മഹേഷിന്റെ പ്രതികാരത്തിൽ നായികയാകേണ്ടിയിരുന്നത് സായ് പല്ലവി; മായാനദിയിലും മറ്റൊരാൾ: സന്തോഷ് ടി കുരുവിള
പ്രേമം എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് സായ് പല്ലവി. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ് സായ് പല്ലവി ഇന്ന്. പ്രേമത്തിന്റെ ഗംഭീര വിജയമാണ് സായ് പല്ലവിയുടെ കരിയറിൽ വഴിത്തിരിവായത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിലെ സായ് പല്ലവിയുടെ മലർ എന്ന കഥാപാത്രത്തെ തെന്നിന്ത്യ ഒട്ടാകെ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം അവസരങ്ങൾ മികച്ച അവസരങ്ങൾ സായ് പല്ലവിയെ തേടി എത്തുകയായിരുന്നു.
പ്രേമത്തിലൂടെ സ്വപ്ന തുല്യമായ തുടക്കം ലഭിച്ച സായ് പല്ലവി പിന്നീട് അഭിനയിച്ചത് ദുൽഖർ സൽമാൻ നായകനായ കലി എന്ന സിനിമയിലാണ്. എന്നാൽ സായ് പല്ലവിയുടെ രണ്ടാമത്തെ ചിത്രമാകേണ്ടിയിരുന്നത് കലി ആയിരുന്നില്ല. മലയാളത്തിലെ മറ്റൊരു സൂപ്പർ ഹിറ്റായ മഹേഷിന്റെ പ്രതികാരം ആയിരുന്നു. ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായെത്തിയ ചിത്രത്തിലേക്ക് നായികയായി ആദ്യം കാസ്റ്റ് ചെയ്തിരുന്നത് സായ് പല്ലവിയെ ആയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് സന്തോഷ് ടി കുരുവിള.

സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് നിർമാതാവിന്റെ വെളിപ്പെടുത്തൽ. മായാനദി എന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയതിന് പിന്നിലെ കഥപറയുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'മായനദിയിൽ അഭിനയിക്കേണ്ടത് ഐശ്വര്യ ലക്ഷ്മി അല്ലായിരുന്നു. ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് ആലപ്പുഴക്കാരിയായ ഒരു പുതുമുഖ നടിയെയാണ്. ആ കുട്ടിക്ക് കോസ്റ്റും നൽകിയപ്പോൾ സ്ലീവ്‌ലെസ് ഇടാൻ കഴിയില്ലെന്ന് പറഞ്ഞു. ആ ചിത്രത്തിൽ ഐശ്വര്യയുടെ വസ്ത്രം കൂടുതൽ സ്ലീവ്‌ലെസ് വസ്ത്രങ്ങളാണ്. അങ്ങനെ ആ കുട്ടി പല മുടക്കുകളും പറഞ്ഞത് കൊണ്ടാണ് ആ കുട്ടിയെ മാറ്റി ഐശ്വര്യ ലക്ഷ്മിയെ ഇതിലേക്ക് കൊണ്ടുവന്നത്',
'മഹേഷിന്റെ പ്രതികാരത്തിലും ഇതുപോലെ അപർണ ബാലമുരളി അല്ലായിരുന്നു സിനിമയിലെ ആദ്യത്തെ നായിക. ഞാൻ ആദ്യം അഡ്വാൻസ് ചെക്ക് നൽകിയത് സായ് പല്ലവിക്കാണ്. അൻവർ റഷീദ് പുള്ളിയുടെ പടം കഴിഞ്ഞ ശേഷം (പ്രേമം), നല്ല നടിയാണ് കയ്യോടെ അഡ്വാൻസ് കൊടുത്തോളു എന്ന് എന്നോട് പറഞ്ഞതനുസരിച്ചാണ് കൊച്ചിയിലെ ഇന്റർനാഷണൽ ഹോട്ടലിന്റെ മുന്നിൽ വെച്ച് ചെക്കെഴുതി ഞാൻ കൊടുക്കുന്നത്',
'അൻവറിന്റെ പടം വലിയ ഹിറ്റായി. പക്ഷെ ആ കുട്ടിക്ക് എന്തോ പരീക്ഷയോ മറ്റോ ആയിട്ട് ജോർജിയയിൽ ആയിപ്പോയി. നമുക്ക് സിനിമ നീട്ടി വയ്ക്കാൻ യാതൊരു താല്പര്യവും ഇല്ലാത്തത് കൊണ്ട് നമ്മൾ കൊണ്ടുവന്ന നടിയാണ് അപർണ ബാലമുരളി. അവരിപ്പോൾ നാഷണൽ അവാർഡ് വരെ വാങ്ങിച്ചു', സന്തോഷ് ടി കുരുവിള പറഞ്ഞു.

ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ കാസ്റ്റിങ് മാറിയതിന്റെ കുറിച്ചും സന്തോഷ് ടി കുരുവിള അഭിമുഖത്തിൽ സംസാരിച്ചു. 'ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ മജിസ്‌ട്രേറ്റ് ആകേണ്ടിയിരുന്നത് വിനയ് ഫോർട്ടാണ്. വിനയ് ഫോർട്ടിന്റെ ഡേറ്റ് ഞങ്ങൾ വാങ്ങിയതാണ്. എന്നാൽ സിനിമയുടെ പ്രീ ഷൂട്ടിൽ കുഞ്ഞികൃഷ്ണൻ മാഷ് നന്നായി ചെയ്തതുകൊണ്ട് അദ്ദേഹത്തിന് തന്നെ ആ വേഷം നൽകുകയായിരുന്നു',
'രാജേഷ് മാധവൻ ചെയ്ത റോൾ ചെയ്യാഞ്ഞിരുന്നത് സൈജു കുറുപ്പാണ്. ടീച്ചറുടെ റോൾ ചെയ്യാൻ ഇരുന്നത് ഗ്രേസ് ആന്റണിയാണ്. മന്ത്രിയുടെ വേഷത്തിൽ ജാഫർ ഇടുക്കി ആയിരുന്നു. പ്രീ ഷൂട്ടിൽ ഇവരൊക്കെ നന്നായി ചെയ്തതോടെ ഒരുപാട് മാറ്റങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വരുത്തിയതാണ്. സിനിമ പ്രീഷൂട്ട് ചെയ്ത് വന്നപ്പോൾ അൽപം സമയം എടുത്തു. ഇതോടെ പലരുടെയും ഡേറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി. പിന്നീട് ആ ഡേറ്റിലേക്ക് ഇവരെയൊക്കെ കൊണ്ടുവരാൻ നമ്മൾ പരിശ്രമിച്ചില്ല എന്നതും ഉണ്ട്', സന്തോഷ് ടി കുരുവിള പറഞ്ഞു.


Click it and Unblock the Notifications