ഇങ്ങനെ പോയാൽ മോഹൻലാലിനെ അവർ ഷെഡ്‌ഡിലാക്കും; ആന്റണിയെ അക്കാര്യത്തിൽ നിന്നെങ്കിലും ഒഴിവാക്കണം: ശാന്തിവിള ദിനേശ്
മലയാളത്തിന്റെ അഭിമാനമാണ് നടൻ മോഹൻലാൽ. പതിറ്റാണ്ടുകളായി ഓരോ സിനിമാ പ്രേമിയെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടൻ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. നടന വിസ്‌മയം, കംപ്ലീറ്റ് ആക്ടർ, താരരാജാവ് എന്നിങ്ങനെ മോഹൻലാലിന് പ്രേക്ഷകർ നൽകിയിരിക്കുന്ന വിശേഷണങ്ങള്‍ ഏറെയാണ്.
ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെയാണ് നടൻ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ അടുത്തിടെയായി മോഹൻലാൽ സിനിമകൾ വലിയ വിജയമാകാതെ പോവുകയാണ്. ഏറെ പ്രതീക്ഷകളോടെ അടുത്തിടെ വന്ന പല ചിത്രങ്ങൾക്കും സൂപ്പർ ഹിറ്റിലേക്ക് കുതിക്കാൻ കഴിഞ്ഞില്ല. 12 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിനൊപ്പം ചെയ്ത എലോൺ പോലും പരാജയമായി മാറുകയായിരുന്നു.

ഇപ്പോഴിതാ, ആ പരാജയത്തിൽ ഷാജി കൈലാസിനേയും ആന്റണി പെരുമ്പാവൂരിനെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ ലൈറ്റ്‌സ് ആക്ഷൻ ക്യാമറ എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയിലാണ് സംവിധായകനും നിർമ്മാതാവിനുമെതിരെയുളള രൂക്ഷ വിമർശനം.

'എലോണിനെ കുറിച്ച് ഷാജി കൈലാസ് പറയുന്നത് ലാൽ സാർ ഇതുപോലെ ഒന്ന് ഇനി ചെയ്യില്ലെന്ന് ആണ്. ശരിയാണ്. മോഹൻലാൽ ഇത് പോലെയെന്ന് ചെയ്യില്ല. അത് സത്യമാണ്. കാരണം മോഹൻലാലിനെ പോലൊരു നടനെ കിട്ടിയിട്ട് ഷാജി കൈലാസും ആന്റണി പെരുമ്പാവൂരും ഈ ക്രൂരത ചെയ്യാൻ പാടില്ലായിരുന്നു. മോഹൻലാലിൻറെ സമ്മതത്തോടെയാകും ചെയ്തത്. അതും ഈ കൊറോണ കാലത്ത്. ആർത്തി കൊണ്ട് ചെയ്തതാണ് എന്നെ ഞാൻ പറയൂ,'

'ആന്റണിയും അത് ചെയ്യാൻ പാടില്ലായിരുന്നു. മോഹൻലാൽ പറയണമായിരുന്നു എന്റെ ശരീരം ഇങ്ങനെ വിറ്റെടുക്കണ്ടാന്ന്. അതുപോലൊരു ദുരന്തമാണ് എലോൺ. ഇങ്ങനെ പോയാൽ നിങ്ങൾ എല്ലാവരും കൂടി അദ്ദേഹത്തെ ഷെഡ്‌ഡിലാക്കുമെന്ന് ഉറപ്പാണ്. 12 വർഷത്തിന് ശേഷം മോഹൻലാലിനെ വെച്ച് ചെയ്ത എലോൺ ഫ്ലോപ്പായെന്ന് ഷാജി കൈലാസ് സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്,'
'സ്വർണ മുട്ടയിടുന്ന താറാവിനെ കൊല്ലരുത്. മോഹൻലാൽ ചെയ്യുമ്പോൾ സീരിയലിനും താഴെയുള്ള സിനിമകൾ ചെയ്യരുത്. തിയേറ്ററിലേക്ക് കൊടുക്കണമെന്നത് ആന്റണിയുടെ തീരുമാനം ആണെന്ന് ആണ് ഷാജി കൈലാസ് പറയുന്നത്. ആന്റണി മലയാളികൾക്ക് ബുദ്ധിയുണ്ട്. ആളില്ലാത്ത കൊണ്ട് രണ്ടാമത്തെ ഷോ നടക്കാതെ പോയ സിനിമയാണ് എലോൺ. ആന്റണിക്ക് ഒക്കെ അഭിമാനത്തോടെ ഇനി അത് പറയാം,'

'മഞ്ജു വാര്യരുടെയും പൃഥ്വിരാജിന്റേയും ശബ്ദം വേണ്ടെന്ന് പറഞ്ഞപ്പോൾ ആന്റണി ആണ് അത് വേണമെന്ന് പറഞ്ഞത് എന്ന് പറയുന്നുണ്ട്. സംവിധായകരുടെ വില ഒന്ന് നോക്കിക്കേ. ഇത് സംവിധായകന്റെ ഗതികേടാണ്. ഷാജി കൈലാസേ ഇത്തരം രഹസ്യങ്ങൾ പുറത്ത് പറയരുത്. നിങ്ങളുടെ വില പോകും. പൊട്ടിപൊളിഞ്ഞ മൂന്ന് സിനിമകളുടെ സ്ക്രിപ്റ്റ് എഴുതിയ രാജേഷ് ജയരാമനെ കൊണ്ട് സ്ക്രിപ്റ്റ് എഴുതിക്കരുത് എന്ന സാമാന്യ ബോധം കാണിക്കാമായിരുന്നു,'

'കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർ താരത്തിന്റെ സിനിമ ഒരുകോടി പോലും നേടിയില്ലെന്ന് പറയുന്നത് മോശം അവസ്ഥയാണ്. മോഹൻലാലിനോട് എനിക്ക് പറയാനുള്ളത്. ആന്റണിയുടെ സജഷൻ നിങ്ങൾ കേട്ടോളു. പക്ഷെ കഥ കേൾക്കുന്ന പരിപാടിയിൽ നിന്നെങ്കിലും ഒഴിവാക്കണം,'
'അടുത്തിടെ രോമാഞ്ചം കാണാൻ പോയി. പടത്തിന്റെ ഇന്റർവെലിന് സ്പടികത്തിന്റെ ട്രെയിലർ കാണിച്ചു. യുവാക്കളൊക്കെ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. മോഹൻലാലിനെ മലയാളിക്ക് മടുത്തിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണത്. അദ്ദേഹത്തിന്റെ ജനപ്രീതി ഒരു കോട്ടവും വന്നിട്ടില്ല എന്ന് തെളിയിക്കുന്നത് ആണത്. എന്നാൽ ആ ബോധം ഇല്ലാത്തത് അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന ആന്റണി പെരുമ്പാവൂരിന് മാത്രമാണ്,' ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications