അച്ഛന്‍ ചുമന്ന ചുമടുകളത്രയും സ്വപ്നങ്ങള്‍ ആയിരുന്നു, ഏറ്റവും കൂടുതല്‍ വലച്ചിട്ടുള്ളത് ഞാനാണ്: സീമ ജി നായര്‍
മലയാളികള്‍ക്ക് സുപരിചിതയാണ് സീമ ജി നായര്‍. നാടകത്തിലൂടെയാണ് സീമ ജി നായര്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ ടെലിവിഷന്‍ സ്‌ക്രീനിലെത്തി. തുടര്‍ന്ന് സിനിമയിലും മുന്നൂറോളം പരമ്പരകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും സീമ ജി നായര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ വേറിട്ട ശബ്ദവും അഭിനയ മികവുമൊക്കെയാണ് സീമയെ വ്യത്യസ്തയാക്കുന്നത്.
അതേസമയം തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലൂടേയും സീമ ജി നായര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സിനിമ-സീരിയല്‍ രംഗത്തേയും പൊതുസമൂഹത്തിലേയും കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് താങ്ങായി പലപ്പോഴും സീമ എത്തിയിട്ടുണ്ട്. സീരിയല്‍ താരം ശരണ്യ, ബീന കുമ്പളങ്ങി, നന്ദു തുടങ്ങി സീമയുടെ സഹായം ലഭിച്ചവര്‍ നിരവധിയാണ്.

ഇപ്പോഴിതാ സീമ ജി നായര്‍ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്റെ അച്ഛനെക്കുറിച്ചുള്ള സീമയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഫാദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ടാണ് സീമ അച്ഛനെക്കുറിച്ച് എഴുതിയത്. തന്റെ ചേച്ചിയെ ഒരു ഗായികയാക്കിയത് അച്ഛനാണെന്നാണ് സീമ പറയുന്നത്. അച്ഛന്‍ മരിച്ചിട്ട് 40 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നും സീമ പറയുന്നുണ്ട്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ശുഭദിനം. ഇന്ന് ഫാദേഴ്‌സ് ഡെ. അച്ഛനില്ലെങ്കില്‍ അമ്മയില്ല. അമ്മയില്ലാതെ അച്ഛനില്ല .ഇവര്‍ രണ്ടുപേരുമില്ലെങ്കില്‍ നമ്മളില്ല. അമ്മയുടെ വാത്സല്യവും , അച്ഛന്റെ കാര്‍ക്കശ്യതയുമാണ് നമ്മളെ വാര്‍ത്തെടുക്കുന്നത്.അച്ഛന്‍ ചുമന്ന ചുമടുകളത്രയും സ്വപ്നങ്ങള്‍ ആയിരുന്നു. എന്റെ ചേച്ചി അറിയപ്പെടുന്ന ഒരു ഗായികയായി തീര്‍ന്നത് അച്ഛന്റെ കഷ്ടപ്പാട് കൊണ്ട് മാത്രമായിരുന്നു. ഒന്‍പതാമത്തെ വയസ്സില്‍ കേരള സംഗീത നാടക അക്കാദമി ഗോള്‍ഡ് മെഡല്‍ വിന്നര്‍ ആയിരുന്നു ചേച്ചി. അതിന്റെ ഫുള്‍ ക്രെഡിറ്റും അച്ഛനുള്ളതാണ്.
ചേച്ചി എപ്പോളും പറഞ്ഞു കേട്ടിട്ടുണ്ട് അച്ഛന്‍ ചേച്ചിയെ പ്രാക്ടീസ് ചെയ്യുന്നതിനെ കുറിച്ച്. എന്നാല്‍ അച്ഛന്‍ ഗായകനോ,കലാകാരനോ ആയിരുന്നില്ല. പക്ഷെ നല്ല കലാസ്വാദകന്‍ ആയിരുന്നു. അച്ഛനെ ഏറ്റവും കൂടുതല്‍ വലച്ചിട്ടുള്ളത് ഞാനാണ്.അത്രയും കുസൃതി ആയിരുന്നു.അച്ഛന്റെ കടയിലെ പണപെട്ടിയില്‍ നിന്ന് പൈസ മോഷ്ടിക്കുന്നത് മുഖ്യ ഹോബി. പക്ഷെ 86ല്‍ അച്ഛന്‍ ഞങ്ങളെ വിട്ട് പിരിഞ്ഞു.അമ്മയായിരുന്നു അച്ഛന്റെ ശക്തി. അച്ഛന്‍ പോയിട്ട് 40 വര്‍ഷങ്ങള്‍ കഴിഞ്ഞു.

പക്ഷെ ഇന്നലെയെന്ന പോലെ എല്ലാം മനസിലുണ്ട്. ചിലപ്പോള്‍ ആലോചിക്കും എന്താണ് ജീവിതം എന്ന്. മരണം സത്യമാണ്. നമ്മള്‍ ആഗ്രഹിച്ചാല്‍ പോലും തിരികെ ഒന്ന് വരാന്‍ കഴിയില്ലല്ലോ. എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാമെന്നു പോലും കരുതാന്‍ പറ്റില്ലല്ലോ. ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം സ്വാതന്ത്ര്യത്തിനുവേണ്ടി ഓള്‍ഡ് ഏജ് ഹോമുകളീല്‍ കൊണ്ട് അച്ഛനെയും അമ്മയെയും തള്ളുന്ന മക്കള്‍ക്കറിയില്ലല്ലോ. മക്കളെ മക്കളാക്കാന്‍ അവര്‍ അനുഭവിച്ച കഷ്ടപാടുകള്‍.എല്ലാ അച്ചന്മാര്‍ക്കും എന്റെ ആശംസകള്‍.
എന്റെ ചേച്ചിയുടെയും ,അണ്ണന്റെ കൂടെയും ഉള്ള ഫോട്ടോസ് ആണിത്. ഞങ്ങള്‍ മക്കള്‍ മൂന്ന് പേര്‍, എന്നു പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് സീമയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications