കാന്‍സര്‍ ആണെന്ന് അറിഞ്ഞിരുന്നു, വിളിക്കാന്‍ മടിയായിരുന്നു; വിശ്വസിക്കാനാവുന്നില്ലെന്ന് സീമ ജി നായര്‍
നടന്‍ മേഘനാഥന്റെ മരണ വാര്‍ത്തയിലേക്കാണ് ഇന്ന് മലയാളികള്‍ ഉറക്കമുണര്‍ന്നത്. വില്ലന്‍ വേഷങ്ങളിലൂടേയും ക്യാരക്ടര്‍ റോളുകളിലൂടേയുമെല്ലാം കയ്യടി നേടിയ നടനായിരുന്നു മേഘനാഥന്‍. വിഖ്യാത നടന്‍ ബാലന്‍ കെ നായരുടെ മകനാണ് മേഘനാഥന്‍. ഇപ്പോഴിതാ മേഘനാഥനെക്കുറിച്ച് നടി സീമ ജി നായര്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഫെയ്‌സ്ബുക്കിലൂടെയാണ് നടന് ആദരാഞ്ജലികളുമായി സീമ ജി നായരെത്തിയത്. അവിശ്വസനീയമായ വാര്‍ത്ത എന്നാണ് നടന്റെ വിയോഗത്തെക്കുറിച്ച് സീമ ജി നായര്‍ പറയുന്നത്. കഴിഞ്ഞ ദിവസവും താന്‍ മേഘനാഥനെക്കുറിച്ച് മറ്റൊരാളോട് സംസാരിച്ചിരുന്നുവെന്നാണ് സീമ ജി നായര്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

'ആദരാഞ്ജലികള്‍. ഏറ്റവും പ്രിയപ്പെട്ട മേഘനാഥന്‍ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാര്‍ത്ത കേട്ടാണ് ഉറക്കമുണര്‍ന്നത് ..വിശ്വസിക്കാന്‍ പറ്റുന്നില്ല ..ഇന്നലെ ലൊക്കേഷനില്‍ നിന്നും വരുമ്പോള്‍ വണ്ടി ഓടിച്ച ബീഫ്ളിനുമായി മേഘന്റെ കാര്യം സംസാരിച്ചിരുന്നു ..മേഘന്റെ കൂടെ വര്‍ക്ക് ചെയ്തകാര്യവും മറ്റും ..അത്രക്കും പാവം ആയിരുന്നു. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യന്‍. സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ്.''
എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല. ഇന്നിപ്പോള്‍ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂര്‍ അല്ലെ ഷൂട്ട്.അവിടെ അടുത്താണ് വീടെന്ന്.എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി.കാന്‍സര്‍ ആണെന്ന് അറിഞിരുന്നു.അത് സ്ഥിരീകരിക്കാന്‍ അങ്ങോട്ടൊന്നു വിളിക്കാന്‍ മടിയായിരുന്നു.കുറച്ചു നാള്‍ക്കു മുന്നേ എന്നെ വിളിച്ചിരുന്നു.ഏതോ അത്യാവശ്യമായി നിന്നപ്പോള്‍ ആണ് ആ വിളി വന്നത്.ശരിക്കൊന്നു സംസാരിക്കാന്‍ പറ്റിയില്ല ..ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ. ഈശ്വര എന്താണ് എഴുതേണ്ടത്.എന്താണ് പറയേണ്ടത് എന്നു പറഞ്ഞാണ് സീമ ജി നായര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മേഘനാഥന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. അന്‍പതിലധികം സിനിമകളിലും നിരവധി സീരീയലുകളിലും അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ആദ്യം ശ്രദ്ധ നേടുന്നത്. പിന്നീട് ക്യാരക്ടര്‍ റോളുകളിലും കയ്യടി നേടുകയായിരുന്നു.
1983ല്‍ പുറത്തിറങ്ങിയ അസ്ത്രം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പഞ്ചാഗ്നി, ചെങ്കോല്‍, ചമയം, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, ന്യൂസ് പേപ്പര്‍ ബോയ്, ഒരു മറവത്തൂര്‍ കനവ്, ക്രൈം ഫയല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഉത്തമന്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2022 ല്‍ പുറത്തിറങ്ങിയ കൂമന്‍ ആണ് ഒടുവില്‍ അഭിനയിച്ച സിനിമ.
മേഘനാഥന് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. സിനിമകളില്‍ ചെയ്തത് അധികവും വില്ലന്‍ വേഷങ്ങളായിരുന്നുവെങ്കിലും ജീവിതത്തില്‍ അധികം സംസാരിക്കാത്ത, പാവത്താനായിരുന്നു മേഘനാഥനെന്നാണ് അടുത്തറിയുന്നവർ പറയുന്നത്. കൂടെ അഭിനയിച്ചവരും അടുത്തറിയുന്നവരുമൊക്കെ താരത്തെക്കുറിച്ചുള്ള ഓർമ്മകള്‍ പങ്കുവച്ചിരുന്നു. അതേസമയം മേഘനാഥനെ മലയാള സിനിമ വേണ്ടത് പോലെ ഉപയോഗിച്ചില്ലെന്ന വിമർശനവും ചിലർ ഉയർത്തുന്നുണ്ട്.


Click it and Unblock the Notifications











