ഭരത് അവാര്‍ഡ് കിട്ടിയ നടന്‍ വെള്ളമടിച്ച് അനാഥ ശവമായി മദ്രാസില്‍; ബോഡി നാട്ടിലെത്തിച്ച സൂപ്പര്‍ താരം: ശാന്തിവിള
മലയാള സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ തുറന്നടിച്ച് സംവിധാകന്‍ ശാന്തിവിള ദിനേശ്. മലയാള സിനിയിലെ അഞ്ച് പേര്‍ ഭാവിയില്‍ മരിച്ചേക്കുമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അതേസമയം ലഹരി ഉപയോഗം ഇന്ന് ആരംഭിച്ചതല്ലെന്നും മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഡിഎന്‍എ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തിവിള ദിനേശ് പറയുന്നു.
''പിജെ ആന്റണി എന്ന മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാര്‍ഡ് വാങ്ങിച്ചു കൊണ്ടുവന്ന മനുഷ്യന്‍ വെള്ളമടിച്ച് വെള്ളമടിച്ച് വകയ്ക്ക് കൊള്ളാതെ അനാഥ ശവമായി മദ്രാസില്‍ മരിച്ചു വീണു. ആ സമയം നസീര്‍ സാര്‍ മദ്രാസിലില്ല. അദ്ദേഹം ഷാനവാസിനെ വിളിച്ച് എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റ ബോഡി എറണാകുളത്ത് എത്തിക്കാനുള്ള നടപടി ചെയ്യണമെന്ന് പറഞ്ഞു. ഭരത് അവാര്‍ഡ് കിട്ടിയ നടനാണ്. ഡെഡ് ബോഡി കൊണ്ടു പോകാന്‍ നിവര്‍ത്തിയില്ലാതെ മദ്രാസില് കിടക്കേണ്ടി വന്നു. നസീര്‍ സാര്‍ ഇല്ലായിരുന്നുവെങ്കില്‍ അനാഥ ശവം ആയേനെ'' എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

''ലഹരി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നമ്മളിപ്പോള്‍ കഞ്ചാവിനെക്കുറിച്ചും എംഡിഎംഎയെക്കുറിച്ചും കൊക്കെയ്‌നെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്. കറുപ്പ് എന്നൊരു ലഹരിയുണ്ടായിരുന്നു. അരനാഴിക നേരത്തില്‍ കുഞ്ഞാനച്ചന്‍ ഉപയോഗിക്കുന്ന കറുപ്പ്. അത് കഴിച്ചിരുന്ന വമ്പന്മാരുണ്ടായിരുന്നു മലയാള സിനിമയില്‍ രാവിലെ എഴുന്നേറ്റാല്‍ ഒരു കുപ്പി പട്ടച്ചാരായം കടകടാന്ന് കുടിക്കുന്ന സംവിധായകരുണ്ടായിരുന്നു. പക്ഷെ അവരുടെയൊക്കെ ഗുണം എന്താണെന്ന് വച്ചാല്‍ അവര്‍ ആദ്യം കണ്ടിരുന്നത് സിനിമയെയാണ്. അതിന് ശേഷമാണ് മദ്യവും പെണ്ണും. സിനിമയെ അവര്‍ സിനിമയെ ബഹുമാനത്തോടെ കണ്ടു. അതിനാല്‍ നമുക്ക് ക്ലാസിക് സിനിമകള്‍ ലഭിച്ചു'' എന്നും അദ്ദേഹം പറയുന്നു.
ഇപ്പോഴുള്ള കൂതറകള്‍ അങ്ങനെയല്ല. വെള്ളമടിച്ച്, കഞ്ചാവടിച്ച്, പെണ്ണ് പിടിച്ച് നടക്കും. എന്നിട്ട് സമയമുണ്ടെങ്കില്‍ ഷൂട്ട് ചെയ്യാം എന്ന ഭാവമാണ്. അതിന്റെയാണ് മലയാള സിനിമ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ശാന്തി വിള ദിനേശ് പറയുന്നുണ്ട്. ശ്രീനാഥ് ഭാസി കഞ്ചാവ് വേണമെന്ന് വിളിച്ച് പറഞ്ഞിട്ടുണ്ടെങ്കില്‍ നിന്റെ അച്ഛനോട് ചോദിക്കെടാ എന്ന് മുഖത്തടിച്ചത് പോലെ പറയാനാകാണം എന്ന് അദ്ദേഹം പറയുന്നുണ്ട്. അത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങുന്ന നിര്‍മ്മാതക്കള്‍ക്കെതിരേയും അദ്ദേഹം തുറന്നടിക്കുന്നുണ്ട്.
അതേസമയം ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ആരോപണം ഉന്നയിച്ച നടി വിന്‍സി അലോഷ്യസിന് ഇനി മുതല്‍ അവസരം ഇല്ലാതാകുമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നുണ്ട്. നടി നേരത്തെ ഷൈന്‍ ടോം ചാക്കോയുടെ പേര് പറയാതിരുന്നതും ആ ഭയം മൂലമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മലയാള സിനിമയിലെ അതജീവിതയെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട് ശാന്തിവിള ദിനേശ്.

''നല്ല നടിയാണ് ആ കുട്ടി. സംസ്ഥാന അവാര്‍ഡൊക്കെ കിട്ടിയ കുട്ടിയാണ്. പക്ഷെ അതിന് ഇനി സിനിമ കിട്ടില്ല. ഇവിടെ ഒരു അതിജീവിതയുണ്ട്. എല്ലാവരും നിനക്ക് ഞങ്ങളുണ്ട് എന്ന് പറഞ്ഞ് പിന്തുണയുമായി വന്നു. ഇവന്മാര്‍ ആരെങ്കിലും കഴിഞ്ഞ ആറ് വര്‍ഷമായി ആ കുട്ടിയ്ക്ക് പടം കൊടുത്തിട്ടുണ്ടോ? അങ്ങനെ കൊടുത്തിരുന്നുവെങ്കില്‍ മലയാളത്തില്‍ ഇന്ന് ഏറ്റവും തിരക്കില്‍ നില്‍ക്കേണ്ട നടിയായിരുന്നു അവര്‍. ഈ സംഭവത്തോടെ ആ കുട്ടിയ്ക്ക് വര്‍ഷത്തില്‍ ഒരു സിനിമ പോലുമില്ലാതായി. ഇത് തന്നെ വിന്‍സിയ്ക്കും സംഭവിക്കും. ഇത് ഭീഷണിയല്ല. അനുഭവങ്ങളില്‍ നിന്നും പറയുന്നത്. സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കുന്നവരെ ചൂണ്ടിക്കാണിക്കുന്നവരെ ഒതുക്കും'' എന്നാണ് ശാന്തിവിള പറയുന്നത്.
കഴിഞ്ഞ ദിവസം ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലും ഷൈനിനെതിരായ പരാതിയെക്കുറിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചിരുന്നു. വിന്‍സിയുടെ പരാതിയില്‍ ഷൈന്‍ ടോമിനെതിരെ നിയമനടപടിയെടുക്കാനാകുമെന്ന് തോന്നുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രശ്‌നം കൊണ്ട് നഷ്ടം വരാന്‍ പോകുന്നത് വിന്‍സിക്കാണ്. നടിക്ക് സിനിമകള്‍ ലഭിക്കാതാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications