ആദ്യം ഒരു പ്രണയ കഥയായിരുന്നു; തിരക്കഥയിൽ ഇല്ലാത്ത പലതും സിനിമയിൽ വന്നു: എഴുത്തുകാരൻ രാജേഷ് രാഘവൻ
രാജേഷ് രാഘവൻ എന്ന പേര് മലയാളികൾക്ക് അത്ര പരിചിതമല്ല. പക്ഷേ അദ്ദഹത്തിന്റെ സിനിമകൾ പലതും പ്രേക്ഷകരുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണ്. വാദ്ധ്യാർ, 3 ഡോട്ട്സ്, ഒന്നും മിണ്ടാതെ, അരവിന്ദന്റെ അതിഥികൾ, പവി കെയർ ടെയ്ക്കർ എന്നീ സിനിമകൾക്ക് കഥയും തിരക്കഥയും ഒരുക്കിയത് പത്രപ്രവർത്തകനായ രാജേഷ് രാഘവനാണ്. ഇങ്ങനെയൊരു പേര് ശ്രദ്ധിക്കാതെ പോയതിനും പല തരം കാരണങ്ങളുണ്ട്. മറ്റു സിനിമാക്കാരെ പോലെ ഒരു തനി സിനിമാക്കാരനല്ല രാജേഷ്.
അദ്ദേഹം മാതൃഭൂമിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കാലത്തായിരുന്നു സിനിമയിലേക്ക് എത്തിയത്. പക്ഷേ സിനിമ ഒരിക്കലും അദ്ദേഹത്തെ ഭ്രമിപ്പിച്ചിട്ടില്ല. അതുകൊണ്ടാവാം ഇപ്പോഴത്തെ പ്രമോഷൻ വീഡിയോകൾ പോലെ സ്വയം പ്രമോട്ട് ചെയ്യാൻ രാജേഷ് രാഘവൻ ശ്രമിക്കാത്തത്. സിനിമകൾ റിലീസ് ചെയ്യുമ്പോൾ പ്രമോഷൻ വീഡിയോകൾ ചെയ്യുന്നത് ഇന്ന് ഒരു ട്രെന്റാണ്. എന്നാൽ അതെല്ലാം സിനിമയേക്കാൾ കൂടുതൽ ആ താരങ്ങളെ പ്രമോട്ട് ചെയ്യുകയാണ് എന്നാണ് രാജേഷ് പറയുന്നത്. വിശേഷങ്ങളുമായി മാസ്റ്റർ ബിൻ ചാനലിലൂടെ രാജേഷ് രാഘവൻ സംസാരിക്കുന്നു.

"ആദ്യം ചെയ്യുന്നത് 'വാദ്ധ്യാർ' എന്ന സിനിമയാണ്. എന്റെ അടുത്ത സുഹൃത്തായിരുന്നു വാദ്ധ്യാർ സിനിമയുടെ സംവിധായകൻ 'നിധീഷ് ശക്തി'. അദ്ദേഹം മാതൃഭൂമിയിലെ സംജാദ് നാരായണനെ കാണാൻ വേണ്ടി ഒരിക്കൽ ഓഫീസിൽ വന്നിരുന്നു. നിധീഷിന്റെ സിനിമയെ കുറിച്ച് സംസാരിക്കാൻ ആയിരുന്നു. പക്ഷേ ആ പ്രൊജക്ട് നടന്നില്ല. മകന്റെ അച്ഛന്റെ എഴുത്തുകാരനാണ് സംജാദ്. അങ്ങനെ എന്റെ മനസിൽ ഉണ്ടായിരുന്ന ഒരു കഥ ഞാൻ നിധീഷിനോട് പറയുകയും അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തു. അതൊരു പ്രണയകഥയായിരുന്നു.
അവസാനം പല കാരണങ്ങളാൽ അതും നടന്നില്ല. പിന്നീട് ഞാൻ തിരുവല്ലയിലേക്ക് ട്രാൻസ്ഫറായി. ഒരിക്കൽ സീഡ് എന്ന പരിപാടിയുടെ ഭാഗമായി ഒരു സ്കൂളിൽ പോയി. അവിടെ ചെന്നപ്പോൾ മുഴുവൻ അധ്യാപകരും സ്ത്രീകൾ. പ്യൂൺ ഒഴിച്ച് എല്ലാവരും സ്ത്രീകളാണ്. അയാളെയാണ് എല്ലാ കാര്യത്തിനും ഇവർ വിളിക്കുന്നത്. ഈ കാഴ്ചയിൽ നിന്നാണ് വാദ്ധ്യാർ എന്ന സിനിമയുടെ ത്രെഡ് വരുന്നത്. പ്യൂണിനു പകരം ചെറുപ്പക്കാരനായ അധ്യാപകനായി മാറി."
വാദ്ധ്യാർ ഒരു വലിയ വിജയമായിരുന്നില്ല. എന്നാൽ 2012ൽ അത്യാവശ്യം ഓളം ഉണ്ടാക്കാൻ ആ സിനിമക്ക് സാധിച്ചു. ജയസൂര്യയായിരുന്നു ചിത്രത്തിലെ നായകൻ. നിധീഷ് ശക്തിയും രാജേഷ് രാഘവനും ചേർന്ന് ജയസൂര്യയെ നേരിട്ട് കണ്ട് കഥയുടെ ആശയം പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷേ അദ്ദേഹത്തിന് തിരക്കഥ വായിക്കണമെന്ന് പറഞ്ഞു. പല തിരക്കഥാകൃത്തുക്കളെ സമീപിച്ചെങ്കിലും പലർക്കും പല ഡിമാന്റുകൾ ഉണ്ടായിരുന്നു. അവസാനം നിധീഷിന്റെ നിർബന്ധത്തെച്ചൊല്ലിയാണ് രാജേഷ് രാഘവൻ വാദ്ധ്യാരുടെ തിരക്കഥ എഴുതുന്നത്.

സിനിമയുമായി ഒരുബന്ധവുമില്ലാത്ത രാജേഷ് രാഘവൻ സിനിമക്കു വേണ്ടി തിരക്കഥ എഴുതാൻ തയ്യാറായെങ്കിലും അതിന്റെ സ്റ്റൈൽ എങ്ങനെയാണെന്ന കൺഫ്യൂഷൻ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അങ്ങനെ തിരക്കഥ പഠിക്കുവാനായി കാഴ്ച സിനിമയുടെ തിരക്കഥ ബുക്ക് തന്നെ വാങ്ങി വായിച്ച് മനസിലാക്കിയിട്ടാണ് വാദ്ധ്യാർ സിനിമയുടെ കഥ ഉണ്ടാവുന്നത്.
"സിനിമ 2012ൽ നിധീഷ് ശക്തി സംവിധാനം ചെയ്തുവെങ്കിലും ചില അനാവശ്യ ചേരുവകൾ ചിത്രത്തിൽ പിന്നീട് ചേർത്തു. പ്രൊഡക്ഷൻ സൈഡിൽ നിന്നും വന്ന നിർദ്ദേശങ്ങളായിരുന്നു അതെല്ലാം. എന്റെ തിരക്കഥയിൽ എഴുതപ്പെടാത്ത അത്തരം കാര്യങ്ങളെല്ലാം സിനിമക്ക് മോശം രീതിയിൽ തന്നെയാണ് ബാധിച്ചത്." രാജേഷ് രാഘവൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











