ദുൽഖറിന്റെ സിനിമകളിൽ മമ്മൂട്ടി ഇടപെടാറില്ലല്ലോ! വളർത്തുന്നതിന്റെ കുഴപ്പമാണ് അതൊക്കെ: ശാന്തിവിള ദിനേശ്
വിവാദങ്ങളിലൂടെ പേരെടുത്തിട്ടുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. സിനിമാ മേഖലയിലെ അണിയറ കഥകൾ പലതും തുറന്നു പറഞ്ഞു രംഗത്തെത്താറുള്ള ശാന്തിവിള ദിനേശ്, ആ തുറന്നു പറച്ചിലുകളുടെ പേരിലാണ് വിവാദങ്ങളിൽ ചാടാറുള്ളത്. മലയാളത്തിലെ സൂപ്പർ താരങ്ങളെ കുറിച്ച് അടക്കം മോശമായി സംസാരിച്ചതിന്റെ പേരിൽ ശാന്തിവിള ദിനേശിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം വീഡിയോകളുമായി അദ്ദേഹം എത്താറുണ്ട്.
ഇടയ്ക്ക് യൂട്യൂബ് മാധ്യമങ്ങൾക്ക് നൽകുന്ന അദ്ദേഹത്തിന്റെ അഭിമുഖങ്ങളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നൽകിയ ഒരു അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മമ്മൂട്ടിയെയും ദുൽഖറിനെയും ഷെയിൻ നിഗവുമായി താരതമ്യം ചെയ്ത് സംസാരിക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഷെയിൻ നിഗമിനെതിരെ നിർമാതാക്കളുടെ സംഘടന നടപടിയെടുത്ത സമയത്ത് മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണിത്.

സെറ്റിലെ അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടി ആയിരുന്നു ഷെയ്‌നിനെതിരായ നടപടി. അവസാനം അഭിനയിച്ച ആർഡിഎക്സ് സിനിമയുടെ എഡിറ്റിംഗിന്റെ കാര്യത്തിലടക്കം ഷെയിനും അമ്മയും ഇടപെട്ടു എന്നും സിനിമയിൽ തനിക്ക് മുൻതൂക്കം നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും ആരോപണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദുൽഖർ സിനിമയിലെത്തി ഇത്രയും വർഷമായിട്ടും ഒരു സിനിമയിലും ഇടപെടാത്ത മമ്മൂട്ടിയെ കുറിച്ച് ശാന്തിവിള ദിനേശ് സംസാരിക്കുന്നത്.
ദുൽഖറിന്റെ സിനിമയുടെ സെറ്റിൽ ചെന്ന് എന്റെ മകന്റെ ഷോട്ടുകൾ കാണട്ടെ എന്ന് മമ്മൂട്ടി പറയുന്നില്ലല്ലോ. ദുൽഖർ ഉമ്മയെയും കൊണ്ട് സെറ്റിൽ പോകുന്നില്ലലോ എന്നും ശാന്തിവിള ദിനേശ് അഭിമുഖത്തിൽ പറയുന്നു. ഷെയിനിനെ പോലെ ഇത്രയും പ്രായമായ ഒരാൾ അമ്മയെയും കൊണ്ട് സെറ്റിലേക്ക് പോകുന്നത് ബോറല്ലേയെന്നും ദിനേശ് ചോദിക്കുന്നു.
"ദുൽഖർ സിനിമയിൽ വന്നു. മമ്മൂട്ടി സെറ്റിൽ വന്നിട്ട് എവിടെ എന്റെ മകന്റെ എടുത്ത ഷോട്ടുകൾ കാണട്ടെ എന്ന് പറയാത്തത് എന്തുകൊണ്ടാണ്. ഉമ്മയെ ഒരു ദിവസമെങ്കിലും സെറ്റിൽ കൊണ്ടുപോകാത്തത് എന്താണ്. വളർത്തുന്നതിന്റെ കുഴപ്പമാണ് അതൊക്കെ. പത്തിരുപത്തെട്ട്‍ വയസായ പയ്യൻ നഴ്‌സറിയിൽ പോകുന്നത് പോലെ അമ്മയെയും കൊണ്ട് പോകുന്നത് ഭയങ്കര ബോറല്ലേ", ശാന്തിവിള ദിനേശ് പറഞ്ഞു.
"ഇവന്റെ സിനിമകൾ ഓടുന്നുണ്ടോ. ഇവൻ പറയുന്നത് മൂന്ന് പേര് നടക്കുമ്പോൾ ഞാൻ മുൻപേ നടക്കും, മറ്റുള്ളവർ പുറകിൽ നടക്കട്ടെ എന്നൊക്കെയാണ്. കുമ്പളങ്ങി നൈറ്റ്സ് ഒക്കെ അവൻ കാരണം ജയിച്ചു എന്നാണ് പറയുന്നത്. കുമ്പളങ്ങി നൈറ്റ്സ് ഒക്കെ ഫഹദ് ഫാസിലൊക്കെ മനോഹരമായി ചെയ്ത സിനിമയല്ലേ. ആ സിനിമയിൽ ഇവനെന്താണ് റോൾ. ഇവനൊന്നുമില്ല. അവനുള്ളത് കൊണ്ടാണ് കുമ്പളങ്ങി നൈറ്റ്സ് ഓടിയതെന്നാകും അവൻ വിചാരിക്കുന്നത്", ശാന്തിവിള ദിനേശ് തുറന്നടിച്ചു.

അതേസമയം ഒരുപാട് വിമർശനങ്ങൾ ശാന്തിവിള ദിനേശിനെതിരെ കമന്റ് ബോക്സിൽ നിറയുന്നുണ്ട്. ഷെയിൻ വളരെ കഴിവുള്ള നടനാണ്. ഇത്തരം പ്രചരണങ്ങൾ അവസാനിപ്പിക്കണം. ഇവരെ തമ്മിലാണോ താരതമ്യം ചെയ്യേണ്ടത് എന്നൊക്കെയാണ് ചോദ്യങ്ങൾ. നേരത്തെ ഷെയിനിനെയും പിതാവ് അബിയെയും കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളും വിമർശിക്കപ്പെട്ടിരുന്നു.
'അബിയുടെ കൈയിലിരിപ്പ് മോശമായിരുന്നു. അത് കൊണ്ടാണ് സിനിമ കിട്ടാഞ്ഞത്. അന്നേ അമിതാഭ് ബച്ചനെന്ന് പറഞ്ഞാണ് നടന്നിരുന്നത്. സ്വഭാവം കൊണ്ടാണ് വലിയ നടനാകാൻ കഴിയാതെ പോയത്. മകനെങ്കിലും അത് മനസിലാക്കി തിരുത്തിയിരുന്നെങ്കിൽ' എന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്.


Click it and Unblock the Notifications











