഷിക്കുന്ന ബിംബങ്ങളല്ല നിസ്സഹായത കൊണ്ട് നീറുന്ന പച്ച മനുഷ്യര്‍. എനിക്കെതിരെയുള്ള കേസ് കോടതിയില്‍ വിചാരണയ്ക്കെത്തിയാല്‍ അതിനു വേണ്ടി ഗൂഡാലോചന നടത്തിയ നീതിപാലകര്‍ ഉള്‍പ്പെടെ കുടുങ്ങും എന്നതിനാല്‍ അതിനു മുന്‍പ് അവരുടെയും എന്റെയും ജീവന്‍ വേട്ടയാടപ്പെടും. കഥയറിയാതെ കല്ലെറിയും മുന്‍പ് സത്യങ്ങള്‍ അന്വേഷിക്കാന്‍ ശ്രമിക്കുക. അതല്ലെങ്കില്‍ മറ്റൊരു മനുഷ്യക്കുരുതിയില്‍ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ വിരലടയാളവും പതിയും

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X