സിനിമ ചെയ്യാൻ ഒരുപാട് പൈസയുടെ ആവശ്യമില്ല! ഫ്രൈഡേ സിനിമയ്ക്ക് ഫഹദ് വാങ്ങിയ പ്രതിഫലം; സാന്ദ്ര തോമസ് പറയുന്നു
മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് സാന്ദ്ര തോമസ്. നടിയായി സിനിമയിലെത്തിയ സാന്ദ്ര പിന്നീട് നിർമ്മാതാവായി തിളങ്ങുകയായിരുന്നു. മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകൾ ഒരുക്കിയ ഫ്രൈഡേ ഫിലിം ഹൗസിന്റെ അമരക്കാരിൽ ഒരാളായിരുന്നു സാന്ദ്ര. നടനും നിർമാതാവുമായ വിജയ് ബാബുവിന് ഒപ്പമായിരുന്നു കമ്പനി നടത്തിയിരുന്നത്. എന്നാൽ പിന്നീട് ചില തർക്കങ്ങളെ തുടർന്ന് സാന്ദ്ര ആ നിർമ്മാണ കമ്പനി ഉപേക്ഷിച്ചു.
ഇപ്പോൾ സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുമായി വീണ്ടും നിർമാണ രംഗത്ത് സജീവമാവുകയാണ് സാന്ദ്ര. മലയാള സിനിമയിൽ സ്ത്രീ പ്രാതിനിധ്യം നന്നേ കുറഞ്ഞ നിർമാണ മേഖലയിലേക്ക് ഒറ്റയ്ക്ക് കയറി വന്നയാളാണ് സാന്ദ്ര. ഇപ്പോൾ വീണ്ടും ഒറ്റയ്ക്ക് തന്നെ മുന്നോട്ട് പോവുകയാണ് അവർ. അതിനിടെ തന്റെ നിർമാണ രംഗത്തേക്കുള്ള കടന്നു വരവിനെ കുറിച്ച് സാന്ദ്ര പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്.

ഫഹദ് ഫാസിലിനെ നായകനാക്കി ഫ്രൈഡേ എന്ന ചിത്രം നിർമിച്ചു കൊണ്ടായിരുന്നു സാന്ദ്രയുടെ തുടക്കം. ആ സിനിമ നിർമിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് സാന്ദ്ര സംസാരിക്കുന്നത്. ചിത്രത്തിൽ ഫഹദ് വാങ്ങിയ പ്രതിഫലത്തെ കുറിച്ചും അവർ വെളിപ്പെടുത്തി. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.
'സിനിമ ചെയ്യാൻ ഒരുപാട് പൈസയുടെ ആവശ്യമൊന്നുമില്ല. സാജിദാണ് ഇത് എന്നോട് ആദ്യം പറയുന്നത്. ബിസിനസ് മാനേജ് ചെയ്യാനും ഫിനാൻസ് മാനേജ് ചെയ്യാനും അറിഞ്ഞാൽ മാത്രം മതി. എന്റെ പപ്പയുടെ സ്വപ്നമായിരുന്നു സിനിമ. സിനിമയിൽ അഭിനയിക്കാൻ അവസരം നോക്കുന്നു എന്ന് പറഞ്ഞ് പപ്പ നാനയിൽ കൊടുത്ത പരസ്യത്തിലൂടെയാണ് എന്റെ മമ്മി പപ്പയെ ആദ്യമായി കാണുന്നത്. അത്രയും വലിയ സിനിമ പ്രാന്തനാണ്. പപ്പയ്ക്ക് ഇഷ്ടമാണല്ലോ എന്നോർത്താണ് ഞാൻ സിനിമ ചെയ്യാമെന്ന് കരുതുന്നത്',
'സാജിദ് എന്നോട് എപ്പോഴും കഥ പറയും. അങ്ങനെ ഒരു കഥ കൊള്ളാമെന്ന് പറഞ്ഞതോടെ സാജിദ് അവിടെന്ന് പിടിച്ചു കയറയുകയായിരുന്നു. പിന്നീട് സ്ക്രിപ്റ്റ് റൈറ്റർ നജീം കോയ വന്നു. ഡയറക്ടർ ലിജിൻ വന്നു. അപ്പോഴും ഞാൻ ഇത് വേണോ വേണ്ടയോ എന്ന കൺഫ്യുഷനിൽ ആയിരുന്നു. അങ്ങനെയിരിക്കെ ഞാൻ വിജയ്നെ (വിജയ് ബാബു) കാണാൻ ചെന്നു. ഇങ്ങനെയൊരു സിനിമയുടെ പ്രൊപോസൽ ഉണ്ട്. സാറ്റ്ലൈറ്റിന് തരട്ടെ എന്ന് ചോദിച്ചു',
'സിനിമയുടെ സ്റ്റേജ് എന്താണെന്ന് ചോദിച്ചപ്പോൾ തുടങ്ങിയിട്ടില്ല, കഥയുണ്ടെന്ന് ഞങ്ങൾ പറഞ്ഞു. നിങ്ങൾക്ക് ഫഹദ് ഫാസിലിന്റെ ഡേറ്റ് കൊണ്ടുവരാൻ കഴിയുമെങ്കിൽ ഞാൻ സപ്പോർട്ട് ചെയ്യാമെന്നായിരുന്നു വിജയുടെ മറുപടി. ഫഹദ് കത്തി നിൽക്കുന്ന സമയമാണ്. ഭാഗ്യം കൊണ്ട്, ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾക്ക് ഫഹദിന്റെ ഡേറ്റ് കിട്ടി. അതോടെ സാറ്റ്ലൈറ്റും ഒക്കെയായി. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്താണെന്ന് വെച്ചാൽ. ഫ്രൈഡേ എന്ന സിനിമയിൽ ഫഹദ് അഭിനയിച്ചത് ഒരു ലക്ഷം രൂപയ്ക്കാണ്',

'സൗഹൃദത്തിന്റെ പുറത്ത് ചെയ്തതാണ് അത്. ഇന്ന് ഫഹദിനെ കിട്ടില്ല. വളരെ തിരക്കാണ്. ആ ഏരിയയിലേക്കെ നോക്കാതെയിരിക്കുന്നതാണ് നല്ലത്. നമ്മൾ എപ്പോഴും ഒരു സിനിമ സ്ക്രച്ചിൽ നിന്നുമാണ് തുടങ്ങുക. അത് കഥയായി വരുമ്പോൾ തന്നെ സമയമെടുക്കും. പിന്നീട് ആർട്ടിസ്റ്റിന്റെ ഡേറ്റിനായി കാത്തിരിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഒരു പ്രോജക്റ്റ് ആയിട്ട് ഇടും. വിൽക്കാനായി മാത്രം താരങ്ങളെ ഉപയോഗിക്കുന്നത് പോലെ. ആളുകൾ തിയേറ്ററിലേക്ക് വരാൻ അത് വേണം. അങ്ങനെയൊരു പ്രോജക്റ്റ് ആക്കാനാണ് എപ്പോഴും നോക്കുക', സാന്ദ്ര തോമസ് പറഞ്ഞു.
നല്ല നിലാവുള്ള രാത്രിയാണ് സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മർഫി ദേവസി സംവിധാനം ചെയ്ത ചിത്രത്തിൽ ബാബുരാജ്, ചെമ്പൻ വിനോദ്, ജിനു ജോസഫ്, ബിനു പപ്പു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.


Click it and Unblock the Notifications