ഒരു കോടി ചിലവിലാണ് ആ പാട്ട് ചിത്രീകരിച്ചത്; ലൊക്കേഷൻ കണ്ട് കഥ മാറ്റിയ സിനിമയായിരുന്നു: സേതു
സേതുവിന്റെ സ്ക്രിപ്റ്റിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് 'കസിൻസ്.' വിലയ ക്യാൻവാസിൽ ചിത്രീകരിച്ച ചിത്രമായിരുന്നു അത്. 2014ൽ റിലീസ് ചെയ്ത ചിത്രം തിയേറ്ററിൽ വലിയ വിജയമായിരുന്നില്ല. എങ്കിലും ഇപ്പോഴും കസിൻസ് ഇഷ്ടമുള്ള പ്രേക്ഷകരുണ്ട്. ഫ്ലേവേഴ്സ് ആദ്യമായി സാറ്റ്ലൈറ്റ് റൈറ്റ്സ് എടുത്ത ചിത്രമാണ് കസിൻസ്. ചിത്രത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങൾ മാസ്റ്റർ ബിൻ ചാനലിലൂടെ സ്ക്രിപ്റ്റ് റൈറ്റർ സേതു പറയുന്നു.
"കസിൻസ് ചെയ്യുമ്പോൾ ആ ലൊക്കേഷൻ കണ്ടിട്ട് കഥ മാറ്റിയിട്ടുണ്ട്. ആദ്യം ഇതിന്റെ സെക്കന്റ് ഹാഫ് ഒരു ഹൊറർ കോമഡിയായിട്ട് ചിത്രീകരിക്കാനായിരുന്നു വിചാരിച്ചത്. അതിനു വേണ്ടി ഫുൾ സ്ക്രിപ്റ്റും തയ്യാറായിരുന്നു. പക്ഷേ ലൊക്കേഷൻ കാണാൻ പോയപ്പോൾ ബാഗ്ലൂർ പാലസ് കണ്ടപ്പോഴാണ് ഹൊറർ കോമഡി ഒഴിവാക്കി ഫാന്റസി കൊണ്ടു വരാം എന്ന് തീരുമാനിക്കുന്നത്. കരിയറിൽ ആദ്യമായിട്ടാവും ഒരു ലൊക്കേഷൻ കണ്ട് ഭ്രമം തോന്നിയിട്ട് കഥ മാറ്റി എഴുതുന്നത്.

സംവിധായകൻ വൈശാഖിന്റെ നിർദ്ദേശമായിരുന്നു ഇത്തരത്തിൽ കഥയിൽ മാറ്റം വരുത്താൻ പ്രചോദനമായത്. പിന്നെ നാലു നായകൻമാരെ വെച്ച് സിനിമ ചെയ്യുന്നത് ഒരു സക്സസ് ഫോർമുല ആയിരുന്നു. അങ്ങനെ വന്ന സിനിമകളെല്ലാം വിജയിച്ചിട്ടുമുണ്ട്. കസിൻസിലും അതേ ഫോർമാറ്റ് പ്രയോഗിച്ചു. അന്ന് ഏകദേശം മൂന്നര കോടി രൂപയോളം ബോക്സ്ഓഫീസിൽ നിന്ന് നേടിയിട്ടുണ്ട്. പക്ഷേ ആ സിനിമ ഒരു വിജയമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. സിനിമ കണ്ട് ഇഷ്ടപ്പെട്ടവർ ഒരുപാട് പേരുണ്ട്.
ഒരാഴ്ച കൊണ്ടാണ് സ്ക്രിപ്റ്റിൽ മാറ്റം വരുത്തി ഫാന്റസി ലൈനിലാക്കിയത്. ഫാന്റസി അത്രയും ചെയ്ത് ഫലിപ്പിക്കാൻ ആർക്കും സാധിച്ചിട്ടില്ല. അതിനാൽ ഓവർ കോൺഫിഡൻസ് ഉണ്ടായിരുന്നു. പക്ഷേ പ്രതീക്ഷിച്ച പോലെയല്ല സംഭവിച്ചത്. ഒരു പാട്ട് ഷൂട്ട് ചെയ്യാൻ ഒരു കോടി രൂപ മുതൽമുടക്കിയിട്ടുണ്ട്. അത് വലിയ വാർത്തായി വന്നിരുന്നു. ലൊക്കേഷനു വേണ്ടി കഥ മാറ്റിയത് വലിയ തെറ്റായെന്ന് പിന്നീടാണ് മനസിലായത്. ഹൊറർ കോമഡി തന്നെ ചെയ്തിരുന്നുവെങ്കിൽ തീർച്ചയായും അതൊരു വലിയ വിജയം ആവും." സേതു പറയുന്നു.

കസിൻസ് ചെയ്യുമ്പോൾ നാലു നായകൻമാർ വേണമെന്നത് ഒരു മനപ്പുർവ്വമായി എടുത്ത തീരുമാനമായിരുന്നെന്ന് സേതു പറഞ്ഞു. ആ സമയത്ത് ഇത്തരം സിനിമകൾ വിജയമായിരുന്നു. കസിൻസിലെ നാലു പേരിൽ ജോജു ജോർജിനെ കൊണ്ടു വന്നതിനും കൃത്യമായ കാരണമുണ്ട്. മല്ലുസിംഗ് മുതൽ വൈശാഖിനോടും സേതുവിനോടും ജോജു ജോർജ് അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടായിരുന്നു. ആ ബന്ധത്തിന്റെ പുറത്താണ് ജോജുവിനെ കസിൻസിലേക്ക് കൊണ്ടു വന്നതെന്ന് സേതു കൂട്ടിച്ചേർത്തു.
സച്ചിയും സേതുവും വഴക്കിട്ട് പിരിഞ്ഞവർ അല്ല. ഇരുവരും രണ്ട് രീതിയിൽ സിനിമ ചെയ്തപ്പോൾ പോലും ഒരുമിച്ച് ഒരു സിനിമയിൽ പ്രവർത്തിക്കണമെന്ന് പ്ലാൻ ഉണ്ടായിരുന്നു. അത്തരത്തിൽ ചർച്ചകളും നടന്നിരുന്നു. എന്നാൽ എല്ലാം നടക്കാതെ പോയി. അരയങ്കോളി എന്ന കഥ സേതു എഴുതി സച്ചി സംവിധാനം ചെയ്യുന്ന ഒരു സിനിമയായിരുന്നു അത്. അയ്യപ്പനും കോശിക്കും ശേഷം ചെയ്യാനായിരുന്നു ആഗ്രഹം. അതൊരു വലിയ പ്രൊജക്ട് ആയിരുന്നു. സേതു പറയുന്നു.


Click it and Unblock the Notifications











